You are Here : Home / വെളളിത്തിര

കുഞ്ചാക്കോ ബോബൻ അമ്മയുടെ തലപ്പത്തേക്ക്

Text Size  

Story Dated: Tuesday, May 08, 2018 03:41 hrs UTC

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് കുഞ്ചാക്കോ ബോബനെ എത്തിക്കാന്‍ നീക്കം. മലയാളത്തിലെ യുവതാരങ്ങള്‍ ആണ് ചാക്കോച്ചന് വേണ്ടി ചരടുവലികല്‍ നടത്തുന്നത് എന്ന് 'മംഗളം' റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്ബോള്‍ അമ്മയുടെ നേതൃനിരയിലേക്ക് ഇനിയാരാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് ഇനി താനുണ്ടാവില്ലെന്ന് ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഓരോ തവണ തിരഞ്ഞെടുപ്പ് വരുമ്ബോഴും ഇത്തവണ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കാറുണ്ട്. ഇത് കേട്ട് തലയാട്ടുന്ന സഹപ്രവര്‍ത്തകരാവട്ടെ വീണ്ടും ഐക്യകണ്‌ഠേന അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും.

എന്നാല്‍ ഇത്തവണ അദ്ദേഹം ഉറച്ച തീരുമാനവുമായാണ് എത്തിയത്. പതിവിന് വിപരീതമായി ഇത്തവണ എംപി പദവിയും അദ്ദേഹത്തിനുണ്ട്. 17 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നും പിന്‍വാങ്ങുന്നത്. മിടുക്കരായ നിരവധി പേര്‍ ഈ സ്ഥാനത്തേക്ക് വരാനുണ്ട്, അവരിലാരെങ്കിലും കടന്നുവരട്ടെയെന്ന നിലപാടിലാണ് അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വനിതസംഘടന നിലവില്‍ വന്നതിന് ശേഷം വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് കടന്നുവരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി ഒരു സംഘടന എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നതും സംഘടന രൂപീകരിച്ചതും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വനിത സംഘടനയുടെ നിലപാടും സുപ്രധാനമാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ശക്തമായ മത്സരത്തിന് യുവതാരങ്ങളും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയേയുമൊക്കെ രംഗത്തിറക്കാനാണ് യുവതാരങ്ങളുടെ നീക്കം. പൊതുവെ എല്ലാവര്‍ക്കും സ്വീകാര്യനായ കുഞ്ചാക്കോ ബോബനെ രംഗത്തിറക്കാനാണ് യുവതാരങ്ങള്‍ നീങ്ങുന്നത്.

ഏത് വിഷയത്തിലും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരമായ പൃഥ്വിരാജിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും താരത്തിന്റെ സ്വീകാര്യതയില്‍ യുവതാരങ്ങള്‍ക്ക് ആശങ്കയുണ്ട്. ആക്രമണത്തിനിരയായ നടിയെ പിന്തുണച്ച്‌ താരം ശക്തമായി രംഗത്തെത്തിയിരുന്നു. ആ സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമയില്‍ അഭിനയിക്കില്ലെന്നും അത്തരം സംഭാഷണശകലങ്ങള്‍ തന്റെ സിനിമയിലുണ്ടാവില്ലെന്നും താരം വ്യക്തമാക്കിയത്. യുവതാരങ്ങള്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ഇത് മാത്രം പോരല്ലോ, അതിനാല്‍ത്തന്നെ പൃത്വിയെ രംഗത്തിറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ കുഞ്ചാക്കോ ബോബനെ രംഗത്തിറക്കാനാണ് യുവതാരങ്ങള്‍ ശ്രമിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളും താരത്തെ ഒരുപോലെ പിന്തുണയ്ക്കുമെന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗികസ്ഥിരീകരണം ഇതേ വരെ വന്നിട്ടില്ല.

ഇന്നസെന്റിന് പിന്നാലെ ഉയര്‍ന്ന മറ്റൊരു പേരായിരുന്നു മോഹന്‍ലാലിന്റെത്. എന്നാല്‍ സംഘടനയെ നയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാതിരക്കുകള്‍ക്കിടയില്‍ സംഘടനയുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുമോയെന്ന ആശങ്കയും താരത്തെ അലട്ടുന്നുണ്ട്. നിലവില്‍ എല്ലാവര്‍ക്കും സ്വീകാര്യനാണെങ്കിലും സ്ഥാനമാനമേറ്റെടുത്ത് കഴിഞ്ഞാല്‍ അത് മാറുമോയെന്ന കാര്യത്തിലും താരം ശ്രദ്ധാലുവാണ്. ഇതൊക്കെ കൂടി മുന്‍നിര്‍ത്തിയാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സഹതാരങ്ങള്‍ തന്നെ അദ്ദേഹത്തോട് മുന്‍നിരയിലേക്ക് വരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്കായി ഉയര്‍ന്നുവന്ന മറ്റൊരു പേരായിരുന്നു മമ്മൂട്ടിയുടേത്. നിലവില്‍ സംഘടനയിലെ പ്രവര്‍ത്തനത്തില്‍ സജീവമായ മമ്മൂട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ ഈ തീരുമാനത്തോട് താരം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയെ ഒന്നടങ്കം നടുക്കിയ സംഭവത്തെ തുടര്‍ന്ന് ജനപ്രിയ നായകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച്‌ മാധ്യമങ്ങളെ അറിയിച്ചത് മമ്മൂട്ടിയായിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നായിരുന്നു പ്രധാന വിമര്‍ശനം.

അമ്മ നടത്തിയ സ്റ്റേജ് പരിപാടികളിലെല്ലാം തന്റെ സജീവ സാന്നിധ്യം അറിയിച്ച താരമാണ് ദിലീപ്. ദിലീപിന്റെ നേതൃത്വത്തില്‍ നിരവധി തവണ സ്റ്റേജ് പരിപാടികള്‍ അരങ്ങേറിയിട്ടുമുണ്ട്. എന്നാല്‍ അമ്മയിലെ അംഗത്വം നഷ്ടമായതിനെത്തുടര്‍ന്ന് ഇത്തവണ അമ്മ നടത്തിയ പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നില്ല. അന്യഭാഷാ താരങ്ങളെ അതിഥിയായി പങ്കെടുപ്പിച്ച സാഹചര്യത്തില്‍ താരത്തെയും അത്തരത്തില്‍ പരിഗണിക്കാമായിരുന്നുവെന്ന് ഒരുവിഭാഗം ശക്തമായി വാദിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാകാതെ പോവുകയായിരുന്നു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനായുള്ള ശ്രമങ്ങള്‍ ഗണേഷ് കുമാര്‍ നേരത്തെ തന്നെ ആരംഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപിനെ പുറത്താക്കിയ നടപടിയില്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് മമ്മൂട്ടി ആ തീരുമാനം ഏറ്റെടുത്തതെന്ന തരത്തിലായിരുന്നു വിമര്‍ശനം. ഈ തീരുമാനത്തോടെയാണ് അമ്മയിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച്‌ പുറംലോകം മനസ്സിലാക്കിയത്.

പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ താരം ആരംഭിച്ചുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നടന്‍ സിദ്ദിഖിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടില്‍ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വീകാര്യത ചോദ്യചിഹ്നമായി തുടരുകയാണ്. ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആരൊക്കെയായിരിക്കും അടുത്ത ഭരണസമിതിയിലുള്ളതെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.