സീരിയല്‍ താരമായിരുന്ന രശ്മി സോമന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞയാഴ്ചയായിരുന്നു വിവാഹം. വരന് ഗള്‍ഫിലാണ് ജോലി. വളരെ രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ വിളിച്ചിരുന്നുള്ളൂ. ഗുരുവായൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്താണ് രശ്മിയുടെ വീട്. അതുകൊണ്ടുതന്നെ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വിവാഹസംഘമെത്തിയത്. കുറച്ചുനാളുകള്‍ കേരളത്തില്‍ താമസിച്ചശേഷം രശ്മിയും ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകുമെന്നറിയുന്നു.
പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മഗ്‌രിബി'ലൂടെ സിനിമയിലെത്തിയ രശ്മി 'ഇഷ്ടമാണ് നൂറുവട്ട'ത്തിലൂടെയാണ് നായികയായത്. എ.എം.നസീര്‍ എന്ന സംവിധായകന്റെ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സംവിധായകനും നടിയും തമ്മില്‍ പ്രണയത്തിലായി. ഒരു ദിവസം വീട്ടുകാരറിയാതെ ഒളിച്ചോടി അവര്‍ വിവാഹം കഴിച്ചു. എന്നിട്ടും അഭിനയത്തില്‍നിന്ന് രശ്മി പിന്മാറിയിരുന്നില്ല. ഭര്‍ത്താവിന്റെ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരുന്നു. പതുക്കെപ്പതുക്കെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് വേര്‍പിരിഞ്ഞത്.
ഡൈവോഴ്‌സായിട്ടും ഇരുവരും പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇതുവരെയും കഴിഞ്ഞത്. അഭിമുഖത്തിനായി വരുന്നവരോട് ഇരുവരും ആദ്യം പറയുന്നത് ഒറ്റക്കാര്യമാണ്-വിവാഹജീവിതത്തെക്കുറിച്ച് ചോദിക്കരുത്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് ആരും എഴുതിയതുമില്ല.
രശ്മിയെക്കുറിച്ച് ചോദിച്ചാല്‍ നസീര്‍ പറയും, ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, അവള്‍ പുറത്ത് എം.ബി.എയ്ക്ക് പഠിക്കുകയാണ് എന്നാണ്. എം.ബി.എയ്ക്ക് പഠിക്കുന്ന കാര്യം സത്യമായിരുന്നു. ഒരു ജോലി എന്ന ലക്ഷ്യം വച്ചാണ് രശ്മി പഠിച്ചതും. ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. അതിനുശേഷം രശ്മി വീണ്ടും സീരിയലിലെത്തി. ടി.എസ്.സജിയുടെ പെണ്‍മനസ്സില്‍. ആ സമയത്തും വീട്ടുകാര്‍ വിവാഹാലോചന നടത്തുന്നുണ്ടായിരുന്നു.
വേര്‍പിരിഞ്ഞെങ്കിലും രശ്മി എന്നെങ്കിലും തിരിച്ചെത്തുമെന്നായിരുന്നു നസീര്‍ കരുതിയിരുന്നത്. ഇപ്പോഴും നസീറിന്റെ ഫ്‌ളാറ്റില്‍ നിറയെ രശ്മിയുടെ ഫോട്ടോകളാണ്. വിവാഹത്തിന്റെ കാര്യം നസീര്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത.
Comments