മലയാളികളുടെ പ്രിയപ്പെട്ട വില്ലനും സംവിധായകനും കൂടിയായ ക്യാപ്റ്റന്‍ രാജുവിന് ഇനി വിശ്രമകാലം. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് നാലുമാസക്കാലം അഭിനയം പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. അത് അവസാനിക്കുന്നത് ജൂലൈ 31നാണ്. അതിനാല്‍ ഓഗസ്റ്റ് ഒന്നിന് അദ്ദേഹം പുതിയൊരു സിനിമയില്‍ ജോയിന്‍ ചെയ്യും. ഓഗസ്റ്റ് ഒന്ന് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു തീയതിയാണ്. അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച സിനിമയാണ് മമ്മൂട്ടി നായകനായ ഓഗസ്റ്റ് ഒന്ന്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വില്ലന്‍ ക്യാപ്റ്റനാണ്. ആ ദിവസം തന്നെ തിരിച്ചുവരുന്നത് തികച്ചും യാദൃച്ഛികം. ഒരുപാടു ഭാഷകളില്‍ നിര്‍മ്മിക്കുന്ന ക്രിസ്തീയ സിനിമയില്‍ സെന്റ് ജോര്‍ജിന്റെ വേഷമാണ് ക്യാപ്റ്റന്.
കഴിഞ്ഞ മാര്‍ച്ചിലാണ് ക്യാപ്റ്റന്‍ രാജുവിന് കാഴ്ചശക്തി കുറയുന്നതുപോലെ തോന്നിയത്. ഉടന്‍ അടുത്തുള്ള ഡോക്ടറെ കണ്ടപ്പോള്‍ വിശദമായ ചെക്കപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രശ്‌നം കണ്ണിനല്ല, ഹൃദയത്തിനാണെന്ന് മനസ്സിലായത്. ഹൃദയത്തില്‍ ആറ് ബ്ലോക്കുകളാണുണ്ടായിരുന്നത്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൂടെ മാത്രമേ ഇത് ഭേദപ്പെടുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ മാര്‍ച്ച് 31ന് ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാലുമാസത്തെ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചതോടെ അദ്ദേഹത്തിന് ചില സിനിമകള്‍ ഉപേക്ഷിക്കേണ്ടിവന്നു.
ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായിരുന്ന ക്യാപ്റ്റന്‍രാജു 1981 ല്‍ 'രക്തം' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 1997ല്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തു-ഇതാ ഒരു സ്‌നേഹഗാഥ. അതില്‍ നായകനായ പുതുമുഖമാണ് ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായ വിക്രം. നായിക ലൈലയും. 2012ല്‍ 'പവനായി 99.99' എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്‌തെങ്കിലും ഇതുവരെയും റിലീസായിട്ടില്ല. അതിനുള്ള ശ്രമവും ഈ വിശ്രമകാലത്ത് നടത്തുന്നുണ്ട്, ക്യാപ്റ്റന്‍ രാജു.
Comments