മലയാള സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ചെറുതും വലുതുമായി അദ്ദേഹം അഭിനയിച്ച ഒട്ടനവധി സിനിമകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. വില്ലനായി തുടങ്ങി പിന്നീട് മലയാള സിനിമയെത്തെന്നെ ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന് പിന്നിലെ സിനിമയിലേക്കെത്തിയ പ്രണവിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ കുടുംബത്തിലെ അംഗമായാണ് പപ്പോഴും ആന്റണി പെരുമ്ബാവൂരിനെ വിശേഷിപ്പിക്കാറുള്ളത്. താരവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും പലരും ആദ്യം സമീപിക്കുന്നത് ഇദ്ദേഹത്തെയാണ്.
ഡ്രൈവറായി തുടങ്ങി പിന്നീട് ഓള്‍ ഇന്‍ ഓളായി മാറുകയായിരുന്നു ആന്റണി. ഇടയ്ക്ക് മോഹന്‍ലാലിനൊപ്പം ചില സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പുലിമുരുകന്‍, ദൃശ്യം, ഒപ്പം, വില്ലന്‍ തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതും ഇദ്ദേഹമാണ്. മോഹന്‍ലാലിനൊപ്പം എല്ലായിടത്തും ആന്റണിയുണ്ടാവാറുണ്ട്. താരത്തിലേക്ക് നേരിട്ടെത്താന്‍ പറ്റാതെ പോവുന്നതിനെക്കുറിച്ച് പലരും വിമര്‍ശിച്ചിരുന്നു. മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ തുറന്നെഴുതിയിട്ടുണ്ട്. മലയാള മനോരമയുടെ വാര്‍ഷിക പതിപ്പിന് വേണ്ടി തയ്യാറാക്കിയ കുറിപ്പിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.
മോഹന്‍ലാലിനെ കണ്ടുമുട്ടിയത്
സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നേരത്തെയും ആന്റണിക്ക് ലഭിച്ചിരുന്നു. അത്തരത്തിലൊരു സിനിമയുടെ ജോലി പൂര്‍ത്തിയാക്കി പോവുന്നതിനിടയില്‍ അദ്ദേഹത്തോട് ഇനി തന്നെ ഓര്‍ത്തിരിക്കുമോയെന്ന് ചോദിച്ചിരുന്നു. ഇത്രയും നാള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതല്ലേ, എന്തായാലും ഓര്‍ക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അദ്ദേഹം തന്നെ ഓര്‍ത്തിരിക്കുമെന്ന് അന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
കൂടെപ്പോരൂവെന്ന് പറഞ്ഞു
കൃത്യം ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയത്. മൂന്നാം മുറയുടെ ചിത്രീകരണമായിരുന്നു അന്ന് നടക്കുന്നത്. അന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല അരികിലേക്ക് വിളിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ നിന്നും തന്നെ വിളിച്ച് സൗഹൃദം പുതുക്കുകയും വണ്ടിയുമായി വീണ്ടും വരാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ സിനിമ തീരുന്നത് വരെ അദ്ദേഹത്തിനൊപ്പം ആന്റണിയുമുണ്ടായിരുന്നു.
സുചിത്രയ്ക്ക് അസൂയ
മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള ബന്ധത്തില്‍ സുചിത്രയ്ക്ക് പോലും അസൂയ തോന്നിയിരുന്നുവെന്ന് മുന്‍പൊരു പരിപാടിക്കിടയില്‍ താരം തുറന്നുപറഞ്ഞിരുന്നു. മിക്കപ്പോഴും താന്‍ അദ്ദേഹത്തിനൊപ്പമായിരിക്കും. 29 വര്‍ഷം മുന്‍പാണ് സുചിത്ര ജീവിതത്തിലേക്ക് വന്നത്. എന്നാല്‍ അതിന് ശേഷമാണ് ആന്റണി എത്തിയതെങ്കിലും വളരെ പെട്ടെന്നാണ് തന്റെ സന്തതസഹചാരിയായി മാറിയത്. തന്റെ കാര്യങ്ങള്‍ മാത്രമല്ല മറ്റ് ബിസിനസ് കാര്യങ്ങളിലും അദ്ദേഹം കൃത്യമായി ഇടപെടാറുണ്ട്.
