You are Here : Home / വെളളിത്തിര

'അപ്പൂപ്പന്‍ അടിച്ചിരുന്നെങ്കില്‍ പോകാമായിരുന്നു'

Text Size  

Story Dated: Wednesday, April 15, 2015 05:20 hrs UTC

മഞ്ജുപിള്ള

 




അപ്പൂപ്പനുമായി (എസ്.പി.പിള്ള) ബന്ധപ്പെട്ട ഒരു വിഷു അനുഭവം പറയാം. അന്നൊരു വിഷുദിവസം അമ്മവീട്ടിലായിരുന്നു. പത്തുവയസാണെനിക്ക്. ഏറ്റുമാനൂരിലെ തറവാട്ടുപറമ്പില്‍ ചെറിയൊരു മാവുണ്ട്. അതില്‍ നിറയെ മാങ്ങകള്‍ കണ്ടപ്പോള്‍ ഞാനും പേരമ്മയുടെ മകനും കൂടി മാവിലേക്ക് വലിഞ്ഞുകയറി. ഒരു വടിയെടുത്ത് മാങ്ങാക്കുല അടിച്ച് താഴെയിടുമ്പോഴാണ് മുറ്റത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്.
''ആരാടീ, മാവിന്റെ തുഞ്ചത്ത്?''
അപ്പൂപ്പന്‍ വിറതുള്ളിനില്‍ക്കുകയാണ്. കൈയിലൊരു വടിയുണ്ട്. കേട്ടയുടന്‍ പേടിച്ചരണ്ട് പേരമ്മയുടെ മകന്‍ മാവില്‍നിന്നു ചാടി. അപ്പൂപ്പന്‍ കാണാതെ അവന്‍ എതിര്‍വശത്തേക്ക് ഓടി. മാവില്‍ നിന്ന് താഴോട്ടുനോക്കിയപ്പോള്‍ ചാടാനൊരു പേടി. അതിനാല്‍ ഞാന്‍ പതുക്കെ ഇറങ്ങാന്‍ ശ്രമിച്ചു. അപ്പൂപ്പന്‍ മുറ്റത്തുനിന്നും അതിവേഗത്തില്‍ മാവിന്റെ താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. അപ്പൂപ്പനെ വീട്ടില്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. വികൃതി കാണിച്ചാല്‍ ഒരു മയവുമില്ലാതെ നല്ല തല്ലുകിട്ടുമെന്ന് അമ്മ പലപ്പോഴും പറയാറുണ്ട്. പേരക്കുട്ടികള്‍ പേടിച്ചരണ്ട് അടുത്തേക്കുപോലും പോവാറില്ല. പേരമ്മ പോലും വാതിലിന്റെ മറവില്‍ നിന്നുകൊണ്ടേ അപ്പൂപ്പനോട് സംസാരിക്കാറുള്ളൂ. അങ്ങനെയുള്ള ഉഗ്രപ്രതാപിയാണ് കലിതുള്ളി വരുന്നത്.
''പെണ്‍കുട്ടികള്‍ മരത്തില്‍ കയറുകയോ? ഇതെന്തൊരു കാലം?''
അപ്പൂപ്പന്റെ ശബ്ദം വീണ്ടുമുയര്‍ന്നു. ഞാന്‍ താഴേക്കിറങ്ങി. അടി ഉറപ്പാണെന്ന് അറിയാം. അപ്പോഴേക്കും അപ്പൂപ്പന്‍ താഴെയെത്തി. എന്റെ കൈയില്‍ പിടിച്ചുകൊണ്ട് നടന്നു. ഞാനപ്പോഴും ചിന്തിച്ചത് ഒരേയൊരു കാര്യമാണ്. എന്തുകൊണ്ടാണ് അപ്പൂപ്പന്‍ എന്നെ അടിക്കാതിരിക്കുന്നത്? സഹികെട്ടപ്പോള്‍ ഞാന്‍ അപ്പൂപ്പനോടുതന്നെ ചോദിച്ചു.
''അപ്പൂപ്പന്‍ അടിച്ചിരുന്നെങ്കില്‍ എനിക്കു പോകാമായിരുന്നു.''
കളിക്കാന്‍ കൂട്ടുകാര്‍ കാത്തുനില്‍ക്കുന്ന ടെന്‍ഷനില്‍ പറഞ്ഞുപോയതാണ്. അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നെയുംകൊണ്ട് നേരെ പോയത് അണ്ണന്റെ മുറുക്കാന്‍കടയിലേക്കാണ്. അവിടെനിന്നും എനിക്കു കുറെ മിഠായികളും കമ്പിത്തിരികളും വാങ്ങിച്ചുതന്നു.
''വീട്ടില്‍ച്ചെന്ന് രാത്രി കത്തിക്ക്.''
ഞാന്‍ സന്തോഷം കൊണ്ട് അപ്പൂപ്പന് ഒരുമ്മ കൊടുത്തു. അന്നുമുതല്‍ ഞാനും അപ്പൂപ്പനും തമ്മില്‍ നല്ല കമ്പനിയായി. ഞങ്ങളുടെ ചങ്ങാത്തം കണ്ടപ്പോള്‍ ഞെട്ടിപ്പോയത് അമ്മയും പേരമ്മയുമാണ്.
ഓണത്തിനും വിഷുവിനും മക്കളും പേരമക്കളും ഒന്നിച്ചുകൂടുന്നത് അപ്പൂപ്പനിഷ്ടമാണ്.
വിഷുക്കണി കണ്ടുകഴിഞ്ഞാല്‍ കൈനീട്ടം തരും. ഉച്ചയായാല്‍ പടക്കം പൊട്ടിക്കണം. അതിനുശേഷം വരാന്തയില്‍ നിരത്തി ഇലയിടും. പിന്നീട് സമൃദ്ധമായ സദ്യ. അപ്പൂപ്പന്റെ കാലശേഷം എല്ലാവരും ഒന്നിച്ചുകൂടുന്നത് അപൂര്‍വമാണ്. ആര്‍ക്കും ഒന്നിനും സമയമില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.