You are Here : Home / വെളളിത്തിര

രഞ്ജിത്ത് - ലാല്‍ ടീമിന്റെ ഡ്രാമ വരുന്നു

Text Size  

Story Dated: Saturday, October 27, 2018 03:03 hrs UTC

രഞ്ജിത്ത് ചിത്രങ്ങളിലെ മോഹന്‍ലാലിനെ കാണാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിഷ്ടക്കൂടുതല്‍ എന്നുമുണ്ട്. നിരവധിയേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഇരുവരും ഒന്നിക്കുമ്ബോള്‍ അതില്‍ ആസ്വാദനത്തിന് പുത്തന്‍തലങ്ങള്‍ സമ്മാനിക്കുന്ന എന്തെങ്കിലുമൊരു മാജിക് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയാവാം ആ ഇഷ്ടക്കൂടുതലിനു കാരണം. രാവണ പ്രഭു, ആറാം തമ്ബുരാന്‍, ദേവാസുരം, സ്പിരിറ്റ് തുടങ്ങി രഞ്ജിത്ത് - മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം തന്നെ മലയാള സിനിമാചരിത്രത്തില്‍ ശ്രദ്ധേയമായൊരിടം കയ്യാളുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും കാലാന്തരത്തില്‍ സോഷ്യല്‍ മീഡിയയിലും സിനിമാപ്രേക്ഷകര്‍ക്കിടയിലും ആഘോഷിക്കപ്പെടുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ സാധിക്കുക.
 
 
നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ രഞ്ജിത്ത് - ലാല്‍ ടീമിന്റെ 'ഡ്രാമ' തിയേറ്ററുകളിലെത്താനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധേയമായ ചിത്രങ്ങളുടെ വിശേഷങ്ങള്‍ ഒന്നുകൂടി ഓര്‍ക്കാം.
 
മോഹന്‍ലാലിന്റെ കരിയറിലെ ക്ലാസ്സിക് ചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന 'ദേവാസുര'വും 'മായാമയൂര'വുമെല്ലാം ആദ്യം പിറന്നത് രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മനസ്സിലാണ്. അതുപോലെ, മോഹന്‍ലാലിന്റെ കരിയറില്‍ എന്നെന്നും ആഘോഷിക്കപ്പെടുന്ന നരസിംഹവും രാവണപ്രഭുവും പോലെയുള്ള മാസ്സ് പടങ്ങളിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും രഞ്ജിത്ത് തന്നെയാണ്. ക്ലാസ്സിക്കോ മാസ്സോ ആവട്ടെ, ഏത് എക്സ്ട്രീമുകളിലേക്ക് പോവേണ്ടി വന്നാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയും എന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത.
 
'ദേവാസുരം' ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും?: രഞ്ജിത്തിന്റെ മറുപടി
 
എന്താണ് രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പ്രത്യേകത എന്നു അന്വേഷിക്കുമ്ബോള്‍ എത്തിച്ചേരുക, രഞ്ജിത്ത് തന്നെ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ ഉത്തരത്തിലാവും. "ഒരു നല്ല തിരക്കഥ ലഭിച്ചാല്‍ മമ്മൂട്ടി അത് നന്നായി അവതരിപ്പിക്കും. പക്ഷെ ഒരു മോശം തിരക്കഥയെ തന്റെ അഭിനയത്തിലൂടെ ലാല്‍ അവിസ്മരണീയമാക്കും," ലാലെന്ന അഭിനേതാവിനെ കുറിച്ച്‌ രഞ്ജിത്തിനുള്ള ഈ ബോധ്യത്തില്‍ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യവുമിരിക്കുന്നതെന്ന് തോന്നാറുണ്ട്.
 
