കണ്ടുപഠിക്കേണ്ടത് നടി മുക്തയുടെ അമ്മായിയമ്മയെയാണ്. അതായത് ഗായിക റിമിടോമിയുടെ അമ്മ റാണിയെ. ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ച റാണിയമ്മയ്ക്ക് പണ്ടേയുള്ള ആഗ്രഹമാണ്, മകനെക്കൊണ്ട് നര്‍ത്തകിയെ കെട്ടിക്കണമെന്നത്. അതാണ് മകന്‍ റിങ്കുടോമി സാധിപ്പിച്ചുകൊടുത്തത്.
ഇവന്റ് മാനേജ്‌മെന്റാണ് റിങ്കുവിന്റെ ജോലി. റിമിയുടെ ഗാനമേളയും മുക്തയുടെ ഡാന്‍സും മിക്‌സ് ചെയ്ത പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്നതിനിടെയാണ് മുക്തയെ പരിചയപ്പെട്ടതും ഇഷ്ടപ്പെട്ടതും. ഇക്കാര്യം പറഞ്ഞാല്‍ അമ്മ എതിര്‍ക്കുമോ എന്ന ഭയത്താല്‍ റിങ്കു ആദ്യം പറഞ്ഞത് റിമിയോടാണ്. റിങ്കുവിന്റെ സാന്നിധ്യത്തില്‍ റിമി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ അമ്മയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
''നീ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഞാന്‍ തന്നെ സംസാരിക്കാം, മുക്തയുടെ അമ്മയോട്.''
അമ്മയുടെ വാക്കുകള്‍ കേട്ട് ഞെട്ടിയത് റിമിയും റിങ്കുവുമാണ്. പിന്നീടാണ് അവര്‍ക്ക് കാര്യം മനസ്സിലായത്.
''നന്നായി ഡാന്‍സ് ചെയ്യാനറിയാവുന്ന കുട്ടിയാണവള്‍. ഈ വീടിന് യോജിച്ച മരുമകള്‍.''
റാണിയമ്മ തന്നെ നേരിട്ട് ഫോണിലൂടെ വിവാഹാലോചന നടത്തി. മുക്തയുടെ കല്യാണം തല്‍ക്കാലമില്ലെന്ന് അവളുടെ അമ്മ പറഞ്ഞപ്പോള്‍, എത്രകാലം വേണമെങ്കിലും കാത്തുനില്‍ക്കാമെന്നായിരുന്നു റാണിയമ്മയുടെ മറുപടി. അവര്‍ മുക്തയ്ക്കുവേണ്ടി കാത്തിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം. അതുകഴിഞ്ഞ് വിവാഹം ഉറപ്പിച്ചശേഷവും മുക്തയെ റാണിയമ്മ ഇടയ്ക്കിടയ്ക്ക് വിളിക്കും.
''അഭിനയിക്കാന്‍ പോകുന്നതിനിടയ്ക്ക് ഡാന്‍സ് പ്രാക്ടീസ് മുടക്കരുത്.''
അതുമാത്രമാണ് അവരുടെ നിര്‍ദ്ദേശം. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ദിവസം മുതല്‍ റാണിയമ്മ മുക്തയുടെ കൂടെയുണ്ട്. സംസാരിക്കുന്നതും സ്‌റ്റേജ്‌ഷോയെക്കുറിച്ചാണ്. മരുമകള്‍ക്ക് എന്തെങ്കിലും കലാവാസനയുണ്ടെങ്കില്‍ കെട്ടിപ്പൂട്ടി പെട്ടിയില്‍ വയ്ക്കാന്‍ ആജ്ഞാപിക്കുന്ന സ്ഥിരം അമ്മായിയമ്മമാരില്‍ നിന്ന് വ്യത്യസ്തയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ കുറച്ചുനാളുകള്‍ കൊണ്ട് മുക്തയ്ക്കും അമ്മായിയമ്മയെ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ മരുമകളെ നൃത്തം പഠിപ്പിക്കാന്‍ പുതിയൊരു ഡാന്‍സ് ടീച്ചറെ വയ്ക്കാന്‍ പോവുകയാണ് ഈ അമ്മായിയമ്മ. ഇനി പറയൂ, മറ്റുള്ള അമ്മായിയമ്മമാര്‍ക്ക് മാതൃകയല്ലേ ഇവര്‍?
Comments