You are Here : Home / വെളളിത്തിര

കാത്തിരുന്ന കായംകുളം കൊച്ചുണ്ണി നാളെ എത്തുന്നു

Text Size  

Story Dated: Wednesday, October 10, 2018 02:16 hrs UTC

നാളെ നിവിന്‍ പോളിയുടെ പിറന്നാളാണ്. 34 വയസ്സ് തികയുന്ന നാളില്‍ സിനിമാ ജീവിതത്തിലെ സുപ്രധാനമായ ഒരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് ഈ നടന്‍. 'കായംകുളം' കൊച്ചുണ്ണിയെന്ന ഐതിഹാസിക കള്ളന്റെ കഥയുമായി 'കായംകുളം കൊച്ചുണ്ണി' നാളെ തിയേറ്ററുകളില്‍​ എത്തുമ്ബോള്‍ അത് നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിലൊന്നു കൂടിയാവുകയാണ്.
 
2010ല്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ നടന്‍. ഈ കാലത്തിനിടയില്‍ വ്യത്യസ്തമായ പല വേഷങ്ങള്‍ അവതരിപ്പിച്ച ഈ നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവും കൂടിയാണ് 'കായംകുളം കൊച്ചുണ്ണി'. ചരിത്രവും ഐതിഹ്യവും കൂടിക്കലര്‍ന്ന ഈ ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുമ്ബോള്‍ നിവിന്‍ പോളി എന്ന ചെറുപ്പക്കാരന് തന്റെ അഭിനയ ജീവിതത്തിന്റെ ഒരു മൈല്‍സ്റ്റോണ്‍ കൂടി കടക്കാനാവുമോ എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
 
നിവിന്‍ പോളി എന്ന നടനെ ചിത്രത്തിലേക്ക് തിരഞ്ഞടുത്തതിനെക്കുറിച്ച്‌, അണിയറ പ്രവര്‍ത്തകര്‍ക്ക് ആകാംക്ഷയെക്കാള്‍ ഉപരി അഭിമാനമാണുള്ളത്‌. 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമ പ്ലാന്‍ ചെയ്യുമ്ബോള്‍ മുതല്‍ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന്റെയും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ്‌മാരുടെയും മനസ്സില്‍ തെളിഞ്ഞ ഒരേ ഒരു മുഖവും നിവിന്‍ പോളിയുടേതായിരുന്നു.
 
"കായംകുളം കൊച്ചുണ്ണിയുടെ കാസ്റ്റിങ്ങിനെ കുറിച്ച്‌​ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് നിവിന്‍ പോളി തന്നെയായിരുന്നു. കാരണം നിവിന്‍​ എന്ന നടന്റെ 'വള്‍നറബിളിറ്റി' ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. കായംകുളം കൊച്ചുണ്ണി ഒരു സൂപ്പര്‍ ഹീറോ ആയിട്ടല്ല ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണ മനുഷ്യനാണ് അയാള്‍. അയാള്‍ക്ക് പ്രണയമുണ്ട്. അയല്‍പ്പക്കത്തെ പയ്യനായിരുന്നു അയാള്‍. അതിന് നിവിന്‍ തന്നെയാവും അനുയോജ്യന്‍ എന്നു തോന്നി", കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ് ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
"യുവാവില്‍ നിന്ന് ഒരു പൂര്‍ണ പുരുഷനിലേക്കുള്ള ഒരു ട്രാന്‍സ്ഫര്‍മേഷന്‍ ഉണ്ട് കഥയില്‍. കഥാപാത്രം ചെറുപ്പക്കാരനായി വരുമ്ബോള്‍ ഒരു ബോയിഷ് ലുക്ക് വേണം. അതേസമയം പ്രായമായി വരുമ്ബോള്‍ മുതിര്‍ന്ന ഒരാളായും തോന്നണം. ഈ രണ്ടു ക്രൈറ്റീരിയകളെയും തൃപ്തിപ്പെടുത്തുന്ന ആളായിരുന്നു നിവിന്‍. ക്ലീന്‍ ഷേവ് ചെയ്തു വരുമ്ബോള്‍ നിവിനില്‍ ഒരു ബോയ് ഉണ്ട്. അതേസമയം റിയല്‍ കഥാപാത്രമായി വരുമ്ബോള്‍ അയാള്‍ ശരിക്കും ഒരു മുതിര്‍ന്ന പുരുഷനാണ്. എല്ലാ നടന്മാര്‍ക്കും ആ പരിവര്‍ത്തനം അത്ര എളുപ്പമല്ല. സാധാരണ മുതിര്‍ന്ന ഒരാളെ ബോയ് ആയി കാണിക്കുമ്ബോള്‍ അതിലൊരു ഏച്ചുക്കെട്ടല്‍ തോന്നും. നിവിനില്‍ അതില്ല. നിവിനെന്ന ആര്‍ട്ടിസ്റ്റിന്റെ ഒരു പ്രത്യേകതയാണ് ആ റേഞ്ച്. കഥയ്ക്ക് യോജിച്ച നടന്‍ എന്ന രീതിയിലാണ് നിവിനെ തീരുമാനിക്കുന്നത്," ബോബി കൂട്ടിച്ചേര്‍ത്തു.
 
