സംഘപരിവാര്‍ രാഷ്ട്രീയത്തോട് പൊതുവെ അത്ര മതിപ്പില്ലാത്തവരാണ് കേരളീയര്‍ അതുകൊണ്ടുതന്നെ സംഘി എന്ന വിളിപ്പേര് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലും അത്ര ദഹിക്കില്ല. വര്‍ഗീയരാഷ്ട്രീയക്കാരാണെന്നും വിവരമില്ലാത്തവനുമെന്നൊക്കെയാണ് സംഘിക്ക് സോഷ്യല്‍ മീഡിയയില്‍ അര്‍ത്ഥം. എന്നാല്‍ തന്നെ സംഘി എന്ന് വിളിക്കുന്നതില്‍ യാതൊരെതിര്‍പ്പുമില്ല എന്നാണ് നടി അനുശ്രീയുടെ നിലപാട്.
ബാലഗോകുലം പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയതോടെ സോഷ്യല്‍ മീഡിയ അനുശ്രീക്ക് സംഘിപ്പട്ടം ചാര്‍ത്തി കൊടുത്തിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. ബി ജെ പിക്കാരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ആണെന്ന് തുറന്നു പറയാതെ എന്നാല്‍ ചായ്‌വ് അങ്ങോട്ട് തന്നെയാണെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള മറുപടിയാണ് അനുശ്രീ നല്‍കിയത്.
ബാലഗോകുലത്തിന്റെ പരിപാടിയില്‍ താന്‍ ഭാരതാംബയായി വേഷമിട്ടത് രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നില്ലെന്നും താന്‍ കുഞ്ഞിലേ മുതലേ സ്ഥിരം പോകുന്ന സ്ഥലമാണ് ബാലഗോകുലം എന്നും അനുശ്രീ വ്യക്തമാക്കി. കുഞ്ഞുനാള്‍ മുതലേ കൃഷ്ണവേഷം കെട്ടാറുണ്ട്. വളരുന്നതനുസരിച്ചു വേഷവും മാറുന്നെന്നെ ഉള്ളൂ. അനുശ്രീ കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഭാരതാംബയുടെ വേഷമാണ് ഇട്ടത്. ഇനിയങ്ങോട്ടും അത് തുടരും. ചിലര്‍ അതിന്റെ പേരില്‍ തന്നെ സംഘിയാക്കി എന്നും അനുശ്രീ പറഞ്ഞു. മൃദുസംഘിയാണോ എന്ന ചോദ്യത്തിന് തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഇല്ല എന്നായിരുന്നു നടിയുടെ മറുപടി. ഒരു പാര്‍ട്ടിയോടും താല്‍പര്യം തോന്നിയിട്ടില്ല. ഏത് പാര്‍ട്ടിയുടെ പരിപാടിക്ക് വിളിച്ചാലും താന്‍ പോകും. തന്നെ ഈ പരിപാടിക്ക് ക്ഷണിച്ചതിന് നന്ദിയെന്ന് മാത്രമേ താന്‍ സംസാരിക്കാറുള്ളൂവെന്നും താരം പറയുന്നു.
ബാലഗോകുലത്തില്‍ പോയതും സജീവമായി നിന്നതുമൊന്നും അതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കിയതുകൊണ്ടല്ല. വീട്ടില്‍ അച്ഛനും അമ്മയും പരിപാടിക്കൊക്കെ വരുമായിരുന്നു. അച്ഛന്‍ കോണ്‍ഗ്രസുകാരനമാണ് എന്നിട്ടും ഇത്തരം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. അനുശ്രീ പറഞ്ഞു.
സംഘിയെന്ന് വിശേഷിപ്പിച്ചതിന് ശേഷം പലരും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. ആ വിളിയില്‍ തനിക്ക് സങ്കടമൊന്നുമില്ലെന്ന് താരം പറയുന്നു. മുന്‍പ് ബാലഗോകുലത്തിനിടയില്‍ ഒരേ പോലെ കാവി നിറമുള്ള വസ്ത്രമിട്ട് ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം ആ ഫോട്ടോയൊക്ക പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരം ചിത്രങ്ങള്‍ വൈറലായിരുന്നു. സംഘി മനോഭാവമാണെങ്കില്‍ തന്നെ എന്തിനാണ് ആ വിഷയം പറഞ്ഞ് ഒരാളെ മാറ്റി നിര്‍ത്തുന്നതെന്നും താരം ചോദിക്കുന്നു.
Comments