അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള നടിയാണ് പാര്‍വതി. ഫെമിനിച്ചി, അഹങ്കാരി എന്നിങ്ങനെയാണ് വിമര്‍ശകര്‍ പാര്‍വതിയെ വിളിക്കുന്നത്. എന്നാല്‍ എന്തു തന്നെ സംഭവിച്ചാലും താന്‍ പറയാനുള്ളത് പറയും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പാര്‍വതി. പ്രമുഖ ജീന്‍സ് നിര്‍മാതാക്കളായ ലെവിസിന്റെ ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് പാര്‍വതി തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചപ്പോള്‍ പാര്‍വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. പാര്‍വതിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോരി എന്ന ചിത്രത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. താന്‍ നേരിട്ടത് വെറും സൈബര്‍ ആക്രമണമല്ലെന്നും ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായിരുന്നുവെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു.
'ഞാനല്ല ആദ്യമായി ആ സിനിമയെ വിമര്‍ശിച്ചത്. തനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.
ഈ പ്രശ്നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും തന്നോട് പലരും ഉപദേശിച്ചു. എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.'
ഔട്ട് ഓഫ് സിലബസ് സിനിമയിലൂടയാണ് പാര്‍വതിയു സിനിമാ അരങ്ങേറ്റം. പിന്നീട് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ ശ്രദ്ധ നേടി. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമ പാര്‍വതിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പാര്‍വതി ഏറ്റുവാങ്ങി.
Comments