You are Here : Home / വെളളിത്തിര

തേച്ചിട്ടു'പോയവള്‍ അപ്പന്റെ കൂടെ കറങ്ങിനടക്കുന്നു

Text Size  

Story Dated: Saturday, April 21, 2018 01:19 hrs UTC

സിനിമാപ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ അങ്കിള്‍. ഷട്ടറിനുശേഷം ജോയ്‌മാത്യു തിരക്കഥയെഴുതിയ ചിത്രം. നവാഗതനായ ഗിരീഷ്‌ ദാമോദറാണ് സംവിധാനം ചെയ്തത്. ചിത്രം എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ ഉറപ്പു തരുന്നു.
 
''ഈ സിനിമയില്‍ മമ്മൂട്ടി എന്ന താരത്തിനപ്പുറം മമ്മൂട്ടി എന്ന കഴിവുറ്റ നടനെ മാത്രമേ കാണാന്‍ കഴിയൂ. ഒരു താരത്തെ മുന്‍പില്‍കണ്ട് എഴുതിയ ചിത്രമല്ലിത്. തിരക്കഥ എഴുതിയതിനുശേഷമാണ് ഓരോ നടന്മാരെയും തിരഞ്ഞെടുത്തത്. രണ്ട് പ്രധാന കഥാപാത്രങ്ങളുള്ള ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ മമ്മൂട്ടിതന്നെയാണ് കഥാപാത്രത്തെ തിരഞ്ഞെടുത്തത്.
 
ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം നായകനാണോ, വില്ലനാണോ? 
 
ഇത് അല്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്ന് മാത്രമേ പറയാന്‍ കഴിയൂ. സിനിമ കാണുന്ന പ്രേക്ഷകരാണത്‌ തീരുമാനിക്കേണ്ടത് എന്നെനിക്കു തോന്നുന്നു. മമ്മൂട്ടി കെ.കെ. എന്നു വിളിപ്പേരുള്ള കഥാപാത്രമായാണ് അങ്കിളിലെത്തുന്നത്. ഇന്ത്യയിലും വിദേശത്തും ധാരാളം ബിസിനസുള്ള കെ.കെ. സൗഹൃദങ്ങള്‍ക്ക് വലിയ വിലകല്പിക്കുന്നയാളാണ്. ജീവിക്കുകയാണെങ്കില്‍ കെ.കെ.യെപ്പോലെ ജീവിക്കണമെന്നാണ് കൂട്ടുകാരുടെ കമന്റ്.
 
ചിത്രത്തിന്റെ പശ്ചാത്തലം? 
 
അപ്രതീക്ഷിതമായ സാഹചര്യത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി അച്ഛന്റെ സുഹൃത്തിനൊപ്പം ഊട്ടിയില്‍നിന്ന്‌ കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ വിഷയം. ആ യാത്രയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. രണ്ടുദിവസംകൊണ്ട് നടക്കുന്ന കഥ ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
 
 
 
ദുല്‍ഖറിന്റെ നായികയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ്‌ ചെയ്തതിനു പിന്നില്‍? 
 
അത് തികച്ചും യാദൃച്ഛികമായി സംഭവിച്ച കാര്യമാണ്‌. കോമ്രേഡ് ഇന്‍ അമേരിക്കയില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തെ 'തേച്ചിട്ടു'പോയവള്‍ അങ്കിളില്‍ അപ്പന്റെ കൂടെ കറങ്ങിനടക്കുന്നു എന്നാണ് ട്രോളന്മാരുടെ കമന്റ്. ഈ ചിത്രത്തിലേക്ക് പുതിയൊരു പെണ്‍കുട്ടിയെയായിരുന്നു ഞങ്ങള്‍ ആദ്യം തിരുമാനിച്ചത്. അതിനുവേണ്ടി ഓഡിഷനും നടത്തി. പിന്നീടാണ് കാര്‍ത്തിക മുരളീധരന്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതും നായികയായതും.
 
ആദ്യചിത്രം തീയേറ്ററില്‍ എത്തുന്നതിന് മുന്‍പ് എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്? 
 
18 വര്‍ഷം സഹസംവിധായകനായി ഞാന്‍ സിനിമാരംഗത്തുണ്ട്. ഇതിനു മുന്‍പ്‌ സ്വതന്ത്രമായി സംവിധാനം ചെയ്യാനുള്ള അവസരം കിട്ടിയിട്ടും ഞാന്‍ മാറിനില്‍ക്കുകയായിരുന്നു. ഒരു ശക്തമായ തിരക്കഥയ്ക്കുവേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്. ദൈവനിയോഗംപോലെ ജോയ്‌ മാത്യുവിലൂടെ അത്‌ വന്നുചേര്‍ന്നു.
 
മലയാളത്തില്‍ ഇത്രയും സംവിധായകര്‍ ഉണ്ടായിട്ടും ജോയ്‌ മാത്യു, അങ്കിള്‍ ഒരു നവാഗത സംവിധായകനെ ഏല്പിച്ചത്? 
 
ഞാനും ജോയ്‌മാത്യുവും തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമുണ്ട്. അദ്ദേഹം ഗള്‍ഫിലേക്ക് പോയപ്പോള്‍ ഞാന്‍ അസിസ്റ്റന്റ ഡയറക്ടറായി പത്മകുമാര്‍, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം ചേര്‍ന്നു. ജോയ്‌ മാത്യു ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി ഷട്ടര്‍ എന്ന സിനിമ ചെയ്തു. എന്റെ സ്വതന്ത്രസിനിമയെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു. നല്ലൊരു തിരക്കഥയ്ക്കുവേണ്ടിയുള്ള എന്റെ പ്രയത്നം അദ്ദേഹത്തിനറിയാം. അങ്ങനെയാണ് എനിക്കുവേണ്ടി ഒരു തിരക്കഥ എഴുതാം എന്ന് അദ്ദേഹം വാക്കു തരുന്നത്.
 
ഈ സിനിമ ചെയ്യുമ്ബോള്‍ ഏറെ ടെന്‍ഷന്‍ അടിപ്പിച്ചതെന്താണ്?
 
ഒരു സിനിമപോലും സംവിധാനം ചെയ്യാത്ത ഒരാള്‍ സിനിമചെയ്യുമ്ബോള്‍ അതിന്റെ റിസള്‍ട്ട് നിര്‍മാതാവിനും സഹപ്രവര്‍ത്തകര്‍ക്കും കാണിച്ചുകൊടുക്കണം. അതുതന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍. സൂപ്പര്‍താരത്തെവെച്ച്‌ സിനിമചെയ്യുമ്ബോള്‍ ആ ഉത്തരവാദിത്വവും ടെന്‍ഷനും ഏറെയാണ്. ചിത്രം തിയേറ്ററില്‍ എത്തി പ്രേക്ഷകരുടെ നല്ല അഭിപ്രായം വരുന്നതുവരെ ആ ടെന്‍ഷന്‍ നീളും. ഈ ചിത്രം സെന്‍സര്‍ബോര്‍ഡിന്‌ മുന്‍പിലാണ് അവസാനമായി പ്രദര്‍ശിപ്പിച്ചത്. അവര്‍ രേഖപ്പെടുത്തിയ മികച്ച അഭിപ്രായമാണ് ഇപ്പോഴുള്ള ആശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.