സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ. നേരത്തെ നടന് പ്രകാശ് രാജും ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ഞാന്‍ വളരെ അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെതിരെ ഞാന്‍ ഒരു ഹര്‍ജ്ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്- സിദ്ധാര്‍ത്ഥ് ഫെയ്ബുക്കില്‍ കുറിച്ചു.സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 105 പേര് ഒപ്പിട്ട് നല്കിയ ഭീമ ഹര്‍ജിയില്‍ മോഹന്‍ലാലിന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകനും ജൂറി അംഗവുമായ ഡോ.ബിജു രംഗത്ത് വന്നിരുന്നു. സംസ്ഥാനം നല്കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന നടപടി തിരുത്തണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യാതിഥിയായി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാടെന്നും ബിജു വ്യക്തമാക്കി.
Comments