You are Here : Home / വെളളിത്തിര

ആത്മഹത്യയല്ല ഉത്തരം,,

Text Size  

Story Dated: Saturday, August 25, 2018 03:21 hrs UTC

സിനിമയ്ക്കും അപ്പുറത്ത് മറ്റ് വിഷയങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് മഞ്ജു വാര്യര്‍. കേരളത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയക്കെടുതിയില്‍ ആശ്വാസമേകാനായി താരം ഓടിയെത്തിയിരുന്നു. നേരത്തെ കുട്ടനാട്ടിലെ പ്രളയബാദിതരെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കാനും തന്റെ സഹായം എത്തിക്കാനുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നേരിട്ടെത്തിയിരുന്നു. താരത്തിന്റെ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ അഭിനേത്രി എത്തിയത്.
 
സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോള്‍ ലൂസിഫറില്‍ എത്തി നില്‍ക്കുകയാണ്. താന്‍ അഭിനയിച്ച സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചും കൃത്യമായി ഓര്‍ത്തിരിക്കുന്നുണ്ട് ഈ താരം. സുരാജ് അവതരിപ്പിച്ച കോമഡി സൂപ്പര്‍നൈറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം ഇത് വ്യക്തമാക്കിയത്. പ്രളയബാധിതരെ നേരില്‍ക്കാണാനും അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കാനും ഈ താരവും സജീവമായി മുന്നിലുണ്ടായിരുന്നു. പ്രളയത്തിന് ശേഷമുള്ള നാശനഷ്ടത്തില്‍ വേദനിച്ച്‌ നില്‍ക്കുന്നവരെ പ്രചോദിപ്പിക്കുന്ന വാക്കുകളുമായി താരമെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.
 
ക്യാംപുകളില്‍ നേരിട്ടെത്തി
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടല്‍ ഭീഷണിയുമൊക്കെയായി നിരവധി കുടുംബങ്ങളാണ് ക്യാംപുകളിലേക്ക് അഭയം തേടിയെത്തിയത്. ഒറ്റപ്പെട്ടുപോയവരെ ക്യാംപിലേക്കെത്തിക്കാനായി മുന്നിട്ടിറങ്ങിയവരില്‍ താരങ്ങളുമുണ്ടായിരുന്നു. ടൊവിനോ തോമസും ബാലു വര്‍ഗീസും രാജീവ് പിള്ളയുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നു. ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ ക്യാംപുകളിലേക്ക് സാധനമെത്തിക്കുന്നതിനായി മുന്നിലുണ്ടായിരുന്നു. കൊച്ചി. തിരുവനന്തപുരം എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് മഞ്ജു വാര്യര്‍ നേരിട്ടെത്തിയിരുന്നു.
 
 
 
കൊച്ചിയില്‍ നിന്നും തലസ്ഥാനനഗരിയിലേക്ക്
 
കൊച്ചിയില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ജില്ലാ ഭരണകൂടം തുടങ്ങിയ അന്‍പോട് കൊച്ചിയില്‍ താരങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, പാര്‍വതി, രമ്യ നമ്ബീശന്‍ എന്നിവരോടൊപ്പം മഞ്ജു വാര്യരും എത്തിയിരുന്നു. കലക്ഷന്‍ സെന്ററിലേക്ക് വേണ്ട സാധനങ്ങളെക്കുറിച്ച്‌ ഇവര്‍ വ്യക്തമാക്കിയിരുന്നു. ക്യാംപുകളിലേക്കായി സാധനങ്ങള്‍ പാക്ക് ചെയ്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
 
 
 
സ്വന്തം നാട്ടിലേക്ക് എത്താനായില്ല
 
കൊച്ചിയില്‍ തുടരുന്നതിനിടയില്‍ നാട്ടിലെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞിരുന്നുവെങ്കിലും താരത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അന്‍പോട് കൊച്ചിയില്‍ നിന്നും തലസ്ഥാന നഗരിയിലെ ക്യാംപിലേക്കായിരുന്നു താരം പോയത്. സംസ്‌കൃത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലെത്തിയ താരം ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
 
 
 
വിശ്വസിക്കാനായില്ല ആ കാഴ്ച
 
നാളുകള്‍ക്ക് ശേഷം തൃശ്ശൂരില്‍ സ്വന്തം നാടായ പുള്ളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ കണ്ട പല കാഴ്ചകളും തനിക്ക് വിശ്വസിക്കാനാവുന്നതല്ലെന്നും താരം പറഞ്ഞിരുന്നു. അടുത്ത സ്ഥലങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. അമ്മ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതുവരെ ചിരിച്ച്‌ ക വിശേഷങ്ങള്‍ അന്വേഷിച്ചിരുന്ന പലരും ക്യാംപില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ വല്ലാതെ വേദന തോന്നിയെന്നും താരം പറഞ്ഞിരുന്നു.
 
