ലാല്‍
മനസ് റീഫ്രഷ് ചെയ്യണമെങ്കില്‍ കൃത്യമായി വ്രതമെടുത്ത് ശബരിമലയിലേക്ക് പോകണം. ദുഷ്ചിന്തകള്‍ എല്ലാം ഉപേക്ഷിച്ച് ശരീരത്തെ നിയന്ത്രിച്ചുള്ള ആ യാത്രയില്‍ ഒരുപാടുസന്തോഷം കിട്ടിയ ആളാണ് ഞാന്‍. സിനിമയുടെ തിരക്കിനിടയില്‍നിന്ന് വീണുകിട്ടുന്ന ശാന്തമായ അന്തരീക്ഷം വല്ലാത്തൊരു അനുഭൂതിയാണ്.
നാലുതവണ ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. അതില്‍ മൂന്നുതവണയും കൂടെ മകന്‍ ജീന്‍പോളുമുണ്ടായിരുന്നു. അവനിപ്പോഴും പോകുന്നുണ്ട്. ശബരിമലയെക്കുറിച്ച് കേട്ടറിഞ്ഞ നിമിഷം മുതലുള്ള ആഗ്രഹമായിരുന്നു, അവിടംവരെയൊന്ന് പോകണമെന്നത്. രണ്ടാഴ്ച വ്രതമെടുത്താണ് ആദ്യമായി മല കയറിയത്. അന്നെനിക്ക് ഇരുപത്തിയൊന്ന് വയസ്സാണ്. നല്‍പ്പതു ദിവസം വ്രതമെടുക്കണമെന്നാണ് ചട്ടം. പക്ഷേ മുഴുവന്‍ സമയ നോണ്‍ വെജായ എനിക്ക് അത്രയും കഴിഞ്ഞതുതന്നെ അദ്ഭുതം. ചെരുപ്പ് ഉപേക്ഷിച്ച് നടന്നു. ശരണംവിളിച്ചുകൊണ്ടാണ് മലകയറിയത്. എന്തോ ഒരു പോസിറ്റീവ് എനര്‍ജി ശരീരത്തിലൂടെ പ്രവഹിക്കുന്നതുപോലെ തോന്നി. സന്നിധാനം ഭക്തി കൊണ്ടു നിറഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ഫീലിംഗാണ് തോന്നിയത്. പോയ ഞാനല്ല തിരിച്ചു മലയിറങ്ങി വന്നത്. ഇനിയും അവിടെ പോകണമെന്ന് തോന്നിപ്പോയ നിമിഷം. രണ്ടാമത്തെ തവണയാണ് ജീനിനെയും കൂട്ടി പോയത്. അന്നവന് പതിമൂന്ന് വയസ്സാണ്. പിന്നീടുള്ള രണ്ടുതവണയും അവനും എനിക്കൊപ്പമുണ്ടായിരുന്നു. നാലാം തവണ പോയപ്പോള്‍ നടുവേദന കൊണ്ട് വല്ലാതെ ബുദ്ധിമുട്ടി. സ്പീഡില്‍ മല കയറാന്‍ കഴിയാത്ത അവസ്ഥ. ജീനാണ് എന്നെ തള്ളി മലയുടെ മുകളിലെത്തിച്ചത്. ക്ഷീണിച്ചു കയറുന്ന എന്റെ അവസ്ഥ കണ്ടപ്പോള്‍ ജീന്‍ പറഞ്ഞു.
''അടുത്ത തവണ പോകുമ്പോള്‍ പപ്പ ഡോളിയില്‍ പോയാല്‍ മതി.''
പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. നാലുപേരുടെ തോളത്തുകയറി മലകയറുന്നത് ചിന്തിക്കാന്‍ പോലുമാവില്ല. അത്തവണ സന്നിധാനത്ത് എത്തിയപ്പോള്‍ അയ്യപ്പനോട് എന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു.
''ഭഗവാനേ, ഇനി ഇങ്ങോട്ടുവന്ന് കാണാന്‍ കഴിയില്ല.''
അയ്യപ്പന്‍ എന്നോടു ക്ഷമിച്ചുകാണും. ജീന്‍ കഴിഞ്ഞ വര്‍ഷവും മലയ്ക്ക് പോയിരുന്നു. അവനും കുറച്ചുനാള്‍ മാത്രം നോമ്പെടുത്താണ് പോകുന്നത്. ചില സ്ഥലങ്ങളില്‍ പോയാല്‍ നമുക്ക് ഭക്തി തോന്നുകയില്ല. കച്ചവടവും മറ്റുമുള്ള സ്ഥലമാണെങ്കില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായാണ് തോന്നുക. എന്നാല്‍ ശബരിമലയും മൂകാംബികയുമൊക്കെ ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അവിടെയെത്തുമ്പോള്‍ നാം മറ്റൊരാളായി മാറുന്നു എന്നതാണ് സത്യം.
Comments