സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ആര്‍ക്കും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചതോടെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം തുടങ്ങി.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആദ്യ പേരുകാരനായി ചേര്‍ത്തിരിക്കുന്ന നടന്‍ പ്രകാശ് രാജ് ഇന്ന് പരസ്യമായി നിഷേധിച്ച് രംഗത്തു വരികയും സിനിമാ സംഘടനകള്‍ ഒറ്റക്കെട്ടായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഉന്നതരായാലും ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
താര സംഘടനയായ അമ്മ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് കേരള എന്നീ സംഘടനകളാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മോഹന്‍ലാലിനോടുള്ള വ്യക്തിവിരോധവും അമ്മ സംഘടനയോടുള്ള എതിര്‍പ്പുമാണ് വ്യാജ കത്തിന് പിന്നിലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
അണിയറയില്‍ നടക്കുന്ന ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള ശക്തമായ എതിര്‍പ്പ് നടന്‍ മമ്മുട്ടിയും മുകേഷ്, ഗണേഷ് കുമാര്‍, ഇന്നസെന്റ് തുടങ്ങിയ ഇടതു ജനപ്രതിനിധികളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
അതേസമയം നടന്‍ ദിലീപിന് എതിരെ നടന്ന ഗൂഢാലോചനയുടെ മറ്റൊരു പകര്‍പ്പാണ് ഇപ്പോള്‍ ലാലിനെതിരെ നടക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പുള്ള ഡബ്ല്യൂ സി.സിയും മറ്റു ചിലരും ചേര്‍ന്ന് നടത്തിയ ഗൂഢപ്രവര്‍ത്തി പുറത്തു കൊണ്ടു വരണമെന്നതാണ് ഇവരുടെ ആവശ്യം.
അമ്മ ജനറല്‍ ബോഡിയോഗ തീരുമാനം പ്രഖ്യാപിച്ച മോഹന്‍ലാലിനെ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന പക ദിലീപിനെതിരെയും പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന തങ്ങളുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പ്രകാശ് രാജിന്റെ ഒപ്പ് വ്യാജമായി ഇട്ട നടപടിയെന്ന് ദിലീപിനെ അനുകൂലിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന ആവശ്യത്തിനും ഇതോടെ ശക്തി വന്നിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments