You are Here : Home / വെളളിത്തിര

ധാര്‍മ്മികത എന്തെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്, ഒരു വ്യക്തിയല്ല

Text Size  

Story Dated: Tuesday, October 16, 2018 04:52 hrs UTC

താരസംഘടനയായ എഎംഎംഎയില്‍ അഭിപ്രയാഭിന്നത രൂക്ഷമാകുന്നു. സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും നിലപാടുകളെ തള്ളി സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് രംഗത്ത്. കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച്‌ പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു.
 
"ഈ പത്രസമ്മേളനം നടക്കുന്നത് തന്നെ ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. അതുതന്നെ വളരെ സ്‌ട്രെയ്ഞ്ച് ആണ്. ആരോപണവിധേയനായ ഒരാളെക്കുറിച്ച്‌ പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച്‌ തന്നെയാകുമ്ബോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? അതില്‍ ഒരു ധാര്‍മ്മികതയുമില്ല. ആരോപണവിധേയനായ ആളുടെ സെറ്റില്‍വച്ച്‌ അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ? നമ്മുടെ പ്രസ് റിലീസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും പറയുന്നില്ല. ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാര്‍മ്മികത എന്തെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്, ഒരു വ്യക്തിയല്ല," ജഗദീഷ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് വ്യക്തമാക്കി.
 
സിദ്ദിഖ് ചെയ്തത് അച്ചടക്കലംഘനമാണെന്നും ജഗദീഷ് വ്യക്തമാക്കി. "ജനറല്‍ ബോഡി ഉടന്‍ വിളിക്കില്ല എന്നൊന്നും സിദ്ദിഖിന് തീരുമാനിക്കാന്‍ കഴിയില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ബോഡി കൂടണം എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. പിന്നെ ലളിതച്ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്? ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയിരിക്കും. എന്നുവച്ച്‌ ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച്‌ സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ 'അമ്മ' ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കാന്‍," ജഗദീഷ് പറഞ്ഞു.
 
താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും തീര്‍ത്തും വൈരുദ്ധ്യമായ കാര്യങ്ങളാണ് സിദ്ദിഖ് പറഞ്ഞതെന്നും ജഗദീഷ് തുറന്നടിച്ചു.
 
'ഞാന്‍ പറഞ്ഞത് ജനറല്‍ ബോഡി കൂടും എന്നായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ജനറല്‍ ബോഡി കൂടില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. എപ്പോള്‍ ജനറല്‍ ബോഡി കൂടും എന്നത് തീരുമാനിക്കേണ്ടത് സിദ്ദിഖ് അല്ല, എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. മാത്രമല്ല, സംഘടനയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് സന്തോഷമേയുള്ളൂ. അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. പക്ഷെ അത് സിദ്ദിഖിന്റെ വെര്‍ഷനായപ്പോള്‍ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അവരെ അപമാനിക്കുന്നതിന് തുല്യമാണത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നു എന്നാണ് 'അമ്മ' പറയുന്നത്. പക്ഷെ അവരെക്കൊണ്ട് മാപ്പു പറയിക്കണം എന്ന് സിദ്ദിഖ് പറയുമ്ബോള്‍, എന്തിന് വേണ്ടി മാപ്പ് പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പ് പറയണം എന്ന്. എത്രയോ വര്‍ഷം മുമ്ബ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്?' ജഗദീഷ് ചോദിക്കുന്നു.
താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോട് ചോദിച്ചാണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നും ജഗദീഷ് പറഞ്ഞു.
 
"വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളും ആ പ്രസ് റിലീസിനെ കുറിച്ച്‌ നല്ല അഭിപ്രായമാണ് പറഞ്ഞത്. മാത്രമല്ല, ഓരോ കാര്യങ്ങളും മോഹന്‍ലാലുമായി ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നീടാണ് പെട്ടെന്ന് സിദ്ദിഖും ലളിത ച്ചേച്ചിയും വാര്‍ത്താ സമ്മേളനം വിളിച്ചത്," ജഗദീഷ് പറയുന്നു.
 
ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തിന് മറുപടി എന്ന നിലയ്ക്കാണ് ഇന്നലെ സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിലാണ് മാധ്യമപ്രവര്‍ത്തകര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ച്‌ ചോദിച്ചത്. വാര്‍ത്താക്കുറിപ്പില്‍ ജഗദീഷ് സംഘടനയുടെ ഔദ്യോഗിക വക്താവാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് വാര്‍ത്താക്കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും ജഗദീഷ് എഎംഎംഎയുടെ ഔദ്യോഗിക വക്താവ് അല്ലെന്നും സിദ്ദിഖ് പറഞ്ഞത്. ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതുപോലെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കില്ലെന്നും അടുത്ത ജൂണില്‍ മാത്രമേ ജനറല്‍ ബോഡി ചേരൂവെന്നും സിദ്ദിഖ് വ്യക്തമാക്കി.
 
ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണെന്നും, അധികം വൈകാതെ ജനറല്‍ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് കരുതുന്നുതായുമാണ് ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ജനറല്‍ ബോഡി യോഗത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയുളള ഉചിത തീരുമാനങ്ങള്‍ കൈകൊളളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരസംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.