You are Here : Home / വെളളിത്തിര

കുടുംബത്തെ സ്‌നേഹിച്ച കല്‍പ്പന

Text Size  

Story Dated: Wednesday, January 27, 2016 12:39 hrs UTC

കുടുംബത്തെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു, കല്പന. വിവാഹം
വേര്‍പിരിഞ്ഞശേഷം ഒരിക്കല്‍പോലും ഭര്‍ത്താവായിരുന്ന അനിലിനെ
കുറ്റപ്പെടുത്തി അവര്‍ സംസാരിച്ചിരുന്നില്ല. അഭിമുഖങ്ങള്‍ക്കായി വരുന്ന
മാധ്യമപ്രവര്‍ത്തകരോട് അത്തരം ചോദ്യങ്ങള്‍ വേണ്ടെന്ന് മുന്‍കൂറായി
പറയുമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടി.
''ഇപ്പോഴും എന്റെ മോളുടെ അച്ഛനാണയാള്‍. ശ്രീമയി ഇടയ്‌ക്കൊക്കെ അയാളെ
കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ച്
ഒന്നും പറയാന്‍ താല്‍പ്പര്യമില്ല.''
എന്നാണ് കല്‍പ്പനയുടെ പ്രതികരണം. എന്നാല്‍ അനിലാവട്ടെ ഒന്നോ രണ്ടോതവണ
കല്‍പ്പനയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുമുണ്ട്. അതിന്റെ പ്രതികരണം
ചോദിച്ചപ്പോഴും, വിവാദങ്ങള്‍ക്ക് ഞാനില്ലെന്ന് പറഞ്ഞ് കല്‍പ്പന
ഒഴിഞ്ഞുമാറുകയായിരുന്നു. തന്റെ വിവാഹബന്ധം തകരുമെന്ന് കല്‍പ്പന
സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സഹോദരിമാരായ കലാരഞ്ജിനിയുടെയും
ഉര്‍വശിയുടെയും വിവാഹബന്ധം വേര്‍പിരിയുന്ന ഘട്ടം വന്നപ്പോഴും ഒരു
ടി.വി.അഭിമുഖത്തില്‍ അവര്‍ പറഞ്ഞുഈശ്വരാ, ഇതുപോലൊരു അവസ്ഥ
ആര്‍ക്കുമുണ്ടാവരുതേയെന്ന്. മാത്രമല്ല, ഉര്‍വശിയും മനോജ്.കെ.ജയനും
വേര്‍പിരിയുന്ന ഘട്ടത്തില്‍ അവസാനനിമിഷം വരെ അനുരഞ്ജനവുമായി എത്തിയത്
കല്‍പ്പനയായിരുന്നു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. വേറെ വിവാഹം
കഴിച്ചിട്ടും മനോജ്.കെ.ജയനുമായി മരിക്കുന്നതുവരെ കല്‍പ്പന നല്ല ബന്ധം
സൂക്ഷിച്ചിരുന്നു. അതിന്റെ പേരില്‍ ഉര്‍വശിയുമായി പിണക്കം
പോലുമുണ്ടായിട്ടുണ്ട്. ഉര്‍വശിയുടെയും മനോജിന്റെയും മകള്‍ കുഞ്ഞാറ്റ
മനോജിനൊപ്പമാണ് താമസിക്കുന്നത്. ഇടയ്ക്ക് അവള്‍ കല്‍പ്പന അവളെ
തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് കൊണ്ടുവരും. മകള്‍ ശ്രീമയിക്കൊപ്പം
കുറച്ചുനാള്‍ താമസിച്ചശേഷമാണ് പറഞ്ഞയക്കുക. ചിലപ്പോള്‍ കലാരഞ്ജിനിയുടെ
മകന്‍ പ്രിന്‍സും ഇവര്‍ക്കൊപ്പമുണ്ടാകും. വിശേഷനാളുകളില്‍ കുടുംബത്തിലെ
എല്ലാവരും ഒന്നിച്ചുചേരണമെന്നത് കല്‍പ്പനയുടെ നിര്‍ബന്ധമാണ്.
