വീണാനായര്‍
കുട്ടിക്കാലത്ത് ഞാന്‍ വികൃതിയും വായാടിയുമായിരുന്നു. കാണുന്നവരോടൊക്കെ വെറുതെ സംസാരിച്ചുകൊണ്ടിരിക്കും. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ എന്തെങ്കിലും വികൃതി കാണിക്കുമെന്നുറപ്പാണ്. അത് മുന്‍കൂട്ടി കണ്ട അമ്മ ശനിയും ഞായറും ദിവസങ്ങളില്‍ എന്നെ ഡൈനിംഗ് ടേബിളില്‍ കെട്ടിയിടും. ടേബിളിന്റെ കാലിനോട് എന്റെ കൈകളും ചേര്‍ത്താണ് കെട്ടിയിടുക. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് കെട്ടഴിക്കുന്നത്. എന്നാല്‍ അപ്പോഴും ഞാന്‍ തോല്‍ക്കാറില്ല. അവിടെയിരുന്നും തനിയെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും.
തിരുവോണദിവസം ഉച്ച കഴിഞ്ഞാല്‍ ഞങ്ങള്‍ കുടുംബസമേതം കോട്ടയം വടവാതൂരിലെ അമ്മയുടെ തറവാട്ടിലേക്ക് പോകും. എന്റെ കുട്ടിക്കാലം മുതലുള്ള ശീലമാണത്. അമ്മൂമ്മയ്ക്ക് മുണ്ടും നേര്യതുമൊക്കെ വാങ്ങിച്ചാണ് പോകുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം അവിടെ പോകാന്‍ കഴിഞ്ഞില്ല. ആദ്യത്തെ വര്‍ഷം അമ്മ മരിച്ചു. കഴിഞ്ഞവര്‍ഷം അച്ഛനും. ഈ വര്‍ഷം ആ വീട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷെ അച്ഛനും അമ്മയും കൂടെയില്ലെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം എനിക്ക് ഉത്സവങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനുശേഷം വരുന്ന ആദ്യത്തെ തിരുവോണമാണിത്. എല്ലാ ദുഃഖങ്ങളും മറന്ന് ഇത്തവണ ഓണമാഘോഷിക്കണമെന്ന് ഭര്‍ത്താവ് സ്വാതിയേട്ടന്‍ കുറേനാള്‍ മുമ്പുതന്നെ പറഞ്ഞിരുന്നു.
തിരുവോണം വരുമ്പോള്‍ ഓര്‍മ്മ വരുന്നത് കുട്ടിക്കാലത്തെ അടിയുടെ ചൂടാണ്. വടവാതൂരിലെ വീട്ടില്‍ തിരുവോണദിവസം അമ്മയുടെ അഞ്ചു സഹോദരങ്ങളും അവരുടെ കൊച്ചുമക്കളുമെത്തും. അന്നത്തെ ദിവസം ഭയങ്കര ബഹളമായിരിക്കും. അക്കൂട്ടത്തില്‍ ഏറ്റവും വികൃതിയായ കുട്ടി ഞാനാണ്. ഒരോണത്തിന് ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്ലാവിന്‍ കൊമ്പില്‍ കയറുകൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ ചിറ്റയുടെ മകള്‍ ആടിക്കൊണ്ടിരിക്കുകയാണ്. ഇതുകണ്ടപ്പോള്‍ എനിക്കും ഊഞ്ഞാലില്‍ ആടാനൊരു മോഹം. ഞാന്‍ ചെന്ന് ചിറ്റയുടെ മകളോട് ചോദിച്ചു. എന്നാല്‍ അവള്‍ ഊഞ്ഞാലില്‍നിന്ന് മാറുന്ന പ്രശ്‌നമില്ല.
''പത്തുതവണ എന്നെ ആട്ടിത്തന്നാല്‍ ഞാന്‍ മാറിത്തരാം.''
അവള്‍ പറഞ്ഞു. ഞാന്‍ ക്ഷമയോടെ അവളുടെ ഊഞ്ഞാലില്‍ പിടിച്ച് പതുക്കെ ആട്ടി. പത്തു തവണ ആടിയിട്ടും അവള്‍ മാറാന്‍ തയ്യാറായില്ല. ഇതോടെ എന്റെ ക്ഷമ തെറ്റി. ഒരു തവണ ഞാന്‍ ശക്തി മുഴുവന്‍ ഉപയോഗിച്ച് ഊഞ്ഞാലില്‍ പിടിച്ച് തള്ളി. അവള്‍ നേരെ പോയി അപ്പുറത്തെ വാഴത്തോപ്പില്‍ പോയി വീണു. എന്നിട്ടും എനിക്കൊരു കുലുക്കവുമില്ല. ഞാന്‍ പതിയെ ആ ഊഞ്ഞാലില്‍ കയറിയിരുന്ന് സ്വയം ആടാന്‍ തുടങ്ങി. ചിറ്റയുടെ മകളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് എല്ലാവരും ഓടിയെത്തി. അവളുടെ കൈയും കാലും മുറിഞ്ഞിരിക്കുന്നു. ഞാന്‍ ആ ഭാഗത്ത് ശ്രദ്ധിച്ചതേയില്ല.
''എന്നെ വീണച്ചേച്ചി തള്ളിയിട്ടതാ''
വേദന കൊണ്ട് പുളയുന്നതിനിടയില്‍ അവള്‍ പറഞ്ഞു. അമ്മ കൈയില്‍ കിട്ടിയ വടിയുമായി എനിക്കുനേരെ പാഞ്ഞടുത്തു. കൈയും കാലും കെട്ടിയിട്ട് പൊതിരെ തല്ലി. സന്ധ്യയാവുന്നതുവരെ ഞാന്‍ കരഞ്ഞിട്ടും ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. പിന്നീട് ഓരോ തിരുവോണം വരുമ്പോഴും ഞാനോര്‍ക്കുന്നത് അന്നത്തെ അടിയുടെ വേദനയാണ്.
Comments