പൃഥ്വീരാജിന് കഥ കേള്‍ക്കാന്‍ പോലും നേരമില്ല. എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ 'ഇസ്ര'യെന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് മുപ്പതുദിവസമായി. പ്രേതകഥയായതിനാല്‍ മിക്ക ദിവസവും രാത്രിയാണ് ഷൂട്ടിംഗ്. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയാല്‍ പുലര്‍ച്ചെ വരെ നീളും. അതു കഴിഞ്ഞ് വീട്ടില്‍പോയി കുറച്ചുനേരം ഉറക്കം. വീണ്ടും രാവിലെ ലൊക്കേഷനിലേക്ക്. ഉച്ചയ്ക്ക് പതിനഞ്ചുമിനുട്ട് മാത്രമാണ് ബ്രേക്ക് കിട്ടുന്നത്. ഇതിനിടയ്ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ എവിടെ സമയം?
'എന്ന് നിന്റെ മൊയ്തീന്‍' സൂപ്പര്‍ഹിറ്റായതോടെയാണ് പൃഥ്വീരാജിന്റെ സമയം തെളിഞ്ഞത്. തുടര്‍ച്ചയായി റിലീസായ 'അമര്‍ അക്ബര്‍ ആന്റണി'യും 'അനാര്‍ക്കലി'യും 'പാവാട'യും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചതോടെ അവസരങ്ങളുടെ ബഹളമായി. പിന്നീട് തിയറ്ററിലെത്തിയ 'ഡാര്‍വിന്റെ പരിണാമ'വും 'ജെയിംസ് ആന്റ് ആലീസും' പരാജയപ്പെട്ടെങ്കിലും അതൊന്നും പൃഥ്വിയെ ബാധിച്ചതേയില്ല. ഇനി വരാനിരിക്കുന്നത് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജിത്തുജോസഫിന്റെ 'ഊഴ'മാണ്. 'മെമ്മറീസി'ന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ മറ്റൊരു ഹിറ്റുണ്ടാവുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.
2020 വരെ പൃഥിക്ക് ഡേറ്റില്ലെന്നാണ് പുതിയ വിവരം. അതുകൊണ്ടുതന്നൈയാണ് കഥ കേള്‍ക്കാന്‍ മടിക്കുന്നതത്രേ.
പൃഥ്വിയെ സൂപ്പര്‍ഹിറ്റിലെത്തിച്ച ഒരു സംവിധായകന്‍ പുതിയൊരു കഥയുമായി 'ഇസ്ര'യുടെ ലൊക്കേഷനിലെത്തിയിരുന്നു. ബ്രേക്ക് സമയത്തെ പത്തുമിനുട്ടില്‍ കഥ കേട്ടെങ്കിലും വലിയ താല്‍പ്പര്യമില്ലാത്ത മട്ടിലാണ് പ്രതികരിച്ചത്. പൃഥ്വിയെ തുടക്കകാലത്ത് ഏറെ സഹായിച്ച മറ്റൊരു സംവിധായകനും കഴിഞ്ഞ ദിവസം സെറ്റിലെത്തി. താല്‍പ്പര്യമില്ലാത്ത മട്ടില്‍ കഥ കേട്ട ശേഷം 'ആലോചിക്കാം' എന്നായിരുന്നുവത്രേ മറുപടി. പൃഥ്വി ഇപ്പോള്‍ ഡേറ്റ് നല്‍കുന്നത് പുതിയ സംവിധായകര്‍ക്കാണ്. ജയകൃഷ്ണന്‍ (ഇസ്ര), രോഷ്ണി ദിനകര്‍ (മൈ സ്‌റ്റോറി), ജി.എന്‍.കൃഷ്ണകുമാര്‍ (ടിയാന്‍), നിര്‍മ്മല്‍ സഹദേവ് (ഡട്രോയിറ്റ് ക്രോസിംഗ്) എന്നിവരുടെ സിനിമകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. അതുകഴിഞ്ഞ് ആര്‍.എസ്.വിമലിന്റെ കര്‍ണ്ണനും ബ്ലെസിയുടെ ആടുജീവിതവും ഹരിഹരന്റെ സ്യമന്തകവും ചെയ്യും.
ഇതുകൂടാതെ ഒരു ഡസനിലധികം സിനിമകള്‍ക്ക് സമ്മതം നല്‍കിയിട്ടുമുണ്ട്.
തങ്ങളെ അകറ്റിനിര്‍ത്തുന്ന പൃഥ്വിയുടെ സമീപനത്തില്‍ പഴയ സംവിധായകര്‍ക്ക് അമര്‍ഷമുണ്ട്. പക്ഷെ അവരത് പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. സിനിമയുടെ എല്ലാ തലങ്ങളിലും ഇടപെടാം എന്നുള്ളതുകൊണ്ടാണത്രേ പുതിയവരെ പ്രോത്സാഹിപ്പിക്കുന്നത്. 'എന്ന് സ്വന്തം മൊയ്തീനി'ലെ പാട്ടിന്റെ കാര്യത്തില്‍ വരെ പൃഥ്വീരാജ് ഇടപെട്ടിരുന്നുവെന്ന് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു.
Comments