ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ശ്രദ്ധേയനായ താരമായി ഉദിച്ചുയര്‍ന്ന ടൊവിനോ തോമസ് ശക്തമായ ഒരു കഥാപാത്രവുമായി തമിഴിലും എത്തുകയാണ്. ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മാരി'യുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് ടൊവിനോ തോമസാണ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. നായകന്‍ ധനുഷാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ല്‍ ഇറങ്ങിയ 'മാരി'യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് 'മാരി 2'.
'മാരി 2' ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക്
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്ബോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തി.
ചെയ്യുന്ന സിനിമകളുടെ കാര്യത്തിലായാലും കഥാപാത്രങ്ങളുടെ കാര്യത്തിലായാലും കരിയറിലായാലും എപ്പോഴും ഒരു സ്റ്റെപ്പ് അപ്പ് വേണമെന്ന് നിര്‍ബന്ധമുള്ള നടനാണ് ടൊവീനോ. തിരഞ്ഞെടുക്കുന്ന സിനിമ, ചുരുങ്ങിയ പക്ഷം താനെങ്കിലും തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായിരിക്കണം എന്നും താരം ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
"സിനിമയുടെ കാര്യത്തില്‍ രണ്ടു മൂന്നു ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്. അതില്‍ രണ്ടെണ്ണമാണ് പ്രധാനം, ആദ്യത്തെ രണ്ടെണ്ണം വര്‍ക്ക് ആയി കഴിഞ്ഞാല്‍ മൂന്നാമത്തേതും ഓട്ടോമാറ്റിക്കായി വര്‍ക്ക് ആവും.
ആര്‍ട്ട് എന്ന രീതിയില്‍ ആര്‍ട്ടിസ്റ്റിന് സംതൃപ്തി ലഭിക്കുന്ന, ആര്‍ട്ടിനോട് നീതി പുലര്‍ത്തുന്ന സിനിമ എന്നതാണ് ആദ്യത്തേത്. സിനിമയുടെ കലാമൂല്യം, ഏസ്തെറ്റിക്സ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്. രണ്ടാമത്തേത് ആര്‍ട്ടിന്റെ പര്‍പ്പസ് തന്നെ, പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതാണ്. സിനിമ എന്റര്‍ടെയിനിങ് കൂടിയാവണം. അപ്പോള്‍ സ്വാഭാവികമായും പ്രൊഡ്യൂസര്‍ക്ക് പൈസ തിരിച്ചു കിട്ടും. കിട്ടണം, കാരണം ഈ ആര്‍ട്ട് ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി ഉള്ള ഒരു കഷ്ടപ്പാടുണ്ടല്ലോ. സീറോ ബജറ്റില്‍ ചെയ്യാണെങ്കില്‍ കുഴപ്പമില്ല. മണി ഇന്‍വോള്‍വ്ഡ് ആവുമ്ബോള്‍ അയാള്‍ മുടക്കിയ പൈസയെങ്കിലും തിരിച്ചു കിട്ടണം, ലാഭം എന്നുള്ളത് സെക്കന്‍ഡറിയാണ്. മുടക്കിയ പണമെങ്കിലും തിരിച്ചു കിട്ടുക എന്നു പറയുന്നത് ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിന്റെ ഒരു ആവശ്യമാണ്.
ഈ മൂന്നു കാര്യങ്ങളാണ് ഞാന്‍ നോക്കുന്നത്. അപ്പോഴാണ് ഈ സിനിമ പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാനാവൂ. അല്ലെങ്കില്‍ ഭാഗികമായി വിജയിച്ചു എന്നേ പറയാന്‍ കഴിയൂ. പടം ഹിറ്റായി, പക്ഷേ അത് കലാപരമായി അത്രയൊന്നും കൊള്ളില്ല എന്നു പറഞ്ഞാല്‍ അതെനിക്കൊരു പരാജയമാണ്. ഒരു സിനിമ തിയേറ്ററില്‍ വിജയിച്ചില്ല, പക്ഷേ കലാമൂല്യമുള്ളതായിരുന്നു എന്നു പറയുന്നതും എന്നെ സംബന്ധിച്ച് ഒരു പരാജയമായാണ് ഞാന്‍ കാണുന്നത്", ടൊവീനോ പറയുന്നു.
Comments