ലോഹിതദാസ് അന്തരിച്ചിട്ട് ജൂണ്‍ 28നു ആറുവര്‍ഷം തികയുകയാണ്. ലോഹിക്കൊപ്പം നിഴല്‍ പോലെ കൂടെ നടന്ന സുഹൃത്തിന്റെ ഓര്‍മ്മകള്‍.
ശ്രീഹരി
കിഴക്കുംപാട്ടുകളത്തെ എന്റെ തറവാട് ലോഹിയേട്ടന് ഭയങ്കര ഇഷ്ടമായിരുന്നു. ഇതുപോലുള്ള ഒരു വീട് എനിക്ക് ഷൊര്‍ണൂരില്‍ വേണമെന്ന് വരുമ്പോഴൊക്കെ പറയാറുണ്ട്. ലക്കിടിയില്‍ ഒരു വീടും സ്ഥലവും കണ്ടപ്പോള്‍ ആദ്യം വിളിച്ചത് എന്നെയാണ്. ഞാന്‍ പോയി കണ്ട് അഭിപ്രായം പറഞ്ഞതിനുശേഷമാണ് അഡ്വാന്‍സ് കൊടുത്തത്. 'അമരാവതി' എന്നു പേരുമിട്ടു.
'അമരാവതി'യില്‍ താമസം തുടങ്ങിയതു മുതല്‍ മുടങ്ങാത്ത ഒന്നുണ്ട്. രാവിലത്തെ നടത്തം. വഴിയില്‍ കാണുന്ന പശുവിനോടും ആടിനോടും പുല്ലിനോടും പൂക്കളോടു വരെ അദ്ദേഹം സംസാരിക്കും. ലക്കിടിയില്‍ അദ്ദേഹത്തിന് പരിചയമില്ലാത്ത ആരുമില്ല. അവയെല്ലാം പലപ്പോഴും കഥാപാത്രങ്ങളായി സിനിമയിലെത്തിയിട്ടുമുണ്ട്. മണ്ണിന്റെ മണമുള്ള കഥകള്‍ കിട്ടുന്നതും ഈ നടത്തത്തിനിടയിലാണെന്ന് പലപ്പോഴും പറയാറുണ്ട്.
രണ്ടു സിനിമകള്‍ ഹിറ്റാവുമ്പോഴേക്കും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നോക്കിപ്പോവുന്ന സിനിമാക്കാരുടെ കൂട്ടത്തില്‍ ലോഹിയേട്ടനെ പെടുത്താനാവില്ല. ഹോട്ടല്‍മുറികളേക്കാളും അദ്ദേഹമിഷ്ടപ്പെടുന്നത് 'അമരാവതി'യിലെ വീടാണ്. അല്ലെങ്കില്‍ ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസ്. ഒരു സിനിമ ഹിറ്റായാല്‍ അതില്‍ അമിതമായി ആഹ്‌ളാദിക്കാറില്ല. അപ്പോഴൊക്കെയും പറയുന്നത് ഒരേയൊരു കാര്യമാണ്.
''വിജയവും പരാജയവുമൊന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ല.''
തിലകന്‍ ചേട്ടനുമായി ഒരച്ഛന്‍-മകന്‍ ബന്ധമായിരുന്നു, മരിക്കുന്നതുവരെ. തിലകന്‍ചേട്ടന്‍ സംവിധാനം ചെയ്ത ഒരു നാടകത്തിന്റെ സ്‌ക്രിപ്റ്റ് ലോഹിയേട്ടന്റേതായിരുന്നു. അവിടം മുതലാണ് അവരുടെ ബന്ധം തുടങ്ങിയത്. സിബി മലയില്‍ പുതിയ കഥ തേടുമ്പോള്‍ തിലകന്‍ ചേട്ടനാണ് ലോഹിയേട്ടന്റെ കാര്യം പറഞ്ഞത്.
''ചാലക്കുടിയില്‍ കഴിവുള്ളൊരു നാടകകൃത്തുണ്ട്. ലോഹിതദാസ്. പുള്ളിയെ ഉപയോഗിക്കാം.''
തിലകന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ചാണ് സിബി ലോഹിയെത്തേടി അന്നു രാത്രി അമ്പലപ്പറമ്പിലെത്തിയത്. അതൊന്നും ലോഹിയേട്ടന്‍ മറന്നിരുന്നില്ല. സ്വന്തം അച്ഛനുമായി മക്കള്‍ക്ക് തര്‍ക്കം സ്വാഭാവികമാണല്ലോ. ഒട്ടും വിട്ടുകൊടുക്കാന്‍ തയാറല്ലാത്ത മനസായിരുന്നു തിലകേട്ടന്റേത്.
