വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ട്വിറ്ററിലൂടെയാണ് താരം സംസാരിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന 'ഛപാക്' എന്ന ചിത്രത്തെ കുറിച്ചാണ് ദീപികയുടെ ട്വീറ്റ്. മേഘ്‌ന അഗര്‍വാള്‍ ചിത്രമായ 'ഛപാകി'നെ കുറിച്ച് നേരത്തേ തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ദീപിക അതെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നത്.
'മുറിവുകളുടേയും വിജയങ്ങളുടേയും കഥ, തകര്‍ക്കാനാകാത്ത മനുഷ്യാത്മാവിന്റെയും...' എന്ന കുറിപ്പോടെ 'ഛപാകു'മായും മേഘ്‌ന ഗുല്‍സാറുമായും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമായും പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം താരം പങ്കുവച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാറാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിനിരയായത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ലക്ഷ്മി പുറംലോകത്തെ അഭിമുഖീകരിച്ച് തുടങ്ങിയത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് ലക്ഷ്മി നേതൃത്വം നല്‍കി. ഇതിനിടയില്‍ ലക്ഷ്മി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി.
'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രമാണ് 'ഛപാക്'. 'ലൂട്ടേര'യിലൂടെ ശ്രദ്ധേയനായ വിക്രാന്ത് മാസിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2019 മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
Comments