സംഗീതലോകത്തെ കുഞ്ഞുമണിമുഴക്കങ്ങളായി മലയാളികള്‍ നെഞ്ചിലേറ്റിയ രണ്ടുകുരുന്നുകളായിരുന്നു ശിവദത്തിലെ തേജസ്വിനിയും, ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദനയും. ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു നമ്മുടെ കുഞ്ഞുങ്ങളായി നെഞ്ചോട് ചേര്‍ത്ത ആ കുരുന്ന്നുകളുടെ വിയോഗവാര്‍ത്ത.
കെ.എസ് ചിത്രയും, ബാലഭാസ്ക്കരും ഒരുകുഞ്ഞിക്കാലിന് വേണ്ടി വര്‍ഷങ്ങളോളമാണ് കാത്തിരുന്നത്. അവരോടൊപ്പം നമ്മള് മലയാളികളും ഒരുമനസോടെ പ്രാര്‍ത്ഥിച്ചു. വൈകിവന്ന വസന്തമായിമാറിയ അവര്‍ മലയാളത്തിന്റെ സംഗീതമുറ്റത്ത് കളിചിരികളുമായി ഓടിക്കളിച്ചു. അപകടത്തിന്റെ രൂപത്തില്‍ വിധി അവരെ തട്ടിയെടുത്തു. എന്തേ ചിലപ്പോഴൊക്കെ വിധി ക്രൂരമാകുന്നതെന്ന് ചിന്തിച്ചുപോകുന്നു .
വൈകിയാണ് നന്ദന ചിത്രയുടെ ജീവിതത്തിലേയ്ക്ക് വന്നത്. വളരെ നേരത്തെ മടങ്ങിപ്പോവുകയും ചെയ്തു. മകള്‍ നന്ദനയുടെ ഉയിര് ആകസ്മികമായി പടികടന്നെത്തിയ അപകടത്തിലൂടെ നഷ്ടപ്പെട്ടപ്പോള്‍ ആ ദുരന്തം വിട്ടുമാറാത്തൊരു വേദനയായി ചിത്രയെയും, കുടുംബത്തെയും വേട്ടയാടുകയാണ് ഇപ്പോഴും.
2011 ലാണ് ചിത്രയുടെ മകള്‍ നന്ദന ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും 2002ല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍ വര്‍ണ്ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ചിത്ര ആലപിച്ചത്. വലിയ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്കി. പിന്നീട് ഒരു വിഷുനാളിലാണ് ചിത്രയ്ക്ക് നന്ദനയെ നഷ്ടമാകുന്നത്.
ഏറ്റവുമൊടുവിലായാണ് മലയാളികളുടെ സ്വന്തം സംഗീതഞ്ജനായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും രണ്ട് വയസ്സുകാരിയായ തേജസ്വിനി മരണപ്പെടുകയും ചെയ്യുന്നത്. വടക്കുംനാഥക്ഷേത്രത്തില്‍ മകള്‍ക്ക് വേണ്ടിയുള്ള വഴിപാട് കഴിഞ്ഞ് ഭാര്യയെയും കൂട്ടി പിഞ്ചോമനയ്ക്കൊപ്പം കാശിനാഥനെ കണ്ട് മടങ്ങവേ അപ്രതീക്ഷിതമായി ഉണ്ടായ ആ അപകടം കാത്ത് കാത്തിരുന്നു കിട്ടിയ പിന്നോമനയുടെ ഉയിരെടുതെന്ന് ഇപ്പോഴും ബാലഭാസ്ക്കറും,ഭാര്യയും അറിഞ്ഞിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കവേ സുഹൃത്തുക്കളായിരുന്ന ബാലഭാസ്ക്കറും, ലക്ഷ്മിയും 2000 ഡിസംബര്‍ 16ന് ആണ് പ്രണയിച്ച് വിവാഹിതരായത്. നീണ്ട കാത്തിരിപ്പിനും, പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ 2017 ഏപ്രില്‍ 21ന് ആയിരുന്നു തേജസ്വിനിയുടെ ജനനം. ജാനിയെന്ന ഓമനപ്പേരില്‍ അവളെ താലോലിക്കാന്‍ തുടങ്ങി. ജാനി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം കിട്ടുന്ന സമയത്തെല്ലാം അവളോടൊപ്പമായിരുന്നു ബാലഭാസ്ക്കര്‍. മരണപ്പെടുന്നതിന് തൊട്ടുമുമ്ബും അവള് അച്ഛന്റെ നെഞ്ചിലായിരുന്നു കിടന്നത്.
തിരുവനന്തപുരത്തെ കുണ്ടമണ്‍ഭാഗം തിട്ടമംഗലം പുലരി നഗര്‍ ഇപ്പോഴും ആ അപകട വാര്‍ത്തയില്‍ നിന്ന് മുക്തരായിട്ടില്ല. തേജസ്വിയുടെ മൃതദേഹം എംബാം ചെയ്ത് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. അച്ഛനും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ പതിനാറുവര്‍ഷങ്ങള്‍ക്ക് ശേഷം ജാനിക്ക് അന്ത്യചുംബനം നല്‍കാനും ബാലഭാസ്കറിനും ഭാര്യയ്ക്കുമാകില്ല.
പതിനാറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്. സ്നേഹത്തോടെ ആ വീട്ടില്‍ മുഴങ്ങിക്കേട്ടിരുന്നത് ജാനിയെന്ന വിളിയായിരുന്നു. തിട്ടമംഗലം പുലരി നഗര്‍ 'ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് ഓടിക്കളിച്ച് നടന്നിരുന്ന കുസൃതിക്കാരി ആരെ കണ്ടാലും പുഞ്ചരിക്കുമായിരുന്നു. അച്ഛന്റെ നെഞ്ചോട് ചേര്‍ന്ന് കിടക്കനായിരുന്നു അവള്‍ക്കെന്നും ഇഷ്ടം, ഇനി ജാനിയെന്ന് വിളിച്ച് താലോലിക്കാനും,ഓടിനടന്ന് കുഞ്ഞിക്കവിളുകളില്‍ ഉമ്മവയ്ക്കാനും അവളില്ല...
ബാലഭാസ്ക്കറിനും കുടുംബത്തിന്റെയും തിരിച്ചുവരവിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. താങ്ങാനാവാത്ത വിയോഗമാണ് ആ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതെങ്കിലും അതില്‍ നിന്നും കരകയറാനും ആരോഗ്യസ്ഥിതി പൂര്‍വ്വനിലയിലാവാനുമായി അവര്‍ക്ക് കഴിയട്ടെയെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്നത്.
Comments