You are Here : Home / വെളളിത്തിര

ദേശീയ പുരസ്‌കാരം ബഹിഷ്‌കരിക്കാനൊരുങ്ങി താരങ്ങള്‍

Text Size  

Story Dated: Thursday, May 03, 2018 02:40 hrs UTC

 പുരസ്‌കാര ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രമെ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുള്ളുവെന്ന തീരുമാനത്തിനെതിരെ അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധം. രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജേതാക്കള്‍ അറിയിച്ചു.

പുരസ്‌കാര ജേതാക്കളെല്ലാം ഒപ്പിട്ട പരാതി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കും. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു. വേര്‍തിരിവ് കാട്ടുന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ദേശിക്കപ്പെ മലയാളികള്‍ ഉള്‍പ്പെടെ പല ജേതാക്കളും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്.

രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന 11 പേരെ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയില്ലായിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. ഈ വര്‍ഷം മുതലുള്ള പരിഷ്‌കരണമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു.

14 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകന്‍, മികച്ച ഛായാഗ്രഹണം, മികച്ച സഹനടന്‍, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ മലയാള സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭ്യമായത്.

സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളവര്‍. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിയ്ക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവര്‍ക്കാണ് രാഷ്ട്രപതി നേരിട്ട് സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍.

ഇന്ന് വൈകിട്ട് നാലു മണിക്ക് വിജ്ഞാന്‍ ഭവനിലാണ് അവാര്‍ഡ് ദാനം.. പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് നല്‍കുന്നതാണ് ഇതുവരെയുള്ള പതിവ്. എന്നാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളുലും ക്ഷണപത്രങ്ങളിലുമുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ജേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റിഹേഴ്‌സലിനെത്തിയപ്പോഴാമ് പുതിയ വ്യവസ്ഥ അറിയിച്ചത്.

മരണാന്തര ബഹുമതിയായ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് ഏറ്റുവാങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.