You are Here : Home / വെളളിത്തിര

കാബറെറ്റ്: ശ്രീശാന്ത് ഇനി ബോളിവുഡ് സിനിാ ലോകത്തേക്ക്

Text Size  

Story Dated: Tuesday, July 26, 2016 06:13 hrs UTC

ക്രിക്കറ്റ്താരവും നടനുമായ എസ്.ശ്രീശാന്ത് അഭിനയിക്കുന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങി. 'കാബറെറ്റ്' എന്നു പേരിട്ട ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത നടിയും സംവിധായികയുമായ പൂജാഭട്ടാണ്. സംവിധായകന്‍ കൗസ്തവ് നാരായണ്‍ നിയോഗി. പൂജാഭട്ടും ഭൂഷണ്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗുല്‍ഷ ദേവയും റിച്ചഛദ്ദയുമാണ് പ്രധാനവേഷത്തില്‍.  ഷൂട്ടിംഗിനിടയില്‍നിന്നാണ് ശ്രീശാന്ത് ഈമാസമാദ്യം ബി.ജെ.പിയുടെ സംസ്ഥാനകമ്മിറ്റിയോഗത്തിന് തിരുവനന്തപുരത്ത് എത്തിയത്. അന്നുതന്നെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

 


സുരേഷ്‌ഗോവിന്ദ് സംവിധാനം ചെയ്ത 'ടീം ഫൈവ്' എന്ന മലയാളചിത്രത്തിലാണ് ശ്രീശാന്ത് ആദ്യം അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ സമയത്ത് പെട്ടെന്നാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ നറുക്കുവീണത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അഞ്ചുദിവസത്തെ ഡേറ്റില്‍ എറണാകുളത്തുവന്ന് വര്‍ക്ക് തീര്‍ത്തുകൊടുത്തു. 'ടീംഫൈവി'ല്‍ അഞ്ചുനായകരില്‍ ഒരാളാണ് ശ്രീശാന്ത്. നിക്കി ഗില്‍റാണിയാണ് നായിക. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
അഭിനയത്തിന്റെ സ്പാര്‍ക്കുള്ള കുടുംബമാണ് തന്റേതെന്ന് ശ്രീശാന്ത് പറഞ്ഞു. അച്ഛന്‍ നാടകത്തില്‍ വേഷമിട്ടിരുന്നു. സഹോദരന്‍ ദീപുവും സഹോദരി നിവേദിതയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരിയുടെ ഭര്‍ത്താവാണ് ഗായകനായ മധുബാലകൃഷ്ണന്‍. ഈയൊരു ബാക്ക്ഗ്രൗണ്ടില്‍നിന്നാണ് ഞാന്‍ അഭിനയത്തിലേക്കെത്തുന്നതെന്നും ശ്രീശാന്ത് സൂചിപ്പിച്ചു.

 


''ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ഞാന്‍ ആസ്വദിക്കുകയാണ്. ഒരു ദിവസം മഹേഷ്ഭട്ട് സാര്‍ ലൊക്കേഷനില്‍ വന്ന് എന്റെ അഭിനയം കാണുകയും അഭിനന്ദിക്കുകയും ചെയ്തു. അത് വലിയൊരു അംഗീകാരമായി കരുതുന്നു.''

 


ഹിന്ദി സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ ശ്രീശാന്തിനെത്തേടി ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. വളരെ ശ്രദ്ധയോടെ സിനിമ തെരഞ്ഞെടുക്കാനാണ് തീരുമാനം. സനയദിറെഡ്ഢി മൂന്ന് ഭാഷകളിലായി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്കും ശ്രീശാന്ത് ഡേറ്റ് നല്‍കിയിട്ടുണ്ട്. 'ടീം ഫൈവ്' റിലീസായിക്കഴിഞ്ഞാല്‍ മലയാളത്തിലും നല്ല അവസരങ്ങള്‍ വരുമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.