മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് ജി.കെ.പിള്ള. പ്രേംനസീറിന്റെ സഹപാഠി. 330ലധികം സിനിമകളില്‍ അഭിനയിച്ച പിള്ളയ്ക്ക് ഒക്‌ടോബര്‍ ആദ്യം ഏറ്റുമാനൂരില്‍ നിന്നൊരു നിര്‍മ്മാതാവിന്റെ ഫോണ്‍കോള്‍.
''മുരളീഗോപിയും അനൂപ്‌മേനോനും നായകരാവുന്ന 'പാവ' എന്ന സിനിമയില്‍ താങ്കള്‍ക്ക് നല്ലൊരു വേഷമുണ്ട്. നവംബര്‍ ഒന്‍പതു മുതലുള്ള പതിനഞ്ചു ദിവസത്തെ ഡേറ്റ് ഞങ്ങള്‍ക്കു തരണം.''
സിനിമയുടെ തിരക്കില്ലെങ്കിലും ഓരോ ദിവസവും ഉദ്ഘാടനങ്ങളും പ്രഭാഷണങ്ങളും നിരവധിയുണ്ട്, ജി.കെ.പിള്ളയ്ക്ക്. അതുകൊണ്ടുതന്നെ വിശ്രമിക്കാന്‍ പലപ്പോഴും സമയം കിട്ടാറില്ല. ഡേറ്റ് മുന്‍കൂട്ടി പറഞ്ഞതിനാല്‍ പിള്ള ആ ദിവസങ്ങളില്‍ വന്ന പ്രോഗ്രാമുകള്‍ കാന്‍സല്‍ ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് വീണ്ടും വിളിച്ചു.
''അടുത്തയാഴ്ച സിനിമയുടെ പൂജയാണ്. ഏറ്റുമാനൂരിലാണ് ചടങ്ങ്. അഭിനയിക്കുന്ന ആള്‍ എന്ന നിലയ്ക്ക് സാര്‍ എന്തായാലും വരണം.''
അഭിനയിക്കുന്ന പടമല്ലേ. പോയ്ക്കളയാം എന്നു കരുതി അദ്ദേഹം ഏറ്റുമാനൂരില്‍ പോയി പൂജാചടങ്ങില്‍ പങ്കെടുത്തു. അവിടെവച്ചാണ് നിര്‍മ്മാതാവിനെ പരിചയപ്പെടുന്നത്. പോകാന്‍നേരം അയാള്‍ പറഞ്ഞു-അടുത്തയാഴ്ച എന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങാണ്. സാര്‍ നിര്‍ബന്ധമായും വരണം. അന്നും ജി.കെ.പിള്ള വര്‍ക്കലയിലെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് പോയി. ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും ചെയ്തു. രണ്ട് പരിപാടികള്‍ക്കും സ്വന്തം കൈയില്‍നിന്ന് കാശെടുത്താണ് പോയത്. തിരികെ വരുമ്പോള്‍ കവര്‍ ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പടത്തിന്റെ നിര്‍മ്മാതാവല്ലേ. അഭിനയിക്കുമ്പോള്‍ നല്ല കാശ് തരുമായിരിക്കും എന്നു കരുതി പിള്ളസാര്‍ ആശ്വസിച്ചു.
നവംബര്‍ എട്ടാം തീയതി രാത്രിയായിട്ടും സിനിമാക്കാരുടെ ഒരു വിവരവുമില്ല. ഷൂട്ടിംഗ് തുടങ്ങുന്നുണ്ടോ ഇല്ലയോ ഒന്നും കൃത്യമായി അറിയാതെ വന്നപ്പോള്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഫോണില്‍ റിംഗുണ്ട്. എടുക്കുന്നില്ല. ഷൂട്ടിംഗ് മാറ്റിവച്ചിരിക്കാം എന്നു കരുതി അദ്ദേഹം സ്വയം സമാധാനിച്ചു. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോഴാണ് ജി.കെ.പിള്ള ഒരു വാര്‍ത്തയറിഞ്ഞത്. 'പാവ'യുടെ ഷൂട്ടിംഗ് ഏറ്റുമാനൂരിലും ഈരാറ്റുപേട്ടയിലുമായി നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ തനിക്ക് റോളില്ല. റോള്‍ തരുന്നതും തരാതിരിക്കുന്നതും അവരുടെ സൗകര്യം. പക്ഷേ അതിനുവേണ്ടി രണ്ടുതവണ കോട്ടയം വരെ വന്നതിന്റെ വണ്ടിക്കൂലിയെങ്കിലും നല്‍കാമായിരുന്നില്ലേ എന്നാണ് പിള്ള സാറിന്റെ ചോദ്യം. പച്ചില കാണിച്ച് ആടിനെ കളിപ്പിക്കുന്നതുപോലുള്ള ഏര്‍പ്പാടായിപ്പോയി ഇത്. 'പാവ'യിലെ നായകനടന്‍ ഇടപെട്ടാണ് തന്നെ ഔട്ടാക്കിയതെന്നാണ് ജി.കെ.പിള്ള വിശ്വസിക്കുന്നത്.
Comments