അംഗീകാരങ്ങള്‍ കൊയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കണ്ടെടുത്ത കഴിവുറ്റ നായികാതാരമാണ് നിമിഷ സജയന്‍. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ പിന്നിട്ട് കുഞ്ചാക്കോ ബോബന്റെ പേരിടാത്ത ചിത്രത്തില്‍ നിമിഷ നായികയാകുന്നു. സിനിമയുടെ വര്‍ണപ്പൊലിമയില്‍ മുങ്ങി എല്ലാം വാരിപ്പിടിക്കാതെ പുതുമയാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരിയുടെ യാത്ര.
''എന്റെ ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങള്‍ എന്നെത്തേടിയെത്തിയിരുന്നു. പക്ഷേ, ആ മോഹവലയത്തിലൊന്നും ഞാന്‍ വീണുപോയില്ല. ആ തീരുമാനം ശരിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഒരു കഥ കേട്ടുകഴിഞ്ഞാല്‍ ആ കഥയോ കഥാപാത്രമോ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിനുപിറകെ പോകാറുള്ളൂ. കേട്ട കഥകളില്‍ എന്നെ സ്വാധീനിച്ചവയാണ് പിന്നീട് 'ഈട'യായും 'കുപ്രസിദ്ധ പയ്യനാ'യും വന്നത്. പാട്ടും ഡാന്‍സും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ...''
മധുപാലിന്റെ കുപ്രസിദ്ധ പയ്യനാണ് നിമിഷയുടെ പുതിയ ചിത്രം. ആ ചിത്രം സമ്മാനിക്കുന്ന പ്രതീക്ഷയെന്താണ്?
തൊണ്ടിമുതല്‍ തിയേറ്ററിലെത്തിയ ഉടന്‍തന്നെ എന്നെ തേടിവന്ന അവസരമായിരുന്നു അത്. മറ്റ് തിരക്കുകള്‍കാരണം അന്നത് നടക്കാതെ പോയി. എന്നും പുതുമകള്‍ക്കൊപ്പം സഞ്ചരിച്ച സംവിധായകനാണ് മധുപാല്‍ സാര്‍. ആ സംവിധായകനില്‍ എനിക്കുള്ള വിശ്വാസവും വലുതാണ്.
തൊണ്ടിമുതലിലെ ശ്രീജയെക്കാളും ഈടയിലെ ഐശ്വര്യയെക്കാളും ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത്. കഴിഞ്ഞ രണ്ടുചിത്രങ്ങളിലും നാടന്‍ കഥാപാത്രങ്ങളാണെങ്കില്‍ ഇതല്പം മോഡേണാണ്. പുരുഷകേന്ദ്രിതമായ സമൂഹത്തില്‍ അതിജീവനത്തിനായി പോരാടുന്ന പെണ്‍കുട്ടിയാണ് അന്ന. പെണ്‍കരുത്തിന്റെ കഥപറഞ്ഞ ചിത്രത്തില്‍ ഏറെ ചലഞ്ചിങ്ങായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സംതൃപ്തിയും വലുതാണ്.
അഭിനയിച്ച കഥാപാത്രങ്ങളേറെയും സമൂഹത്തിലെ കരുത്തുറ്റ പെണ്‍കുട്ടികളുടെ പ്രതിനിധികളാണ്. നിമിഷ അത്രയും ബോള്‍ഡാണോ?
അതാണ് എന്റെ അഭിനയം. ഞാനൊരു പക്വതയില്ലാത്ത പെണ്‍കുട്ടിയാണെന്നാണ് കൂട്ടുകാരുടെ പരിഭവം. യഥാര്‍ഥ സ്വഭാവത്തിന് വിപരീതമായ കഥാപാത്രമായി എന്നെ സിനിമയില്‍ കാണുമ്ബോള്‍, നന്നായി അഭിനയിക്കാനറിയാം എന്നാണവരുടെ ഇപ്പോഴുള്ള കമന്റ്. പ്രതികൂലമായ ജീവിതസമ്മര്‍ദങ്ങളാണ് എല്ലാ പെണ്‍കുട്ടികളെയും ബോള്‍ഡാക്കി മാറ്റുന്നത്. അത്രയും പ്രശ്നങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ആദ്യചിത്രമായ തൊണ്ടിമുതല്‍ നിരവധി അംഗീകാരങ്ങള്‍ നേടി ജൈത്രയാത്രയിലാണ്. ആ ചിത്രത്തിന്റെ വിജയം പഠിപ്പിച്ചതെന്താണ്?
ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ എന്നെസംബന്ധിച്ചെടുത്തോളം ആദ്യത്തെ അംഗീകാരമാണ്. താരങ്ങളും ടെക്‌നീഷ്യന്മാരുമടങ്ങുന്ന വലിയ ടീമിന്റെ കഠിനപ്രയത്നത്തിന്റെ വിജയമാണ് നമ്മള്‍ കണ്ടത്. ആത്മാര്‍ഥമായി പണിയെടുത്താല്‍ വിജയം ഉറപ്പാണെന്ന് ആ സിനിമ പഠിപ്പിച്ചു. അവാര്‍ഡുകള്‍ വലിയ പ്രോത്സാഹനമാണ്. പക്ഷേ, അവാര്‍ഡിനായി ഞാന്‍ ഒന്നും ചെയ്യാറില്ല. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന നല്ല സിനിമകള്‍ ചെയ്യാനാണ് മോഹം. പുറത്തിറങ്ങുമ്ബോള്‍ എന്റെ സിനിമകണ്ട അമ്മാരും ചേച്ചിമാരും ഓടിവന്ന് കൈ പിടിച്ച് മുത്തംതരും. അതിനേക്കാള്‍ സന്തോഷം തരുന്ന ഒരവാര്‍ഡില്ല.
മലയാളത്തിലെ എല്ലാ തലമുറയിലെയും നടന്മാര്‍ക്കൊപ്പവും ഇതിനകം അഭിനയിക്കാന്‍ കഴിഞ്ഞില്ലേ?
ഒരു നടിയെന്നനിലയിലെ എന്റെ വളര്‍ച്ചയിലെ പാഠങ്ങളാണത്. ശരീരചലനങ്ങള്‍ക്കപ്പുറം കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനെയാണ് തൊണ്ടിമുതലിലെ ഫഹദിലൂടെ കണ്ടത്. കളിചിരി തമാശകള്‍ക്കിടയില്‍ ക്യാമറയ്ക്കുമുന്നില്‍ പെട്ടെന്ന് കഥാപാത്രമാകുന്ന നടന്റെ സിദ്ധി സുരാജ് വെഞ്ഞാറമൂട് കാണിച്ചുതന്നു. ഷൂട്ടിങ് സെറ്റില്‍ ഫുള്‍ടൈം കഥാപാത്രമായി നില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം.
ടേക്കില്‍ രസകരമായ സൂക്ഷ്മഭാവങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നടനാണ് ടൊവിനോ തോമസ്. കഥാപാത്രത്തിന്റെ മാനസികവ്യാപാരമറിഞ്ഞ് കഥാപാത്രങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നെടുമുടി വേണുച്ചേട്ടനും സിദ്ദിക്ക് ഇക്കയും പഠിപ്പിച്ചുതന്നിരുന്നു. അങ്ങനെ ഓരോ കൂട്ടായ്മയില്‍നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞു.
Comments