You are Here : Home / വെളളിത്തിര

ഒടുവിൽ മഞ്ജു മൗനം വെടിഞ്ഞു

Text Size  

Story Dated: Tuesday, March 20, 2018 03:19 hrs UTC

മാ ധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കിയ ആമി എന്ന ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ കമലിനെതിരെ ആദ്യം രംഗത്ത് വന്നത് മാധവിക്കുട്ടിയുടെ സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെറിലി വെയ്സ് ബോര്‍ഡ് ആയിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി എഴുതിയ 'പ്രണയത്തിന്റെ രാജകുമാരി' (ദ ലവ് ക്വീന്‍ ഓഫ് മലബാര്‍) എന്ന പുസ്തകത്തില്‍ ഒരുപാട് ഇല്ലാക്കഥകള്‍ ഉണ്ടായിരുന്നുവെന്ന് ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞതാണ് മെറിലിയെ ചൊടിപ്പിച്ചത്.

പിന്നീട് നടി വിദ്യാ ബാലനുമായി ബന്ധപ്പെട്ട വിവാദമായിരുന്നു ആമി വാര്‍ത്തകളിലിടം നേടാന്‍ പ്രധാനകാരണമായത്. മാധവിക്കുട്ടിയാകാന്‍ വിദ്യ ബാലനെയായിരുന്നു തുടക്കത്തില്‍ നിശ്ചയിച്ചത്. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ വെറും അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇതെക്കുറിച്ച്‌ വിശദീകരിച്ചത്.

'ഞാന്‍ സംവിധായകന്റെ നടിയാണ്. പ്രതിച്ഛായയെ കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കുന്ന നടിയല്ല. എനിക്ക് ഓര്‍ത്തു വയ്ക്കാവുന്ന രണ്ട് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ കമല്‍ സാര്‍. കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലം, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങളില്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിക്കുന്നത് അദ്ദേഹം നല്‍കിയ കഥാപാത്രങ്ങള്‍ കാരണമാണ്. എന്റെ പ്രതിച്ഛായയെക്കുറിച്ച്‌ അദ്ദേഹത്തിന് എന്നേക്കാള്‍ നന്നായി അറിയാമെന്ന ആത്മവിശ്വസം ഉണ്ട്.

ഞാന്‍ മറ്റു സിനിമകളുടെ തിരക്കുപിടിച്ച്‌ നടക്കുന്ന സമയത്താണ് ആമി സംഭവിക്കുന്നത്. എനിക്ക് കഥാപാത്രത്തെക്കുറിച്ച്‌ ഒരുപാട് ഗവേഷണം ചെയ്യണമായിരുന്നു. പക്ഷേ സമയം കിട്ടിയില്ല. എന്നിരുന്നാലും കമല്‍ സാറിന്റെ കാഴ്ചപ്പാട് എന്നിലൂടെ സാധിച്ചെടുത്തു. അദ്ദേഹം രണ്ട് വര്‍ഷത്തിലേറെ അധ്വാനിച്ച സിനിമയാണിത്. '

ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയതില്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച്‌ ലൈംഗികത കടന്നു വരുമായിരുന്നു എന്നും മഞ്ജുവിന് മലയാളികള്‍ക്കിടയില്‍ ഒരു പ്രതിച്ഛായ ഉണ്ടെന്നും അതിനാല്‍ തനിക്ക് ചില പരിമിതികള്‍ ഉണ്ടെന്നും കമല്‍ പറഞ്ഞതായി ഒരു വെബ്സൈറ്റ് വാര്‍ത്ത നല്‍കിയിരുന്നു. ഇത് വിവാദമാവുകയും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി വരികയും ചെയ്തു. തുടര്‍ന്ന് കമലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ് എന്നായിരുന്നു കമലിന്റെ വിശദീകരണം. വത്യസ്തമായ രണ്ട് സാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുമിച്ച്‌ നല്‍കിയപ്പോള്‍ അത് തെറ്റിദ്ധരിക്കപ്പെട്ടു എന്നതായിരുന്നു വിവാദത്തെ സംബന്ധിച്ച്‌ കമല്‍ പറഞ്ഞത്.

വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്‌ പ്രതികരിക്കുകയാണ് മഞ്ജു വാര്യരിപ്പോള്‍. മഞ്ജു എഴുത്തുകാരിയാകുമ്ബോള്‍ തന്റെ പ്രതിച്ഛായയെപ്പറ്റി കൂടുതല്‍ ശ്രദ്ധാലുവാകുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.