നവാഗതയായ റോഷ്നി ദിനകറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൈ സ്റ്റോറി പെരുന്നാള്‍ റിലീസായി തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെങ്കിലും അടുത്ത ആഴ്ചയെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. നിപ വൈറസ് ബാധ ചിത്രത്തിന്റെ റിലീസിനെ ബാധിച്ചേക്കുമെന്ന് സംവിധായിക തന്നെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വിശദീകരിച്ചത്. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. വടക്കന്‍ കേരളത്തില്‍ നിപ ബാധ മൂലം പൊതുവായ ഒത്തുചേരലുകള്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യം ചിത്രത്തിന്റെ പെരുന്നാള്‍ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
പ്രിഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ ചില പരാമര്‍ങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ഗാനത്തിന് വലിയ ഡിസ്ലൈക്ക് കാംപെയ്ന് നേരിടേണ്ടി വന്നിരുന്നു.
ഓണ്‍ലൈനില്‍ പാര്‍വതിക്കെതിരേ നിലനില്‍ക്കുന്ന വികാരം ചിത്രത്തിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. അടുത്തിടെ ഏഷ്യാനെറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടി പാര്‍വതിയെ ചേര്‍ത്തുപിടിച്ചതും പാര്‍വതി അനുഗ്രഹം തേടിയതുമെല്ലാം എതിര്‍പ്പുകള്‍ കുറയ്ക്കുമെന്നാണ് നിഗമനം. നേരത്തേ റിലീസ് നിശ്ചയിച്ച ചിത്രം പലകുറി മാറ്റിവെക്കുകയായിരുന്നു. റിലീസ് പലകുറി മാറ്റിയ പ്രിഥ്വിരാജ് ചിത്രം രണവും ഈ മാസം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
Comments