You are Here : Home / വെളളിത്തിര

എം ടിക്ക് രണ്ട് കോടി പോര!!

Text Size  

Story Dated: Monday, October 29, 2018 02:40 hrs UTC

കരാര്‍ കാലാവധി തീര്‍ന്നിട്ടും ചിത്രീകരണം തുടങ്ങാത്തത് കൊണ്ട് മാത്രമല്ല എം.ടി വാസുദേവന്‍ നായര്‍ രണ്ടാംമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്ന് സൂചന. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയ്ക്കായി രണ്ട് കോടി രൂപയാണ് എം.ടിക്ക് പ്രതിഫലമായി നല്‍കുന്നത്. അതിന് മുന്നോടിയായി അഡ്വാന്‍സും നല്‍കിയെന്നും അറിയുന്നു. ഏറെ വര്‍ഷത്തെ ഗണേഷണത്തിന് ശേഷമാണ് എം.ടി മലയാളത്തിലും ഇംഗ്ലീഷിലുമായി തിരക്കഥ തയ്യാറാക്കിയത്. അഞ്ഞൂറ് കോടിയിലധികം മുടക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ നാലഞ്ച് ഭാഷകളിലായാണ് ഒരുക്കുന്നത്. അതിനാല്‍ പ്രതിഫലം രണ്ട് കോടി പോരാ എന്ന് എം.ടിയുമായി ഏറെ അടുപ്പമുള്ള ഒരാള്‍ വാശിപിടിക്കുന്നു. അതില്‍ കാര്യമുണ്ട് താനും. ഒരു സിനിമ സൃഷ്ടിക്കാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും വേണ്ടത് തിരക്കഥയാണെന്ന് ലോകസിനിമയുടെ ആചാര്യന്‍മാരില്‍ ഒരാളായ ആല്‍ഫ്രഡ് ഹിച്ച്‌ഹോക്ക് തന്നെ പറഞ്ഞിട്ടുണ്ട്. 

ബാഹുബലി പോലെ 350 കോടി മുടക്കിയ സിനിമ ചൈനയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും അമേരിക്കയിലും വലിയ വാണിജ്യവിജയമായിരുന്നു. അതിനാല്‍ രണ്ടാമൂഴം പോലൊരു സിനിമയ്ക്ക് ആഗോളമാര്‍ക്കറ്റുണ്ട്. അത് മുന്നില്‍ കണ്ടാണ് ബി.ആര്‍ ഷെട്ടി നിര്‍മാണരംഗത്തേക്ക് കടന്ന് വന്നതും. അതിനാല്‍ അതിനനുസരിച്ചുള്ള പ്രതിഫലം വേണമെന്ന ആവശ്യത്തിന് ന്യായമുണ്ടെന്നാണ് എം.ടിയുമായി അടുപ്പമുളള വൃത്തങ്ങള്‍ പറയുന്നത്. പലപ്പോഴും സിനിമകള്‍ വലിയ വാണിജ്യവിജയം കൈവരിച്ചാല്‍ നിര്‍മാതാക്കള്‍ എഴുത്തുകാരനെ മറക്കുകയാണ് പതിവ്. മാത്രമല്ല അന്യഭാഷകളിലെ പകര്‍പ്പ് അവകാശത്തിന് 33 ശതമാനം അവകാശമേ എഴുത്തുകാരനുള്ളൂ. 

സിനിമകള്‍ക്ക് സാറ്റലൈറ്റ് അവകാശത്തിന് പുറമേ ഡിജിറ്റല്‍ റൈറ്റും ഇപ്പോള്‍ നിലവിലുണ്ട്. യുട്യൂബ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം പ്രതിഫലം നിര്‍മാതാവിന് നല്‍കണം. പാട്ടിനും ട്രെയിലറിനും ടീസറിനും എല്ലാം ഈ അവകാശം ലഭിക്കും. ഓഡിയോയ്ക്ക് മാത്രം 40 ലക്ഷത്തോളം രൂപ ഇപ്പോള്‍ മലയാളസിനിമയ്ക്ക് ലഭിക്കുന്നുണ്ട്. വീഡിയോയ്ക്ക് അറുപത് ലക്ഷത്തോളം രൂപ ലഭിക്കും സൂപ്പര്‍താര ചിത്രങ്ങളുടെ ഓവര്‍സീസ് അവകാശം 50 ലക്ഷമാണ്. സിനിമ വിജയമാണെങ്കില്‍ ഇവയ്‌ക്കെല്ലാം ഡിമാന്‍ഡ് കൂടും. രണ്ടാമൂഴത്തില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ എം.ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീകുമാര്‍മേനോനുമൊത്ത് സിനിമ ചെയ്യുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.