പ്രത്യേകിച്ചും കുട്ടികള്‍. അവര്‍ക്കൊപ്പം കഴിയുമ്പോള്‍ ഷൂട്ടിംഗിന്
പോകാന്‍ തോന്നില്ലെന്ന് കല്‍പ്പന പറഞ്ഞതോര്‍ക്കുന്നു.
നിസ്സാരകാര്യം പറഞ്ഞ് ഉര്‍വശിയും കല്‍പ്പനയും പിണങ്ങുന്നത് പതിവാണ്.
ഒരഭിമുഖത്തില്‍ ഉര്‍വശിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍
അവളെക്കുറിച്ച് പറഞ്ഞാല്‍ പിണക്കം കൂടുകയേയുള്ളൂ എന്നായിരുന്നു മറുപടി.
''ആര്‍ക്കെങ്കിലും അസുഖമോ പ്രശ്‌നമോ ഉണ്ടായാല്‍ ആദ്യം ഓടിവരുന്നത്
പൊടിമോളായിരിക്കും. അതോടെ മാറും അവളുടെ പിണക്കം.''
അനിലുമായി വേര്‍പിരിഞ്ഞതിനുശേഷം അമ്മ വിജയലക്ഷ്മിയായിരുന്നു
കല്‍പ്പനയ്ക്ക് എല്ലാം. അതിനുശേഷം അമ്മയുമൊത്ത് തൃപ്പൂണിത്തുറ ഡാഫോഡില്‍
ഗാര്‍ഡന്‍സിലെ എട്ടാംനിലയിലായി താമസം.
''എന്നേക്കാള്‍ ഹ്യൂമര്‍സെന്‍സുള്ളത് അമ്മയ്ക്കാണ്. അമ്മയില്‍നിന്ന്
ഒരുപാടു പാഠങ്ങള്‍ പഠിക്കാനുണ്ട്. എനിക്കതിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടാണ് മകളെ അമ്മയ്ക്കടുത്താക്കിയത്.''
ശ്രീമയി അമ്മൂമ്മയെ അമ്മയെന്നാണ് വിളിക്കുന്നത്. മകള്‍ ജനിച്ച്
അമ്പത്തിയാറാംദിവസം അമ്മയെ ഏല്‍പ്പിച്ച് ഷൂട്ടിംഗിന് പോയ കഥകളൊക്കെ
കല്‍പ്പന ഇടയ്ക്കിടെ പറയാറുണ്ട്. ശ്രീമയിയെ മാത്രമല്ല, കലാഞ്ജിനിയുടെ
മകന്‍ പ്രിന്‍സിനെ നോക്കിയതും കല്‍പ്പനയുടെ അമ്മയാണ്. കല്‍പ്പനയുടെ
വീട്ടിലേക്ക് ആരെങ്കിലും കയറിച്ചെന്നാല്‍ ശ്രീമയി ഓടിയെത്തി കാല്‍തൊട്ട്
വന്ദിക്കും. ഇതുകാണുമ്പോള്‍ പുതുതലമുറയില്‍പെട്ടവര്‍ ഒന്നു
പിറകോട്ടുമാറും. കല്‍പ്പന ഇതെക്കുറിച്ച് പറയുന്നതിങ്ങനെ.
''അമ്മ പഠിപ്പിച്ചുകൊടുക്കുന്ന പാഠങ്ങളാണത്. തന്നേക്കാള്‍ പ്രായമുള്ള
ആരുവന്നാലും കാല്‍തൊട്ട് തൊഴണം. അവര്‍ക്ക് ഭക്ഷണംകൊടുക്കണം.
വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എല്ലാവരും ഭക്ഷണം
കഴിച്ചുവെന്ന് ഉറപ്പുവരുത്തണം. ജോലിക്കാരിയോടുവരെ ചോദിക്കണം.
വീട്ടില്‍നിന്ന് ഉച്ചത്തില്‍ സംസാരിക്കരുത്. ഇതൊക്കെയാണ് അമ്മയുടെ
ചിട്ടകള്‍. അത് ശ്രീമയി പാലിക്കുന്നുമുണ്ട്. എന്നേക്കാള്‍ അവള്‍ക്ക്
സ്‌നേഹം എന്റമ്മയോടാണ്. അതുകൊണ്ടുതന്നെ എനിക്ക് പേടിക്കാനില്ല.''
തന്റെ മകളെ അമ്മയെ ഏല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ കല്‍പ്പനയ്ക്ക്
സമാധാനിക്കാം. തന്നേക്കാള്‍ ശക്തമായ കൈകളിലാണ് ശ്രീമയി
ഉള്ളതെന്നോര്‍ത്ത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.