 
 
രഞ്ജിത്ത് സംവിധാനരംഗത്തേക്ക് കടന്നതിനു ശേഷം മോഹന്‍ലാലിനെ വെച്ച്‌ ചെയ്ത പടങ്ങളാണ് രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ആന്‍ഡ് റോള്‍, സ്പിരിറ്റ്, ലോഹം, ഡ്രാമ എന്നിവ. ഇതില്‍ ബോക്സ് ഒാഫീസില്‍ വിജയിച്ച ചിത്രങ്ങളുണ്ട്, പരാജയപ്പെട്ടവയുണ്ട്, പരാജയപ്പെട്ടതിനു ശേഷം ടെലിവിഷന്‍ കാഴ്ചയില്‍ ആളുകള്‍ ഇഷ്ടപ്പെട്ടവയുണ്ട്.
 
രഞ്ജിത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു 'രാവണപ്രഭു'. 'ദേവാസുരം' എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന രീതിയില്‍ വന്ന ചിത്രം മലയാളികളെ മൊത്തത്തില്‍ ഞെട്ടിച്ചു കളഞ്ഞ ചിത്രങ്ങളിലൊന്നാണ്. ഒരു ക്ലാസ്സിക് പടത്തിന്റെ തുടര്‍ച്ച മാസ്സാക്കാം എന്നു കാണിച്ചുകൊണ്ട് തിയേറ്ററുകളില്‍ കയ്യടി വാങ്ങിക്കൂട്ടിയ 'രാവണപ്രഭു' രഞ്ജിത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു. ഒന്നാം ഭാഗത്തോട് നീതി പുലര്‍ത്താതിരുന്നിട്ടും വിജയിച്ച ചിത്രമെന്ന പ്രത്യേകതയും 'രാവണപ്രഭു' വിന് അവകാശപ്പെടാം.
 
 
പരാജയപ്പെട്ടതിനു ശേഷവും ടെലിവിഷന്‍ കാഴ്ചയില്‍ ആളുകള്‍ ഇഷ്ടപ്പെട്ട ചിത്രത്തിനൊരു
ഉദാഹരണമായി എടുത്തു പറയാവുന്ന ചിത്രമാണ് 'ചന്ദ്രോത്സവ'മെന്ന സിനിമ. ബോക്സ് ഓഫീസില്‍ വിജയിക്കാതെ പോയ ഒരു ചിത്രം. ചിത്രത്തിന്റെ 'നാടകീയത'യാണ് അന്ന് ചിത്രത്തിന്റെ പരാജയമായി എടുത്തുപറയപ്പെട്ട ഒരു കാര്യം. എന്നാല്‍ കാലാന്തരത്തില്‍ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങി.
 
 
സിനിമ മൊത്തത്തില്‍ ഇഷ്ടപ്പെടാത്തവര്‍ പോലും ചിത്രത്തിലെ ചില രംഗങ്ങള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കണ്ടും കേട്ടും ഹൃദയത്തിലേക്കെടുത്തു വെച്ചു. ഓരോ കാഴ്ചയിലും മറ്റെന്തൊക്കെയോ കൂടി കാണിച്ചു തന്ന്, പുതിയ ആസ്വാദതലങ്ങള്‍ സമ്മാനിച്ച്‌ കാലത്തെ അതിജീവിക്കുകയാണ് 'ചിറയ്ക്കല്‍ ശ്രീഹരി'യെന്ന കഥാപാത്രം.
 
 
2012 ല്‍ ഏറ്റവുമധികം കയ്യടി കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പിറന്ന 'സ്പിരിറ്റ്‌'. മുഴുകുടിയനും ടെലിവിഷന്‍ അവതാരകനുമായ രഘുനന്ദനായി പരകായപ്രവേശം നടത്തി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച പടം. വിരലുകള്‍ കൊണ്ടുപോലും അഭിനയിക്കുന്ന മോഹന്‍ലാലെന്ന പ്രതിഭയെ അടയാളപ്പെടുത്തിപോയ സിനിമകളിലൊന്നു കൂടിയാണ് സ്പിരിറ്റ്. ഒരു സാമൂഹിക പ്രശ്നത്തെ ഹാസ്യത്തിന്റെ മേമ്ബൊടിയോടെ അവതരിപ്പിച്ച സ്പിരിറ്റ് ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.