നിവിന്‍ തന്നെയാണ് 'കായംകുളം കൊച്ചുണ്ണി'യായി ആദ്യം മനസ്സില്‍ വന്നത്
 
 
 
19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാവങ്ങളുടെ 'ദൈവ'മായിരുന്ന കായംകുളം കൊച്ചുണ്ണിയാവാന്‍ ഏറെ തയ്യാറെടുപ്പുകള്‍ നിവിന്‍ നടത്തിയിട്ടുണ്ട്. ചിത്രത്തിനായി ശരീരഭാരം കൂട്ടുകയും കുതിരസവാരി അഭ്യസിക്കുകയും വാള്‍പയറ്റ് പഠിക്കുകയും ചെയ്തിരുന്നു.
 
"എന്റെ കരിയറിലെ​ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് 'കായംകുളം കൊച്ചുണ്ണി'യിലേത്. ഈ ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ സീനുകളുണ്ട്. ഈ ചിത്രത്തിനു വേണ്ടി ഞാന്‍ ഹോഴ്സ് റൈഡിംഗ് പഠിച്ചു. ഒരുപാട് സമയവവും എടുത്താണ് ഈ സിനിമയ്ക്കു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ നടത്തിയത്," ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പറയുന്നു.
 
Read in English: Nivin Pauly: Actors should push themselves by crossing boundaries
 
മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന പടങ്ങളില്‍​ ഒന്നു കൂടിയാണ് 'കായംകുളം കൊച്ചുണ്ണി'. ബിഗ് സ്കെയിലില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 45 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാംഗ്ലൂര്‍, ഉഡുപ്പി, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായി 9 മാസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
 
"കളിമണ്ണു പോലെയായിരുന്നു നിവിന്‍ എന്ന നടന്‍.​ ഏതു രീതിയിലേക്കും എനിക്ക് മോള്‍ഡ് ചെയ്തെടുക്കാനുള്ള സാധ്യതകള്‍ സമ്മാനിച്ചിരുന്നു. ഹ്യൂമര്‍ അടക്കം നിരവധി ഇമോഷനുകള്‍ മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ബ്രില്ല്യന്റായ നടനാണ് നിവിന്‍. അത്ഭുതകരമായ പ്രകടനമാണ് നിവിന്‍ കാഴ്ച വെച്ചിരിക്കുന്നത്," സംവിധായകന്റെ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഗള്‍ഫ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു റോഷന്റെ ഈ വിലയിരുത്തല്‍.
 
 
ചിത്രത്തിന്റെ പാക്കപ്പ് വേളയില്‍ നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും
 
മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നിവിനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ട്രെയിലറില്‍ കണ്ടു തന്നെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.
 
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് കായംകുളം കൊച്ചുണ്ണി തന്ന മറ്റൊരു ഭാഗ്യം എന്നാണ് നിവിന്‍ പറയുന്നത്, "12 ദിവസത്തോളം ലാലേട്ടന്‍ ഞങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു. ഓരോ തവണയും അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാകും. ആ 12 ദിവസങ്ങള്‍ എന്റെ ജീവിതത്തിലെയും മറക്കാനാവാത്ത ദിവസങ്ങളാണ്". നിവിന്‍ കൂട്ടിച്ചേര്‍ത്തു.
 
ഇത്തിക്കരപ്പക്കി: കഥയും കഥാപാത്രവും
 
 
 
ഇത്തിക്കരപ്പക്കിയെക്കുറിച്ച്‌ പ്രാദേശിക ചരിത്രം വിവരിക്കുന്നത് കഥകളിലും സ്വപ്നങ്ങളിലും പേടിയിലും ഇഷ്ടത്തിലും നിറഞ്ഞു നില്‍ക്കുന്ന അലൗകികനായ കള്ളനായിട്ടാണ്. നദിക്ക് മുകളിലൂടെ പക്കി നടന്നിട്ടുണ്ടെന്നാണ് ഒരു കഥ. പട്ടിണിപാവങ്ങള്‍ക്കായി അരി മോഷ്ടിച്ചു കൊണ്ടു വരുമ്ബോഴാണ്, ഇത്തിക്കരയാറിന്റെ മാറിലൂടെ പക്കി നടന്നത്. ഇതിന് മുന്‍പ് ക്രിസ്തു മാത്രമാണ് ജലത്തിന് മുകളില്‍ നടന്നതായി നമ്മള്‍ കേട്ടിട്ടുള്ളത്.
 
പക്കി കുമ്ബിടിയാണ്, ചാത്തന്‍മാരെ പോലെയും ഗന്ധര്‍വ്വന്‍മാരെ പോലെയുമാണ്. ഒരേ സമയം പല സ്ഥലത്ത് കാണാമെന്നും നാട്ടു കഥകള്‍ പറയുന്നു. പല രൂപത്തിലും പക്കി പ്രത്യക്ഷപ്പെടും മാനായും മനുഷ്യനായും പക്ഷിയായും. പക്കി പല ഭാഷ സംസാരിക്കും. ഉറുദുവും തമിഴും മലയാളവും അങ്ങിനെ പലതും പക്കിക്ക് വഴങ്ങും.
 
1980ല്‍ 'ഇത്തിക്കരപ്പക്കി' എന്ന പേരില്‍ ഒരു ചലച്ചിത്രം ജെ ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തു വന്നിട്ടുണ്ട്. പ്രേം നസീര്‍ ആണ് ഇത്തിക്കരപ്പക്കിയുടെ വേഷം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.