ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി.
അവളോടൊപ്പമെന്ന നിലപാടില്‍ മഞ്ജു വാര്യര്‍ ഇപ്പോഴുമുണ്ടെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാര്യര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും റിമ പറയുന്നു.
ആ നിലപാടിനൊപ്പം അവളുമുണ്ട്. സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരിക്കും' റിമ വ്യക്തമാക്കി.
'തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. എന്നാല്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും. ഇത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്. വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുമെന്നും' റിമ പറഞ്ഞു.
അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെടെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരെയും റിമ വിമര്‍ശിച്ചു. "അവര്‍ തിരഞ്ഞെടുക്കുന്ന രണ്ട് സ്ത്രീകള്‍ എ.എം.എം.എയുടെ നിലപാടുകളെ പൂര്‍ണമായും അംഗീകരിക്കുന്ന രണ്ടുപേരായിരിക്കും.
ആ രണ്ട് വനിതാപ്രതിനിധികള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായിട്ട് ഞാന്‍ കണ്ടിട്ടില്ല. പോട്ടെ, എന്തെങ്കിലുമൊരു വിയോജിപ്പ് യോഗത്തില്‍ പ്രകടിപ്പിച്ചിട്ടുപോലുമില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നതുകൊണ്ടുമാത്രം രണ്ടുപേരെ അവിടെ ഇരുത്തിയിട്ടുള്ളതാണ്. ഒരു രീതിയിലും തീരുമാനമെടുക്കാവുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല", റിമ പറയുന്നു.
"ആകെ എ.എം.എം.എയുടെ യോഗത്തില്‍ എന്തെങ്കിലും ചെയ്തുകണ്ടിട്ടുള്ള അഭിനേത്രി പാര്‍വതിയാണ്. ഒരു മീറ്റിങ്ങില്‍ പാര്‍വതി ഒരിക്കല്‍ ഒരു സൈനിങ് നടത്തി. ഹെയര്‍ ഡ്രസേഴ്‌സ് അടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും ബാത്‌റൂം സൗകര്യം വേണമെന്നും പറഞ്ഞ് ഒപ്പുകള്‍ ശേഖരിച്ചു. യോഗത്തില്‍ സബ്മിറ്റ് ചെയ്തിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. ആ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല", റിമ പറഞ്ഞു.
Comments