എഎംഎംഎയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സിദ്ദീഖും, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് തുറന്നടിച്ച് ലിബര്‍ട്ടി ബഷീര്‍. ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്‍ന്നാല്‍ മോഹന്‍ലാല്‍ വൈകാതെ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
'എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം മുതലേയുള്ള കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന് അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മോഹന്‍ലാലിനേയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണെന്നും' ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.
'നിലനില്ക്കേണ്ട സംഘടനയാണ് എഎംഎംഎ പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്ബോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല.
ഈ പോക്ക് ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവച്ച് പോയിക്കളയും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്ബര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്'. ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
'താനെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്കൊപ്പമാണെന്നും ഇനിയും തുറന്നുപറച്ചിലുകള്‍ വരാനുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എഎംഎംഎയ്ക്കെതിരേ പറയുന്ന കാര്യങ്ങളൊന്നും മുഴുവനായി ഡബ്ല്യുസിസി പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തില്‍ പല മോശം അനുഭവങ്ങളും എഎംഎംഎയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ നടക്കുന്നതാണ്. ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് നമ്മള് പ്രൊഡക്ഷന്‍ മാനേജര്‍മാരെ വയ്ക്കുന്നത്.
പക്ഷേ, ഇന്നലെ കണ്ടില്ലേ ബാദുഷയുടെ അസിസ്റ്റന്റ് ആയി നില്ക്കുന്ന ഷെറിന് എന്ന വ്യക്തി അര്‍ച്ചന പദ്മിനിയെ ഉപദ്രവിച്ചു എന്ന വാര്‍ത്ത. അത് ബാദുഷ തന്നെ സമ്മതിച്ചു. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റാതാവുകയാണ്. നമുക്ക് എല്ലാ മുറിയുടെയും മുന്നില്‍ കാവല്‍ നില്‍ക്കാനാവില്ല. അതിനായാണ് നാലും അഞ്ചും പ്രൊഡക്ഷന്‍ അസിസ്റ്റന്റ്മാര്‍. ആണ്-പെണ് വ്യത്യാസമില്ലാതെ രണ്ടു കൂട്ടരുടെയും സുരക്ഷയ്ക്ക് ഓരോ ഹോട്ടലിലും ഓരോ ആളെങ്കിലും ഉണ്ടാകും'- ബഷീര്‍ പറയുന്നു.
'രേവതി പത്ത് മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട്. അവര്‍ക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതില്‍ ഒരു 10 ശതമാനം മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂവെന്നും ബഷീര്‍ പറഞ്ഞു. മഞ്ജുവിന്റേത് നിശബ്ദ പോരാട്ടമാണെന്നും അവര്‍ ഡബ്ല്യുസിസി വിട്ടുപോകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഇനിയും പുതിയ പുതിയ ആരോപണങ്ങള്‍ വരും. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളില്‍ പെടും. കുറച്ചാളുകള്‍ ധൈര്യം കാണിച്ചാല്‍ മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവര്ക്കും ധൈര്യമാകും. ചുരുക്കം ചിലര്‍ക്കേ അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതുള്ളൂ. മറ്റുള്ളവര്‍ അതെല്ലാം നേരിടാന്‍ സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്- ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Comments