You are Here : Home / വെളളിത്തിര

സൗന്ദര്യത്തെക്കുറിച്ചു വാചാലനായി പണ്ഡിറ്റ്

Text Size  

Story Dated: Monday, April 02, 2018 01:25 hrs UTC

വഴിയില്‍ ഒരു കരിംപൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് സന്തോഷ് പണ്ഡിറ്റ്. കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് അര്‍ഹിച്ച പ്രതിഫലം കിട്ടിയിട്ടില്ലെന്നും മലയാള സിനിമയിലെ വര്‍ണ വിവേചനത്തിന്റെ ഇരയാണ് താനെന്നും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് സ്വന്തം അനുഭവം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാന്‍ പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്‍ക്കും മടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച സന്തോഷ് പണ്ഡിറ്റ് മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാണെന്നും കൂട്ടച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം.

'കേരളത്തില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ' എന്നൊരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. എന്റെ സ്വന്തം അനുഭവം വെച്ചു പറയട്ടെ, കേരളത്തില്‍ വര്‍ണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വിവേചനം) കുറേ ആളുകള്‍ക്കിടയില്‍ വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. പത്രങ്ങളുടെ മാട്രിമോണിയല്‍ കോളത്തില്‍ 'സൗന്ദര്യം ഉള്ളവര്‍ മാത്രം അപേക്ഷിക്കുക' എന്നു കാണാറില്ലേ. പല ജോലികളുടേയും നോട്ടിഫിക്കേഷന്‍ നോക്കൂ. ഫെയര്‍ ആന്‍ഡ് ബാന്‍ഡ്‌സം, ചാമിംഗ് മതി പലര്‍ക്കും.

എനിക്കെതിരെ പല വിമര്‍ശകരും എഴുതാറുള്ള സ്ഥിരം കമന്റ് ഒരു നായകനു വേണ്ട സൗന്ദര്യം ഇയ്യാള്‍ക്കില്ല', 'ഇങ്ങരുടെ പല്ല് ശരിയല്ല', 'മൂക്ക് ശരിയല്ല', 'ഇയ്യാള്‍ കണ്ണാടി നോക്കാറില്ലേ', ഞാന്‍ പങ്കെടുക്കാത്ത ഒരു ടിവി ഷോക്കിടയിലും ഏതോ ഒരു ഡാന്‍സ് മാസ്റ്ററും, കുറേ മിമിക്രിക്കാരും എനിക്കു സൗന്ദര്യമില്ല എന്നു പബ്ലിക് ആയി പറഞ്ഞിരുന്നു. ഒരാളുടെ സൃഷ്ടി (സിനിമ) ഇഷ്ടമായില്ലെങ്കില്‍ അതു കാണേണ്ട എന്നു വെക്കാം. അല്ലെങ്കില്‍ സൃഷ്ടിയിലെ കുറവുകളാണ് കമന്റായി എഴുതേണ്ടത്. അല്ലാതെ നായകന്റെ സൗന്ദര്യത്തെ വിമര്‍ശിക്കുവാന്‍ നമുക്ക് ഒരു അധികാരവും ഇല്ല. (ആരും ആരേയും ഒന്നും കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല. നാമാര്‍ക്കും പണം കൊടുത്ത് ഏല്‍പ്പിച്ചിട്ടും ഇല്ല. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ളത് എടുക്കുന്നു. സെന്‍സര്‍ കഴിഞ്ഞു ഇറക്കുന്നു. ഇന്ത്യ സ്വതന്ത്ര രാജ്യമാണ്. എന്നു കരുതി ആരേയും സൗന്ദര്യം കുറഞ്ഞ ആളായതിന്റെ പേരില്‍ വിമര്‍ശിക്കേണ്ട.)

കേരളത്തിലെ മൊത്തം സൂപ്പര്‍ താരങ്ങളും ഒറ്റ നോട്ടത്തില്‍ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്. മൊത്തം നായികമാരും അതി സുന്ദരികളും ആണ്. (യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 80% സൗന്ദര്യം കുറഞ്ഞവരും, 20% മാത്രമേ സുന്ദരന്മാരുള്ളൂ. പക്ഷേ 100% സൗന്ദര്യം ഉള്ളവരുടെ പ്രതിനിധികളാണ് ടോപ് സ്റ്റാര്‍സ്) മലയാള സിനിമയില്‍ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്. ഇത്തരം ആളുകള്‍ നായകനായ് വന്നാല്‍ അത് അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ സൗന്ദര്യം കുറഞ്ഞവര്‍ സ്വയം കോമാളി വേഷം കെട്ടി വരികയോ, 'ഹീറോയിസം' ഒട്ടും ഇല്ലാത്ത, വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ, കഥാപാത്രങ്ങളായ് പ്രേക്ഷകനു മുന്നില്‍ വന്നാല്‍ അവരത് സ്വീകരിക്കും. ഹിറ്റാക്കും. ഉദാഹരണത്തിന് 'കരുമാടി കുട്ടന്‍', 'വടക്കു നോക്കി യന്തം', 'ചിന്താവിശിഷ്ടയായ ശ്യാമള', 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', 'കട്ടപ്പനയിലെ റിതിക്ക് റോഷന്‍'. ഇതിലെ നായകന്മാര്‍ 10 പേരെ ഇടിച്ചിടുന്നില്ല, ഐറ്റം സോംഗ് ഇല്ല. സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല.

സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, അഞ്ച് പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്. ഭൂരിഭാഗം വില്ലന്മാരും സൗന്ദര്യം കുറഞ്ഞവരാകും. (മറ്റു ഭാഷകളില്‍ ഇങ്ങനല്ല. അവിടെ സൗന്ദര്യം കുറഞ്ഞവര്‍ നായകനായ് വന്നാലും ഹീറോയിസം ഉണ്ടാകും, പല പെണ്‍കുട്ടികളും പ്രേമിക്കും, പഞ്ച് ഡയലോഗ് പറയും.) സൗന്ദര്യം കുറഞ്ഞവര്‍ പലരും ചമ്മലുകാരണം തങ്ങളുടെ വേദനയും, ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ. കല്ല്യാണ കാരൃം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദര്യം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്. സ്‌കൂളില്‍ നന്നായി പഠിച്ചാല്‍ മാത്രം പോരാ സൗന്ദര്യം കൂടി ഉണ്ടെങ്കിലേ പല ടീച്ചര്‍മാരുടെയും സ്‌നേഹം കിട്ടൂ. എന്തിന് സൗന്ദര്യം കുറഞ്ഞവരുടെ വീട്ടില്‍ പോലും സൗന്ദര്യം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാല്‍ അച്ചനമ്മമാര്‍ അവരെയാണ് കൂടുതല്‍ സ്‌നേഹിക്കുക.

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവരും സൗന്ദര്യം കുറഞ്ഞവര്‍ ആണ്. ഒബ്‌സേര്‍വ് ചെയ്തു നോക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്റെ മുമ്ബില്‍ വെച്ച്‌ ഒരച്ചന്‍ മൂന്ന് വയസ്സുള്ള മകളെ'കരുമീ,' 'എടീ കറുപ്പീസേ' എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹോസ്റ്റലുകളില്‍ പോലും വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നതായ് എന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്റെ പരിചയത്തിലൊരു പഞ്ചായത്ത് സെക്രട്ടറി ഉണ്ടായിരുന്നു. കാണുവാന്‍ സൗന്ദര്യം തീരെ കുറവായിരുന്നു. ഈ കാരണം കൊണ്ടു സ്റ്റാഫ് ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല. അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും. ഉയര്‍ന്ന തസ്തികകളിലെ സൗന്ദര്യം കുറഞ്ഞ, കീഴ്ജാതിയിലെ, പലര്‍ക്കും ഇതുപോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും അനുഭവിക്കേണ്ടി വരുന്നു. പലരും പുറത്തുപറയുന്നില്ല.

സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാന്‍ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്‍ക്കും മടിയാണ്. വഴിയില്‍ ഒരു കരിംപൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്ത! മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ. കേരളത്തില്‍ പുരോഗമന ചിന്തയും, പ്രബുദ്ധതയുമെല്ലാം, പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം സിനിമയിലും കഥകളിലും മാത്രമാണുള്ളത്. പ്രാക്ടിക്കല്‍ ലൈഫില്‍ ശക്തമായ ജാതീയത, വര്‍ണ്ണ വിവേചനം തുടങ്ങിയവ നിലനില്‍ക്കുന്നു. (വാല്‍ കഷ്ണം: തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ സൂപ്പര്‍ സ്റ്റാര്‍സ് അബദ്ധത്തില്‍ കേരളത്തില്‍ എങ്ങാന്‍ ജനിച്ചവരാണെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? കളിയാക്കലുകളും വര്‍ണ്ണ വിവേചനവും സഹിക്കാനാകാതെ അവരെല്ലാം പണ്ടേ ആത്മഹത്യ ചെയ്‌തേനേ. ഞാനതിന് പരിഹാരമായാണ് എന്റെ സിനിമയില്‍ എട്ട് നായികമാരെ വെക്കുന്നത്.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.