ഈ വര്‍ഷത്തെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സേതുലക്ഷ്മി പഴയൊരോണക്കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്നു.
കുട്ടിക്കാലത്ത് ഓണം വരാന്‍ ഞങ്ങളെല്ലാവരും കാത്തിരിക്കുമായിരുന്നു. കാരണം അന്നാണ് വിഭവസമൃദ്ധമായ സദ്യ കിട്ടുന്നത്. അങ്ങനെ കിട്ടുന്ന ആഹാരത്തിന് പ്രത്യേക രുചിയാണ്. ഉത്രാടത്തിന് ഉണ്ടാക്കുന്ന എരിശ്ശേരി, പുളിശ്ശേരി, സാമ്പാര്‍, അവിയല്‍, അച്ചാര്‍ തുടങ്ങിയ വിഭവങ്ങള്‍ രണ്ടാഴ്ച വരെ എന്റെ വീട്ടില്‍ സൂക്ഷിക്കും. ഒരു വലിയ മണ്‍കലത്തിലാണ് ഇതൊക്കെ വയ്ക്കുക. അടുപ്പില്‍ ഉമിയിട്ട് തീ കത്തിക്കും. ഉമിയുടെ നീറ്റല്‍ കൊണ്ട് ഇതൊന്നും കേടാവില്ല. ഇപ്പോഴത്തെ സാമ്പാറും പുളിശ്ശേരിയും ഒരു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പറ്റില്ല. പച്ചക്കറികളാണെങ്കില്‍ മിക്കതും മരുന്നടിച്ചതുമാണ്.
മക്കളുണ്ടായപ്പോഴും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. എന്നെപ്പോലെ തന്നെ അവരും പിന്നീട് ഓണക്കാലത്തെ കാത്തിരിക്കാന്‍ തുടങ്ങി. അക്കാലത്ത് ദാരിദ്ര്യം അറിയിക്കാതിരിക്കാന്‍ ഒരു പ്ലേറ്റില്‍ ഭക്ഷണമെടുത്ത് നാലുമക്കള്‍ക്കും വാരിക്കൊടുക്കുകയാണ് പതിവ്. പണ്ടൊക്കെ മിക്ക തിരുവോണത്തിനും നാടകമുണ്ടാവും. ചില സ്ഥലങ്ങളില്‍ ഉച്ചയ്ക്കുതന്നെ വരണമെന്ന് സംഘാടകര്‍ അറിയിക്കും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം, ഓണസദ്യയുണ്ടാവുമെന്ന്. എന്നാല്‍ ഒരു തവണ ഞങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവന്നു. തിരുവോണദിവസം ഉച്ചയായപ്പോഴാണ് നാടകം കളിക്കുന്ന സ്ഥലത്തെത്തിയത്. നല്ല ഭക്ഷണം കഴിക്കാന്‍ ഉടന്‍ വിളിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. നാലുമണിയായപ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ പുറത്തിറങ്ങി. അടുത്ത് എവിടെയും ഹോട്ടല്‍ പോലുമില്ല. ഏതെങ്കിലും വീട്ടിലേക്ക് കയറിയാലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞതിനാല്‍ വിശന്നിരുന്നു. സത്യം പറഞ്ഞാല്‍ വല്ലാത്ത സങ്കടം തോന്നി. മറ്റു ദിവസം പോലെയല്ലല്ലോ തിരുവോണദിവസം. എല്ലാവരും വിഭവസമൃദ്ധമായ സദ്യ കഴിക്കുമ്പോള്‍ ഉമിനീരിറക്കിയാണ് ഞങ്ങള്‍ സമയം തള്ളി നീക്കിയത്. അന്ന് വൈകുന്നേരമായപ്പോള്‍ ചായയുമായി പതുക്കെ സംഘാടകര്‍ വന്നു. എല്ലാവര്‍ക്കും നല്ല ദേഷ്യം വന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഇന്നിപ്പോള്‍ ഓണം വരുമ്പോള്‍ പഴയ ഉത്സാഹമൊന്നുമില്ല. എല്ലാ ദിവസത്തേയും പോലെ ഒരു ദിവസം കടന്നുപോകുന്നു എന്നുമാത്രം. പക്ഷെ ഇത്തവണത്തെ ഓണത്തിന് എനിക്കൊരു പ്രത്യേകതയുണ്ട്. സിനിമാഭിനയത്തിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടിയിരിക്കുന്നു. ഇത് ഈശ്വരന്‍ നല്‍കിയ ഓണസമ്മാനമാണ്. പ്രതീക്ഷിക്കാതെയാണ് കിട്ടിയതും. ലാല്‍ജോസ് സാറിന്റെ അസോസിയേറ്റായ രഘുരാമവര്‍മ്മ സംവിധാനം ചെയ്യുന്ന 'രാജമ്മ അറ്റ് യാഹൂ' എന്ന സിനിമയുടെ കോഴിക്കോട്ടെ ലൊക്കേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിക്ക് ട്രെയിനില്‍ വച്ചാണ് അവാര്‍ഡ് വിവരമറിഞ്ഞത്. ചാനലുകാരൊക്കെ എന്നെ വിളിച്ചെങ്കിലും റേഞ്ചില്ലാത്തതിനാല്‍ ഫോണില്‍ കിട്ടിയില്ല. പിന്നീടവര്‍ എന്റെ വീട്ടിലെത്തി. പക്ഷെ എന്നെ കണ്ടില്ല. രാത്രി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്കും എല്ലാ പത്രക്കാരും കൂടി എന്നെ പൊതിഞ്ഞു. എല്ലാവരും ചോദിച്ചു-എന്താണിപ്പോള്‍ തോന്നുന്നതെന്ന്? എന്തുതോന്നാന്‍. സന്തോഷം തന്നെ സന്തോഷം.
Comments