അവസാന ശ്വാസം വരെ
അവസാന ശ്വാസം വരെ ആന്റണി തനിക്കൊപ്പമുണ്ടാകുമെന്നറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ സകല കാര്യങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. അതൊരു സത്യമാണഅ. ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമൃത ടിവിയിലെ ലാല്‍സലാമിന് വേണ്ടി ആന്റണി വേദിയിലേക്കെത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ തുറന്നുപറച്ചിലുകള്‍ വൈറലായിരുന്നു.
നിഴലാവുന്നതില്‍ അഭിമാനം
മോഹന്‍ലാലിന്റെ നിഴലാവുന്നതില്‍ എന്നും തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും താന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ ഉറ്റുനോക്കുന്ന മനുഷ്യന്റെ നിഴലാവുന്നതില്‍ അഭിമാനമേയുള്ളൂ. എന്നും ഡ്രൈവറായ ആന്റണിയായിരിക്കും താനെന്നും അതില്‍ അപ്പുറമൊന്നും തനിക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവിനോടൊപ്പം ഈ മുഖവും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കഥകള്‍ കേള്‍ക്കാറുണ്ട്
വര്‍ഷത്തില്‍ ആയിരത്തിലധികം കഥകള്‍ അദ്ദേഹം കേള്‍ക്കാറുണ്ട്. എന്നാല്‍ മൂന്നോ നാലോ സിനിമകളിലേ അദ്ദേഹം അഭിനയിക്കാറുള്ളൂ. ചില കഥകള്‍ കേള്‍ക്കുമ്ബോള്‍ത്തന്നെ അദ്ദേഹം വേണ്ടെന്ന് പറയാറുണ്ട്. ചില കഥകള്‍ താന്‍ കേട്ട് വേണ്ടെന്ന് വെച്ചതിന് ശേഷം ഇത് ചെയ്യാമെന്ന് അദ്ദേഹം പറയാറുണ്ടെന്നും ആന്റണി പറയുന്നു. മോഹന്‍ലാലിനോട് നേരിട്ട് കഥ പറയാന്‍ പറ്റാത്തതുമായി ബന്ധപ്പെട്ട് സംവിധായകര്‍ ഇടയ്ക്ക് വിമര്‍ശനം ഉന്നയിച്ചിരുന്നു.
നിര്‍മ്മാതാവെന്ന നിലയില്‍ അവകാശമില്ലേ?
കഥയെത്ര നല്ലതായാലും സമയം വേണ്ടേ, വര്‍ഷത്തില്‍ ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കാന്‍ കഴിയില്ലല്ലോ, അവസരം ലഭിക്കാത്തവര്‍ താന്‍ കാരണമാണ് അത് നടക്കാതെ പോയതെന്ന തരത്തില്‍ പറയാറുണ്ടെന്നും ആന്റണി പറയുന്നു. എന്നാല്‍ നിര്‍മ്മാതാവെന്ന നിലയില്‍ സിനിമയുടെ കഥ കേള്‍ക്കാനുള്ള അര്‍ഹത തനിക്കില്ലേ, ഒരു സിനിമ വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിര്‍മ്മാതാവിനില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ലാല്‍ സാറാണ് പറയേണ്ടത്
ആന്റണിക്ക് മുന്നില്‍ കഥ പറയാനാവില്ലെന്ന് ചിലര്‍ പറയാറുണ്ട്. ആന്റണി കേവലമൊരു ഡ്രൈവറാണ് എന്നതാണ് അവരുടെ പ്രശ്‌നം. മോഹന്‍ലാലിന്റെ കരിയറിലെ വിജയപരാജയങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ഒരാളെന്ന നിലയിലാണ് താന്‍ കഥ കേള്‍ക്കാറുള്ളത്. അദ്ദേഹത്തിന് മാത്രമേ അത് വേണ്ടെന്ന് പറയാനുള്ള അവകാശമുള്ളൂ. കാറിലും ജീവിതത്തിലും അദ്ദേഹം എന്നും തനിക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ദാനമാണ് തന്റെ ജീവിതമെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും ആന്റണി കുറിച്ചിട്ടുണ്ട്.
Comments