ആ വേശമാണ് രജനി ചിത്രങ്ങളുടെ കാതല്‍. രജനിയുടെ സ്‌ക്രീന്‍ പ്രസന്‍സില്‍, ആക്ഷനില്‍, മാനറിസങ്ങളില്‍ പ്രേക്ഷകമനസിലേക്ക് പെയ്തിറങ്ങുന്നൊരു ഊര്‍ജ്ജമുണ്ട്. കുടുംബ ബന്ധങ്ങളിലെ തീവ്രതയും കൊച്ചുകൊച്ചു തമാശകളും ഈ ഊര്‍ജ്ജവും ചേര്‍ന്നാല്‍ രജനിപടം ഹിറ്റായി. അത് മഹത്തായ ചിത്രമല്ലെങ്കില്‍ പോലും ആരാധകര്‍ ഏറ്റെടുക്കും. അവരത് വീണ്ടും വീണ്ടും കാണും. പക്ഷെ കാലയില്‍ രജനികാന്തിന്റെ സ്‌ക്രീന്‍പ്രസന്‍സ് ഉണ്ടായിട്ടും, ആവേശം വിതറാനുള്ള സ്വീക്വന്‍സുകള്‍ ഉണ്ടായിട്ടും അത് വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകന്‍ പാ രഞ്ജിത്തിന് കഴിഞ്ഞില്ല. കഥയിലാണെങ്കില്‍ ഒട്ടും പുതുമയുമില്ല. രഞ്ജിത്തിന്റെ ആദ്യ രജനി ചിത്രം കബാലി മലേഷ്യയില്‍ നടക്കുന്ന ഗ്യാങ് വാറിന്റെ കഥയാണെങ്കില്‍ കാല മുംബൈയില്‍ നടക്കുന്ന ഗ്യാങ് വാറാണെന്നു മാത്രം. അടുത്തത് ഇനി ചെന്നൈയില്‍ നടക്കുന്ന ഗ്യാങ് വാറാവാതിരുന്നാല്‍ മതിയായിരുന്നു.
തമിഴ് നാട്ടില്‍ തിരുനെല്‍വേലിയില്‍ നിന്നും വന്ന് മുംബൈ ധാരാവിയില്‍ സ്വന്തം സാമ്രാജ്യം പണിത വേങ്കയ്യന്റെ മകനാണ് കാല എന്ന കരികാലന്‍. ശത്രുവിന് മുന്നില്‍ ഒറ്റത്തലയുള്ള രാവണന്‍. മുംബൈയിലെ ധാരാവി പോലുള്ള ചേരികള്‍ വൃത്തിയാക്കി മുംബൈ മൊത്തത്തില്‍ ശുദ്ധീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഹരിദേവ് അഭയങ്കാറും അദ്ദേഹത്തിന്റെ പിന്നിലുള്ള ലാന്റ് മാഫിയയും. ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് കാല. പറഞ്ഞും കേട്ടും മടുത്ത കഥയാണെങ്കിലും രജനി സ്റ്റൈലില്‍ ആരാധകരെ സംതൃപ്തമാക്കുന്ന ചേരുവകള്‍ ഉണ്ടെങ്കില്‍ ചിത്രം സൂപ്പര്‍ഹിറ്റാവേണ്ടതായിരുന്നു. അവിടെയാണ് ആവേശം ചോര്‍ന്നു പോയത്. അത് സംവിധായകന്റെ പരാജയം തന്നെയാണ്. ജി മുരളിയുടെ ക്യാമറ, സന്തോഷ് നാരായണന്റെ സംഗീതം, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ് എന്നിങ്ങനെ സാങ്കേതികവിദഗ്ധരുടെ പിന്തുണയുണ്ടായിട്ടും ആവേശവും ഊര്‍ജ്ജവും സൃഷ്ടിക്കാന്‍ സംവിധായകന് കഴിയുന്നില്ല.
ഹുമാഖുറൈഷിയുടെ സറീന എന്ന കഥാപാത്രം കാലയുടെ പൂര്‍വ്വകാമുകിയും ഇപ്പോള്‍ ചേരി നിര്‍മ്മാര്‍ജന യഞ്ജവുമായി വരുന്നവളുമാണ്. ഈ കഥാപാത്രവും അതവതരിപ്പിച്ച ഹുമയും ചിത്രത്തില്‍ ഒരധികപ്പറ്റു പോലെ നില്‍ക്കുമ്ബോള്‍ കാലയുടെ ഭാര്യയായി വന്ന ഈശ്വരിറാവും, വില്ലനായി എത്തിയ നാനാപടേക്കറും കാലയുടെ അടുത്ത സുഹൃത്തായി വന്ന സമുദ്രക്കനിയുടെ വലിയപ്പനും മനസ്സില്‍ തങ്ങിനില്‍ക്കും.
രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നു പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് കാല. അതുകൊണ്ട് തന്നെ രാഷ്ട്രിയ തത്പരര്‍ ഈ ചിത്രത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അധ്വാനിക്കുന്നവന്റെയും സമൂഹത്തിലെ പുറംപോക്കുകളില്‍ താമസിക്കുന്നവന്റെയും കൂടെ ഞാനുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നു തോന്നും. കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടത്തില്‍ കറുപ്പിനൊപ്പം അഥവാ ദ്രാവിഡസംസ്‌കാരത്തിനൊപ്പം നില്‍ക്കുക എന്നത് തമിഴ്‌നാട് വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുക എന്നു തന്നെയാണര്‍ഥം. എന്നാല്‍ തൂത്തുക്കുടിയില്‍ പോയി സമരത്തിനു പിന്നില്‍ സമൂഹവിരോധികളാണെന്നും, പോരാട്ടം തമിഴ്‌നാടിനെ ചുടുകാടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതേസമയം കാലയില്‍ പോരാട്ടത്തിനായി അണികളെ കൂട്ടുകയും ചെയ്യുന്നത് വിരോധാഭാസമായി തോന്നി. സിനിമ വേറെ രാഷ്ട്രിയം വേറെ ജീവിതം വേറെ എന്നൊക്കെ പറയാമെങ്കിലും തമിഴ്‌നാട്ടില്‍ അങ്ങിനെയല്ലല്ലോ കണ്ടുവരുന്നത്. സിനിമയിലെ പ്രഖ്യാപനങ്ങള്‍ തന്നെയാണ് അവിടെ പല സിനിമാ താരങ്ങളേയും രാഷ്ട്രീയതാരങ്ങളാക്കി മാറ്റിയത്. ഏഴൈതോഴന്‍ ഇമേജുകള്‍ ഉണ്ടാക്കി കൊടുത്തത്. അങ്ങിനെ നോക്കിയാല്‍ ഈ ചിത്രവും തൂത്തുക്കുടി പ്രഖ്യാപനവും തമിഴ് മക്കള്‍ ചേര്‍ത്തു വായിച്ചാല്‍ രജനിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാവി എന്തായിരിക്കുമെന്നും കാത്തിരുന്നു കാണാം.
Comments