എക്കാലത്തെയും മികവാര്‍ന്ന ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭ ഐ വി ശശിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് ഇരുപ്പം വീട്ട് ശശിധരനെന്ന ഐവി ശശി സിനിമയിലേക്ക് തിരിയുന്നത്. 1968 ല്‍ എവി രാജന്റെ കളിയല്ല കല്യാണം എന്ന ചിത്രത്തില്‍ കലാസംവിധായകനായാണ് തുടക്കം. 27-ാം വയസ്സില്‍ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമാ ജീവിതം ആരംഭിച്ച ഐവി ശശിക്ക് താന്‍ തെരഞ്ഞെടുത്ത മേഖലയില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലുമായി നൂറ്റിഅന്‍പതിലേറെ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മലയാളത്തില്‍ അവളുടെ രാവുകള്‍, അങ്ങാടി, 1921, അനുബന്ധം, ആരൂഢം, അഹിംസ, ഈ നാട്, ആവനാഴി, ഇണ, മൃഗയ, ദേവാസുരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍ തുടങ്ങി ഇന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍.ഉത്സവം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പ്രണയചിത്രങ്ങളിലൂടെയും ശേഷം ജീവിതഗന്ധിയായ കുടുംബ ചിത്രങ്ങളൊരുക്കിയും കൈവെച്ചതൊക്കെയും പൊന്നാക്കിയ ചരിത്രമാണ് ഐവി ശശിയെന്ന അതുല്യ കലാകാരനുള്ളത്. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Comments