രണ്ടാം തവണയും ഇന്നസെന്റിനെത്തേടി കാന്‍സറെത്തി. മനക്കരുത്തും നര്‍മ്മബോധവും ചികിത്സയും കൊണ്ട് ഇത്തവണയും അദ്ദേഹം ആ മാരകരോഗത്തെ തോല്‍പ്പിച്ചു. ആദ്യതവണ കാന്‍സര്‍ വന്നപ്പോഴുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്.
ഞാനും ഒരു ദൈവവിശ്വാസിയാണ്. പള്ളിയില്‍ പോകാറുണ്ട്. പ്രാര്‍ഥിക്കാറുമുണ്ട്. ഞാനെപ്പോഴും പറയാറുണ്ട്, രണ്ടു മെഴുകുതിരിക്കും ഒരിടങ്ങഴി അരിക്കും വേണ്ടി ധര്‍മ്മമിരിക്കുന്നവരല്ല നമ്മുടെ ദൈവങ്ങളെന്ന്. മനസിലാണ് ദൈവം. ആദ്യമായി കാന്‍സര്‍ വന്ന് ചികിത്സ നടക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു. ഭര്‍ത്താവ് വളരെ വിനയത്തോടെ എന്നോടു ചോദിച്ചു.
''എനിക്കൊരു പത്തുമിനുട്ട് സമയം തരാമോ?''
വേറെ പണിയൊന്നും ഇല്ലാതെ വീട്ടില്‍ വെറുതെയിരിക്കുന്ന സ്ഥിതിക്ക് എത്രസമയം വേണമെങ്കിലും കൊടുക്കാമല്ലോ. അതിനാല്‍ ഞാന്‍ സമ്മതിച്ചു. യേശുക്രിസ്തുവിനെക്കുറിച്ച് കുറെക്കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. പറയുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ യേശുവിന്റെ അനിയനോ വല്യപ്പന്റെ മോനോ ആണെന്ന് തോന്നിപ്പോവും. അത്രയ്ക്ക് അടുപ്പമുള്ള രീതിയിലാണ് സംസാരം.
''കഴിഞ്ഞ പതിനേഴാം തീയതി രാത്രി പത്തരയ്ക്ക് യേശുദേവന്‍ പ്രത്യക്ഷപ്പെട്ടശേഷം എന്നോടു പറഞ്ഞു, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് എന്നൊരാളുണ്ട്. അയാള്‍ കാന്‍സര്‍ ബാധിതനാണ്. അവനെപ്പോയി നീ കാണണം. തൊട്ടുപ്രാര്‍ഥിക്കണം എന്ന്. അതനുസരിച്ചാണ് ഞാനിവിടെയെത്തിയത്.''
അയാള്‍ പറഞ്ഞുതീരുന്നതിനു മുമ്പെ ഞാനെതിര്‍ത്തു.
''അതൊരിക്കലും സംഭവിക്കില്ല. നിങ്ങള്‍ കളവാണു പറയുന്നത്.''
എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അയാള്‍ എന്നോടു ചോദിച്ചു.
''പതിനേഴാം തീയതി രാത്രി ഒമ്പതരയ്ക്ക് യേശുദേവന്‍ ഈ വീട്ടിലും വന്നിരുന്നു. പന്ത്രരണ്ടയ്ക്കാണു തിരിച്ചുപോയത്. അപ്പോള്‍ ബാംൂരില് നിങ്ങള്‍ക്കരികില്‍ എങ്ങനെ പത്തരയ്ക്ക് വരും?''
അയാള്‍ ഒന്നും മിണ്ടിയില്ല. തുറന്നുവച്ചിരുന്ന ബൈബിള്‍ അടച്ച് ബാഗിലേക്കിട്ടു. പതുക്കെ വീട്ടില്‍ നിന്നുമിറങ്ങി. പിറകെ ഭാര്യയും. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍, അയാള്‍ തന്ന ബാംൂരിലെ നമ്പറിലേക്കു വിളിച്ചു. ഒരു സ്ത്രീയാണ് ഫോണെടുത്തത്.
''ഇരിങ്ങാലക്കുടയില്‍ നിന്ന് ഇന്നസെന്റ് എന്ന ആളാണ്.''
എന്നു പറഞ്ഞപ്പോള്‍ത്തന്നെ അവര്‍ ബ്രദറിന് കൊടുക്കാമെന്നു പറഞ്ഞ് ഫോണ്‍ കൈമാറി. ഞാന്‍ സ്വയം പരിചയപ്പെടുത്തിയശേഷം പറഞ്ഞു.
''യേശുദേവന്‍ ഇവിടെയെത്തിയിട്ട് കുറെ നേരമായി. അദ്ദേഹത്തിന് നിങ്ങളോടൊന്നു സംസാരിക്കണമെന്നു പറയുന്നു.''
അയാള്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീടിതുവരെ വിളിച്ചിട്ടില്ല.
ധ്യാനമൊക്കെ നല്ലതാണ്. പ്രാര്‍ഥന മാത്രമാവരുത്. അതോടൊപ്പം ഡോക്ടര്‍മാര്‍ പറയുന്നതും അനുസരിച്ചാലേ രോഗം പൂര്‍ണമായും ഭേദമാവുകയുള്ളൂ
Comments