ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിനെതിരെ നല്കിയ പരാതിയില്‍ നടി പ്രിയ വാര്യര്‍ക്കെതിരെ എടുത്ത എഫ്ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലു, നിര്‍മ്മാതാവ് ജോസഫ് വാളക്കുഴി ഈപ്പന് എന്നിവര്‍ക്കെതിരെയുള്ള എഫ്ഐആറും കോടതി റദ്ദാക്കിയിട്ടുണ്ട്.
ഗാനരംഗത്തിനെതിരെ ഒരുസംഘം ആളുകളാണ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം. തെലങ്കാന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തെലങ്കാന പൊലീസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയ വാര്യരും സംവിധായകന് ഒമര്‍ ലുലുവും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയിലെ ഒരു പാട്ടിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് കോടതി പൊലീസിനോട് ചോദിച്ചു.
Comments