ഇക്കഴിഞ്ഞ ശിശുദിനത്തിന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ തുളളല്‍പാട്ടായിരുന്നു. കുട്ടികള്‍ക്ക് ചാച്ഛാജിയെക്കുറിച്ച് തുളളല്‍പാട്ടിലൂടെ അവതരിപ്പിച്ച ടീച്ചറിന്റെ വിഡിയോ സോഷ്യല്‍മീഡിയ ആഘോഷിക്കുകയും ട്രോളുകയും ചെയ്തു. ആ ടീച്ചറും സ്കൂളും ഏതാണെന്ന അന്വേഷണം ചെന്നവസാനിച്ചത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസിലാണ്. എന്തായാലും ഉഷ ടീച്ചര്‍ ഇപ്പോഴും ഹാപ്പിയിലാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി കളിയാക്കല്‍ കമന്റുകളുണ്ടെങ്കിലും ടീച്ചറിന് വലിയ പിന്തുണയുമായി കുടുംബവും സഹപ്രവര്‍ത്തകരും കുട്ടികളുമുണ്ട്. കാരണം അവര്‍ പറയും ഞങ്ങളുടെ ടീച്ചര്‍ ഇങ്ങനെ തന്നെയാണെന്ന്.
ശിശുദിനത്തില്‍ നെഹ്റുവിനെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നേ വിചാരിച്ചുളളൂ. അങ്ങനെ വന്ന ഐഡിയ ആണ് തുളളല്‍ പാട്ട്. തുളളല്‍ പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ മകള്‍ ഓട്ടന്‍തുളളല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓട്ടന്തുളളലിന്റെ ശീലുകള്‍ക്കൊപ്പിച്ച് നെഹ്റുവിനെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങള്‍ മിക്സ് ചെയ്തതും ഞാന്‍ തന്നെയാണ്. ക്ലാസില്‍ അവതരിപ്പിക്കുന്നതുപോലെ ശിശുദിനത്തിലെ സ്പെഷ്യല്‍ അസംബ്ലിയിലും അതങ്ങ് അവതരിപ്പിച്ചു. പക്ഷേ ആ വിഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നോ വൈറലാകുമെന്നോ വിചാരിച്ചില്ല.
സ്റ്റാഫംഗങ്ങളില്‍ ആരോ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായ ഉടന്‍ പലതരത്തിലുളള കമന്റുകളാണ് വന്നത്. കളിയാക്കലും നിരവധിയുണ്ടായി. പക്ഷേ സ്കൂളിലെ മറ്റ് അധ്യാപകര്‍ തന്നെ അഭിനന്ദിക്കുകയാണുണ്ടായത്. എന്നാല്‍ എന്റെ മകളോട് ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞു. നിന്റെ അമ്മയ്ക്കിത് എന്തുപറ്റി. എന്തേ ഇങ്ങനെ കിടന്ന് തുളളാന്‍ എന്നിങ്ങനെ ചിലര്‍ ചോദിച്ചു. അവളത് എന്നോട് ചോദിച്ചപ്പോള്‍ വിഷമം തോന്നി. പക്ഷേ ആരംഭത്തില്‍ കളിയാക്കിയവര്‍ പിന്നീട് അഭിനന്ദനവുമായി വന്നപ്പോള്‍ ഹാപ്പിയായി. ഗള്‍ഫിലുളള ഭര്‍ത്താവ് രാമകൃഷ്ണനും എന്നെ നന്നായി അറിയാം. ഒരു കളിയാക്കലുകളുടെയും പേരില്‍ വിഷമിക്കരുത് എന്നാണ് ചേട്ടന് എന്നോട് പറഞ്ഞത്.
10 വര്‍ഷമായി പ്രാ പ്രൈമറി ടീച്ചറായി ജോലി ചെയ്തുവരികയാണ് ഉഷ ടീച്ചര്‍. ഇത്രയും നാളും കുട്ടികളുടെ മുന്നില്‍ പാടിയും ആടിയുമാണ് നടന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പാഠം പഠിപ്പിക്കുമ്ബോള്‍ എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരമൊന്നും ഇതൊക്കെ നാണക്കേടല്ലേ എന്ന് വിചാരിക്കാറില്ല. എന്റെ ശരീരം മറക്കും. സര്‍വ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അത് എത്തണമെന്ന് മാത്രം- ഉഷ ടീച്ചര്‍ പറയുന്നു.
Comments