You are Here : Home / വെളളിത്തിര

ശ്ശൊ...ഈ അനുപമയുടെ ഒരു ഭാഗ്യം

Text Size  

Story Dated: Saturday, August 15, 2015 10:33 hrs UTC




ഭാഗ്യം വന്ന് വാതിലില്‍ മുട്ടുമ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാതിരിക്കാന്‍ പറ്റുമോ? 'പ്രേമ'ത്തിലൂടെ ശ്രദ്ധനേടിയ ഇരിങ്ങാലക്കുടക്കാരി അനുപമ പരമേശ്വരനും അത്രയേ ചെയ്യുന്നുള്ളൂ. കിട്ടിയ ചാന്‍സ് പരമാവധി ഉപയോഗിക്കുന്നു. ഇനിയൊരു സിനിമ കിട്ടിയില്ലെങ്കിലും വഴിയാധാരമാകരുതല്ലോ.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'പ്രേമ'ത്തിലെ യഥാര്‍ത്ഥ നായിക സായ്പല്ലവി എന്ന തമിഴ്‌നാട്ടുകാരി ആയിരുന്നു. വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുന്ന പെണ്‍കുട്ടി. അഭിനയത്തേക്കാളും പഠനത്തിന് പ്രാധാന്യം നല്‍കുന്ന സായ്പല്ലവി സംവിധായകന്റെ നിര്‍ബന്ധം കൊണ്ടാണ് കേരളത്തിലെത്തി സിനിമയില്‍ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞയുടന്‍ തിരിച്ചുപോവുകയും ചെയ്തു. 'പ്രേമം' ഒരു സാധാരണ സിനിമയായിരിക്കും എന്നായിരുന്നു അവരും കരുതിയത്. എന്നാല്‍ അത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായി. അതോടെ പത്രക്കാരും ചാനലുകളും നായികയെത്തേടി അലഞ്ഞു. അപ്പോഴാണ് സായ്പല്ലവി വിദേശത്താണെന്ന് അറിഞ്ഞത്. അതോടെ എല്ലാവരും നിരാശരായി. നായികയെ കിട്ടിയില്ലെങ്കില്‍ അടുത്തതാര് എന്നായി ചോദ്യം. സിനിമയില്‍ ആദ്യ അര മണിക്കൂറില്‍ നിറഞ്ഞുനില്‍ക്കുന്ന അനുപമയിലെത്തിയത് അങ്ങനെയാണ്. കോട്ടയം സി.എം.എസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആണെന്നറിഞ്ഞതോടെ എല്ലാവരും അനുപമയ്ക്ക് പിന്നാലെയായി. മാഗസിനുകളിലും ചാനലുകളിലും 'പ്രേമം' നായിക എന്ന നിലയില്‍ അനുപമ നിറഞ്ഞുനിന്നു. അവളത് നിഷേധിച്ചതുമില്ല. സിനിമയില്‍ അനുപമയുടെ അതേ പ്രാധാന്യമുള്ള മഡോണ സെബാസ്റ്റിയനെയാവട്ടെ ആരും മൈന്‍ഡ് ചെയ്തതുമില്ല. 'ആലുവാപ്പുഴയുടെ തീരത്ത്...' എന്ന പാട്ടില്‍ മുടിയഴിച്ചിട്ട് പ്രത്യക്ഷപ്പെടുന്നത് മാത്രമാണ് അനുപമയുടെ പ്ലസ്‌പോയിന്റ്.
എല്ലാവരാലും ആഘോഷിക്കപ്പെട്ടതോടെ 'പ്രേമ'ത്തിലെ നായിക താന്‍ തന്നെയാണെന്ന് അനുപമ സ്വയം അവരോധിച്ചു. ചാനല്‍ ഷോകള്‍, ഉദ്ഘാടനങ്ങള്‍, സ്‌പെഷല്‍ ഗസ്റ്റുകള്‍... അനുപമയ്ക്കിപ്പോള്‍ കോളജില്‍ പോകാന്‍ പോലും നേരമില്ല. തന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ലാതെ വന്നപ്പോള്‍ അമ്മയെ സെക്രട്ടറിയാക്കി. ആരെങ്കിലും ഉദ്ഘാടനത്തിന് വിളിച്ചാല്‍ അമ്മയോട് ചോദിച്ച് ഡേറ്റ് ഫിക്‌സ് ചെയ്‌തോളൂ എന്നാണ് അനുപമയുടെ മറുപടി.
'പ്രേമം' വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതും അനുപമയ്ക്ക് ഗുണമാവുകയാണ്. അടുത്ത സിനിമ ഏതാണെന്ന് പത്രക്കാര്‍ ചോദിച്ചാലും വ്യക്തമായ മറുപടിയില്ല, ഈ പെണ്‍കുട്ടിക്ക്.
''കുറെ കഥകള്‍ കേട്ടിട്ടുണ്ട്. ഒന്നും ഫിക്‌സ് ചെയ്തിട്ടില്ല.''
തഴക്കംവന്ന അഭിനേത്രികള്‍ പോലും ഇങ്ങനെ സംസാരിക്കാറില്ല. കോളജില്‍ എപ്പോള്‍ വേണമെങ്കിലും വരാം. പോകാം. എന്നാല്‍ ഉദ്ഘാടനങ്ങള്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ടാണ് പരമാവധി ഉദ്ഘാടനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സിനിമാനടി ആയിട്ടുവേണം കുറച്ച് ഉദ്ഘാടനങ്ങളൊക്കെ നടത്താന്‍ എന്നു ചിന്തിച്ചാല്‍ തെറ്റുപറയാന്‍ പറ്റില്ല. ഇതൊക്കെ എവിടെച്ചെന്നവസാനിക്കുമോ ആവോ....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.