വിമര്‍ശനത്തില്‍ മാത്രമല്ല, മലയാള സിനിമയുടെ കളക്ഷനിലും സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്ത് ഒടിയന്‍.
മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷന്‍ റെക്കോര്‍ഡാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ആദ്യ ദിവസം തന്നെ 33 കോടി രൂപ നേടുക എന്നത് മലയാള സിനിമയെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നേട്ടമാണ്.
കൊടുത്ത പബ്ലിസിറ്റിക്ക് അനുസരിച്ച സിനിമയല്ല ഒടിയന്‍ എന്ന് വിമര്‍ശിക്കുന്നവരും കളക്ഷന്‍ റെക്കോര്‍ഡ് കണ്ട് അമ്ബരന്നിരിക്കുകയാണ്.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ മാത്രമല്ല, വിദേശത്തും മലയാള സിനിമക്ക് വന്‍ മാര്‍ക്കറ്റ് ഉണ്ട് എന്ന് ഒടിയനിലൂടെ സംവിധായകന്‍ ശ്രീകുമാറിന് തെളിയിക്കാന്‍ കഴിഞ്ഞു.
ഈ സിനിമക്ക് ലാല്‍ ആരാധകരില്‍ ഒരു വിഭാഗം പ്രതീക്ഷിച്ചത് പോലുള്ള ഒരു 'മാസ് ' കൊടുക്കാന്‍ പറ്റുമായിരുന്നുവെങ്കില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കാന്‍ പറ്റുമായിരുന്നു.
സിനിമക്ക് നല്‍കിയ വന്‍ പ്രചരണം വലിയ വിമര്‍ശനത്തിന് വഴിവെച്ചെങ്കിലും അതാണ് ഈ റെക്കോര്‍ഡിലേക്കെത്താന്‍ സഹായിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം.
ഒടിയനില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സംവിധായകന്‍ ശ്രീകുമാറിനെ മാര്‍ക്കറ്റിങ്ങില്‍ സമ്മതിച്ചു കൊടുത്തിരിക്കുന്നു എന്നാണ് തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.
ലോകത്താകമാനം 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ 32.99 കോടിയാണ് ആദ്യ ദിവസംകൊണ്ട് വാരികൂട്ടിയത്. കേരളത്തില്‍ നിന്ന് മാത്രം ഒറ്റ ദിവസം കൊണ്ട് 11.48 കോടിയാണ് നേടിയത്. കേരളത്തിന് പുറത്ത് 5 കോടിയും ഇന്ത്യക്ക് പുറത്ത് 11.78 കോടിയും ഒടിയന്‍ ഒരു ദിവസം കൊണ്ട് നേടിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 4.73 കോടി രൂപയാണ് ഒരു ദിവസത്തെ കളക്ഷന്‍.
Comments