കഥ പറയാന്‍ ലോഹിയേട്ടന് അറിയില്ല. കഥാപാത്രങ്ങളുടെ സ്‌കെച്ച് മനസിലുണ്ടാവും. ഒരിക്കല്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോനോട് കഥ പറയാന്‍ മദ്രാസിലേക്കു പോയ കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്. വലിയൊരു സിംഹാസനത്തില്‍ കുഞ്ഞുമോന്‍ ഇരിക്കുന്നു. ചുറ്റും അമ്പതുപേര്‍. ഫൈവ് സ്റ്റാര്‍ മുറിയിലേക്ക് കുഞ്ഞുമോന്‍ വിളിപ്പിച്ചു. ലോഹിയേട്ടന്‍ ഒരു മൂലയ്ക്കിരുന്നു.
''കഥ ചൊല്ലുങ്കോ''
കുഞ്ഞൂമോന്‍ ലോഹിയേട്ടനോട് പറഞ്ഞു. അദ്ദേഹം അസ്വസ്ഥനായി. കാരണം കഥ പറയാന്‍ അറിയില്ല. കഥാപാത്രങ്ങളുണ്ടെന്നു പറഞ്ഞപ്പോള്‍ അതു പോരെന്നായി കുഞ്ഞുമോന്‍. കഥയില്ലാതെ താന്‍ ഇതുവരെ സിനിമയെടുത്തിട്ടില്ലെന്നു കുഞ്ഞുമോന്‍ വ്യക്തമാക്കിയതോടെ ലോഹിയേട്ടന്‍ ആ പടിയിറങ്ങി. ലോഹിയേട്ടന്‍ പറഞ്ഞത് സത്യമാണ്. എഴുതിവരുമ്പോഴാണ് കഥ രൂപപ്പെടുന്നത്. അത്ര വരെ എന്താണ് കഥയെന്ന് പുള്ളിക്കു പോലും നിശ്ചയമുണ്ടായിരുന്നില്ല. ഷൂട്ടിംഗിനിടയില്‍ ചില നിര്‍ദേശങ്ങള്‍ ചോദിച്ചാല്‍ തിരക്കഥയില്‍ അതിനനുസരിച്ച തിരുത്തലുകളും വരുത്തും. അതിനൊന്നും ഒരു മടിയുമില്ലായിരുന്നു.
'അമരാവതി'യിലെ വീട്ടില്‍ ആരു വന്നാലും അദ്ദേഹം സ്വീകരിച്ചിരുത്തും. സിനിമയുടെ ജാടകള്‍ക്ക് അവിടെ പ്രവേശനമില്ലായിരുന്നു. രാവിലെ മുതല്‍ സന്ദര്‍ശകരെത്തും. അതില്‍ കഥ പറയാന്‍ വരുന്നവരുണ്ടാവും. കേള്‍ക്കാന്‍ വരുന്നവരും അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചുവരുന്നവരുമുണ്ട്. എന്തു തിരക്കുണ്ടെങ്കിലും എല്ലാം സാവകാശത്തോടെ കോലായയില്‍ ചമ്രം പടിഞ്ഞിരുന്ന് കേള്‍ക്കും.
ശരിക്കും കഥകളുടെ ശേഖരമായിരുന്നു ആ മനസ്. എപ്പോഴും പത്തും ഇരുപതും കഥകള്‍ മനസില്‍ സ്‌റ്റോക്കുണ്ടാവും. ഏറ്റവുമൊടുവില്‍ എഴുതിക്കൊണ്ടിരുന്ന 'ഭീഷ്മര്‍' കിടിലന്‍ പ്രമേയമായിരുന്നു. ഒരു ദിവസം അമരാവതിയില്‍ പോയപ്പോള്‍ എന്നോട് ആ കഥ പറഞ്ഞിരുന്നു. പിന്നീട് എഴുത്തും തുടങ്ങി. മോഹന്‍ലാലിനെ വച്ച് ചെയ്യാനായിരുന്നു ആഗ്രഹം. പത്തു ഭാഷകള്‍ അറിയുന്ന കഥാപാത്രം. എന്നാല്‍ അതിന്റെ നാട്യവും ഭാവവുമൊന്നുമില്ല.
ആയുര്‍വേദ, ഹോമിയോ ചികിത്സകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. അതാണ് ആ ജീവനെടുത്തതും
Comments