താരസംഘടനയായ എഎംഎംഎ യുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനം എന്ന പേരില്‍ നടന്‍ സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനം അച്ചടക്ക ലംഘനമാണെന്ന് സംഘടയുടെ ഔദ്യോഗിക വിശദീകരണം. ഡബ്ല്യുസിസിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലേതാണ് സംഘടനയുടെ നിലപാടെന്നും ജഗദീഷ് ഔദ്യോഗിക വക്താവല്ലെന്ന സിദ്ദിഖിന്റെ വാദം തെറ്റാണെന്നും സംഘടന അറിയിച്ചു. കെപിഎസി ലളിതയെ കൂടെനിര്‍ത്തി സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത് സ്വന്തം താല്‍പ്പര്യത്തിനാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 19ന് യോഗം ചേരുമെന്നും സംഘടന അറിയിക്കുന്നു.
സിദ്ദിഖിന്റെ നടപടിയും വാക്കുകളും സംഘടനയുടെ പ്രതിച്ഛായ മോശമാക്കി.ഡബ്ല്യുസിസിയുമായി ചര്‍ച്ചകള്‍ തുടരാനും അനുരഞ്ജനത്തിനുമാണ് ശ്രമിക്കുന്നതെന്ന ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ നിലപാടിന് വിരുദ്ധമായിരുന്നു സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം. നേരത്തേ ദിലീപിനെ സംരക്ഷിക്കാന്‍ ചിലര്‍ അമിത വ്യഗ്രത കാണിക്കുന്നതില്‍ നീരസമുണ്ടായതിനാല്‍ മോഹന്‍ലാല്‍ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തേ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്‍കേണ്ട നിവേദനത്തിലും നടിയെ പിന്തുണയ്ക്കുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയതിലുമെല്ലാം സംഘടനയ്ക്കകത്ത് തര്‍ക്കമുണ്ടായപ്പോഴേ മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന സ്റ്റേഷ് ഷോകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രാജിവെക്കുന്നതിനെ കുറിച്ചാണ് മോഹന്‍ലാല്‍ ചിന്തിക്കുന്നത്.
മോഹന്‍ലാലിനൊപ്പം ജഗദീഷ്, മുകേഷ്, ജയസൂര്യ, സുധീര്‍ കരമന, ആസിഫ് അലി, ഇടവേള ബാബു എന്നിവരാണ് സിദ്ദിഖിന്റെ നടപടി തെറ്റായതായി വിലയിരുത്തുന്നത്. എന്നാല്‍ സിദ്ദിഖ് പറഞ്ഞതിനോട് യോജിപ്പുള്ളവരും സംഘടനയിലുണ്ട്. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നവരാണ്.
Comments