ഹോളിവുഡിനെ പിടിച്ചുലച്ച ലൈംഗിക ചൂഷണ പരാതികളെ തുടര്‍ന്ന് പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പൊലീസ് അറസ്റ്റ് ചെയ്തു. വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ പരാതിയിലാണ് അറസ്റ്റ്. പീഢനം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, പ്രകൃതി വിരുദ്ധ പീഢനം തുടങ്ങിയ കുറ്റങ്ങളാണ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് നടിമാര്‍ നല്‍കിയ മൊഴികളും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.
2004 ലും 2013ലുമാണ് കേസുകള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. വെയ്ന്‍സ്റ്റീനെതിരെ 4 നടിമാര്‍ കൂടി ഉടന്‍ മൊഴി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനിലും ലോസ് ആഞ്ചലസിലുമായി ഒരു ഡസണിലേറെ പീഢന പരാതികളില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് വെയ്ന്‍സ്റ്റീനെതിരെ പരാതികള്‍ ഉന്നയിച്ച ചില നടിമാര്‍ പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് കോടതിയില്‍ തെളിയിക്കുമെന്ന് ഹാര്‍വി വെയ്ന്‍സ്റ്റീന്‍റെ അഭിഭാഷകര്‍ പറഞ്ഞു.
വെയ്ന്‍സ്റ്റീനെതിരെ പരാതികളുയര്‍ന്നതിന് പിന്നാലെ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ നടിമാരും വിവിധ മേഖലകളിലെ സ്ത്രീകളും മീ ടൂ എന്ന പേരിലുള്ള ക്യാമ്ബെയ്നിലൂടെ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പുരുഷ കേന്ദ്രീകൃത സംവിധാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിപ്പോലും ആ ക്യാമ്ബെയ്ന്‍ മാറി. ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരെ 8 വനിതകള്‍ ലൈംഗികചൂഷണ ആരോപണവുമായി രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി. ആരോപണങ്ങള്‍ മോര്‍ഗന്‍ ഫ്രീമാന്‍ നിഷേധിച്ചിട്ടുണ്ട്. പെരുമാറ്റം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മോര്‍ഗന്‍ പറഞ്ഞു.
Comments