സിനിമാ മേഖലയില്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാത്തതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി പാര്‍വ്വതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തങ്ങള്‍ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതെയായെന്ന് താരം പറയുന്നു.
ബോളിവുഡില്‍ അഭിനേത്രികള്‍ തുറന്നുപറച്ചിലിനു തയ്യാറായി മുന്നോട്ടു വരുമ്ബോള്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെടില്ല എന്ന് ഉറപ്പുനല്‍കുന്ന നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍ ഹൗസുകളും അവിടെയുണ്ട്, എന്നാല്‍ മലയാളത്തില്‍ അതില്ലെന്ന് പാര്‍വ്വതി പറയുന്നു.
'ഞങ്ങളുടെ പേരിനൊപ്പം ഡബ്ല്യൂസിസി കൂടെ വന്ന നിമിഷം തൊട്ട് ഇവിടെ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്,' പാര്‍വ്വതി തുറന്നുപറഞ്ഞു.
പുസ്തകങ്ങളിലും, കടലാസുകളിലും കേരളമെന്നാല്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനമാണ്.
എന്നാല്‍ ഇവിടെ അന്ധമായ താരാരാധന ഉള്ള ഇടമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യമെന്നും പാര്‍വ്വതി പറയുന്നു. ഓണ്‍ലൈന്‍ ആക്രമണങ്ങള്‍, കൊലപാതക ഭീഷണി, ബലാത്സംഗ ഭീഷണി തുടങ്ങി ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറുന്ന ഒരു കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.
'ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനില്‍ പേടിയുണ്ട്. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാം,' പാര്‍വ്വതി പറഞ്ഞു. തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരം മാത്രമാണ് സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും പാര്‍വ്വതി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തന്റെ സിനിമകളെല്ലാം തന്നെ മാസങ്ങളോളം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്, എല്ലാം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.
എന്നാല്‍ തനിക്കിപ്പോള്‍ ഒരേയൊരു അവസരമാണ് ഉള്ളത്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നതെന്നും പാര്‍വ്വതി പറയുന്നു.
Comments