You are Here : Home / വെളളിത്തിര

'ശ്രീനിവാസന്റെ മക്കളായതില്‍ അഭിമാനിക്കുന്നു'

Text Size  

Story Dated: Sunday, June 21, 2015 08:22 hrs UTC

ഇന്ന് ജൂണ്‍ 21. ഫാദേഴ്‌സ് ഡേ. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ എന്ന അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍.
 

 



എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് അച്ഛനൊരു റോള്‍ മോഡലായിരുന്നു. ശ്രീനിവാസന്‍ എന്ന പ്രശസ്തനായ അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം ഞങ്ങള്‍ മക്കള്‍ക്കും പലപ്പോഴും ലഭിക്കാറുണ്ട്. ശ്രീനിവാസന്റെ മകനല്ലേ എന്നു പറഞ്ഞുകൊണ്ടുള്ള പരിഗണനകളും സ്‌നേഹവുമേറെയാണ്.
ഏതു വിഷമാവസ്ഥയിലും ഒട്ടും ടെന്‍ഷനില്ലാതെ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ കുറച്ചുമാത്രം സംസാരിക്കുന്നത് സിനിമയെക്കുറിച്ചാണ്. ജീവിതത്തില്‍ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും നര്‍മ്മം കലര്‍ത്തിപ്പറയുമ്പോള്‍ ഒരു സിനിമ കാണുന്നതുപോലെ തോന്നിപ്പോവും. അതുകൊണ്ടാവാം അച്ഛന് എളുപ്പത്തില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ദീര്‍ഘനേരം സംസാരിക്കുന്നതും ശീലമാണ്. അതു കേട്ടുകേട്ട് ഞങ്ങളും വായന ശീലമാക്കി.  
വീട്ടിലിരുന്ന് തിരക്കഥയെഴുതുന്നത് അച്ഛന്റെ ശീലമല്ല. സന്ദര്‍ശകര്‍ വരുന്നതിനാല്‍ മറ്റെവിടെയെങ്കിലും പോയിരിക്കും. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ വീട്ടിലിരുന്നും എഴുതാറുണ്ട്. ആ സമയത്ത് അച്ഛന്റെ അടുത്തുപോലും നില്‍ക്കാറില്ല. അച്ഛന് അതിഷ്ടമല്ലായിരുന്നു.
ഏട്ടന്‍ സംവിധാനം ചെയ്യുന്ന 'തിര' എന്ന സിനിമയില്‍ ഞാന്‍ നായകനാവുന്ന കാര്യം ഏറ്റവും വൈകിയറിഞ്ഞ ആള്‍ ഒരുപക്ഷേ അച്ഛനായിരിക്കും. ഞാനോ ഏട്ടനോ പറഞ്ഞതല്ല. അമ്മയാണ് പറഞ്ഞത്.
''അവന് അതാണിഷ്ടമെങ്കില്‍ നടക്കട്ടെ.''
എന്നായിരുന്നു അച്ഛന്റെ പ്രതികരണം. ഒരിക്കലും എന്റെ ഇഷ്ടങ്ങള്‍ക്ക് അച്ഛന്‍ തടസ്സം നിന്നിരുന്നില്ല. അച്ഛനും അമ്മയ്ക്കും ഷൂട്ടിംഗ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി 'തിര'യുടെ ഷൂട്ടിംഗ് നടക്കുന്ന ബല്‍ഗാമിലേക്ക് വരാന്‍ തയാറെടുത്തതുമാണ്. അപ്പോഴേക്കും അച്ഛന് ചെറിയ അസുഖങ്ങളായി. അതുകാരണം അമ്മയ്ക്കും വരാന്‍ പറ്റാതായി.
ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛന്‍ തിരക്കുള്ള നടനായിരുന്നു. അന്ന് കൂത്തുപറമ്പിനടുത്ത പൂക്കോട്ടെ വീട്ടിലായിരുന്നു താമസം. അച്ഛന്‍ വല്ലപ്പോഴും വന്നുപോകുന്ന ആളായിരുന്നു. അന്നും ഇന്നും വീടിനെ നിയന്ത്രിക്കുന്നത് അമ്മയാണ്. അമ്മ അക്കാലത്ത് സ്‌കൂള്‍ അധ്യാപികയായിരുന്നു. രാവിലെ ഭക്ഷണമൊക്കെയുണ്ടാക്കി ഞങ്ങളെ സ്‌കൂളില്‍ പറഞ്ഞയച്ചിട്ടുവേണം അമ്മയ്ക്ക് സ്‌കൂളില്‍ പോകാന്‍. മാപ്പിളപ്പാട്ട് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോഴാണ് ഏട്ടനെ അച്ഛന്റെ സുഹൃത്തുക്കളും ശ്രദ്ധിച്ചുതുടങ്ങിയത്. ആ വാര്‍ത്തയറിഞ്ഞപ്പോള്‍ പ്രിയനങ്കിള്‍ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലേക്ക് പാടാന്‍ വിളിക്കുകയായിരുന്നു. ഏട്ടനുവേണ്ടി അച്ഛന്‍ ഒരിക്കല്‍പോലും സ്വാധീനം ചെലുത്തിയിരുന്നില്ല. പഠനമായിരുന്നു അച്ഛന് പ്രധാനം. 'പാടിച്ചുനോക്കൂ' എന്നാണ് അച്ഛന്‍ പ്രിയനങ്കിളിനോട് പറഞ്ഞത്. പക്ഷേ അമ്മയ്ക്കറിയാമായിരുന്നു  ഏട്ടന്റെ പാട്ട് €ിക്കാവുമെന്ന്. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. പാട്ടിലൂടെ സിനിമയിലേക്ക് പിടിച്ചുകയറിയ ഏട്ടന്റെ വളര്‍ച്ച അച്ഛനും അമ്മയും ദൂരെ നിന്ന് നോക്കിക്കാണുകയായിരുന്നു. ഏട്ടന്‍ പ്രശസ്തിയിലേക്ക് നടന്നുകയറി ഹിറ്റുകള്‍ സൃഷ്ടിക്കുമ്പോഴും ഞാന്‍ രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുമ്പോഴും അച്ഛന് അമിത സന്തോഷമില്ല. കഴിവുണ്ടെങ്കില്‍ ഭാവിയുണ്ടാകും എന്നാണ് അച്ഛന്റെ പ്രവചനം. അതാണ് ശ്രീനിവാസന്‍ എന്ന അച്ഛന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.