 
 
ആത്മഹത്യയെക്കുറിച്ചല്ല ആലോചിക്കേണ്ടത്
 
പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: "ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?"
അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: "തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തുവന്നാലും പേടിച്ച്‌ ജീവനൊടുക്കാന്‍ പോകില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതുപോലെയിരിക്കും." ഇപ്പോള്‍ ഇക്കാര്യം ആലോചിച്ചത് ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോഴാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ജീവിതത്തിന് അവസാനമിടുന്നു. ഒരു തരം ഒളിച്ചോട്ടമെന്നേ അതിനേ പറയാനാകൂ. ആത്മഹത്യയല്ല ഉത്തരം. ജീവിച്ചുകാണിച്ചുകൊടുക്കലാണ്.
 
 
 
സ്വയം ഇല്ലാതായാല്‍ പോയത് തിരികെക്കിട്ടുമോ?
 
കാലത്തോടും പ്രളയത്തോടുള്ള മറുപടി അതാണ്. ജലം കൊണ്ട് മലയാളികള്‍ക്ക് മുറിവേല്ക്കുകയായിരുന്നില്ല, പൊള്ളുകയായിരുന്നു. എല്ലാം ഉരുകിയൊലിച്ചുപോയി. അതിന്റെ വേദന എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍നിന്ന് പോകില്ല. പക്ഷേ സര്‍വനഷ്ടത്തിന്റെ ആ മുനമ്ബില്‍നിന്ന് മരണത്തിലേക്ക് എടുത്തുചാടാന്‍ തുനിയുന്നവര്‍ ഒരുനിമിഷം ആലോചിക്കുക. നിങ്ങള്‍ സ്വയം ഇല്ലാതാകുന്നതുകൊണ്ട് നഷ്ടമായതെല്ലാം ഉറ്റവര്‍ക്ക് തിരികെക്കിട്ടുമോ? അത് വെള്ളത്തിന്റെ തീമുറിവുകളെ കൂടുതല്‍ ആളിക്കത്തിക്കുകയല്ലേ ചെയ്യുക? ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല. എല്ലാം സൃഷ്ടിച്ചതാണ്. ഇനിയും അതിന് സാധിക്കും. ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല.
 
 
 
മാധ്യമങ്ങളോട് ഒരു വാക്ക്
 
ഇത്തരം ആത്മഹത്യാവാര്‍ത്തകള്‍ ദയവുചെയ്ത് ഒഴിവാക്കുക. പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്റെ വാക്കുകള്‍ എടുത്തെഴുതട്ടെ: "പ്രളയവുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടമാണ്. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്ബോള്‍ ഇത് തികച്ചും അനുചിതമാണ്. സ്വയം മരണങ്ങള്‍ക്കുള്ള പ്രചോദനമാകും. റിപ്പിള്‍ എഫക്‌ട് വരും. മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം."
 
 
 
ദുരിതബാധിതരോട് പറയാനുള്ളത്?
 
ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല. കൈവിട്ടുപോയതിനെയെല്ലാം പുന:സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ട്. അത്തരം പരസ്പരസഹായത്തിന്റെ ഏറ്റവും തിളക്കമുള്ള കാഴ്ചകളല്ലേ ഇപ്പോള്‍ നമുക്കുചുറ്റുമുള്ളത്. ഇല്ലാതാകുകയല്ല വേണ്ടത്,ഉണ്ടാക്കിയെടുക്കുകയാണ്. നിങ്ങള്‍ തോറ്റയാളല്ല,ജയിക്കേണ്ട മനുഷ്യനാണ്...
 
അധികൃതരോടുള്ള അഭ്യര്‍ത്ഥന
 
ക്യാമ്ബുകളില്‍ ദയവായി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക. ക്യാമ്ബുകള്‍ അവസാനിച്ചാലും വീടുകളില്‍ അത് തുടരുക. ദുരിതബാധിതരോട് ഒരിക്കല്‍ക്കൂടി: നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല അതിനെ. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക. പിന്നെ ജീവിതത്തോട് പറയുക,തോല്പിക്കാനാകില്ല എന്നെ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.