നായകനായി മാത്രം ഒതുങ്ങിക്കൂടാന്‍ ജയസൂര്യ ഒരുക്കമല്ലായിരുന്നു. ചെറുതെങ്കിലും വേഷം വ്യത്യസ്തമായിരിക്കണമെന്നു മാത്രം.നായകപദവിക്കുവേണ്ടി മുറവിളി കൂട്ടുന്ന യുവനായകന്‍മാര്‍ക്കിടയില്‍ ജയസൂര്യ പതുക്കെ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഏതറ്റംവരെയും പോകാന്‍ തയാറാണെന്ന് സമീപകാല ചിത്രങ്ങളിലൂടെ ജയസൂര്യ തെളിയിച്ചും. മങ്കിപെന്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പുണ്യാളന്‍ അഗര്‍ബത്തീസ്, ഹാപ്പിജേര്‍ണി ഇങ്ങനെ അഭിനയപ്രാധാന്യവും പുതുമയുമുള്ള കഥാപാത്രങ്ങള്‍. അപ്പോഴും വിജയങ്ങളില്‍ സ്വയം മറയ്ക്കാതെ പുതിയ പ്രൊജക്ടുകള്‍ക്കുവേണ്ടിയുള്ള തയാറെടുപ്പിലാണ് ജയസൂര്യ. അശ്വമേധത്തിനു വേണ്ടി ജയസൂര്യ അല്‍പ സമയം ചിലവഴിച്ചു.
നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും ഇല്ലല്ലോ?
അഭിനയ പ്രാധാന്യമുള്ള ഏത് കഥാപാത്രവും സ്വീകരിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. അത് ചെറിയ വേഷമാണെങ്കില്‍പോലും. മങ്കിപെന്നില്‍ ഞാനൊരു കുട്ടിയുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പുതുമയാണ് പ്രാധാന്യം. അല്ലാതെ നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്കില്ല. രണ്ട് മക്കളുടെ അച്ഛനായതുകൊണ്ട് കുട്ടികളെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യാമെന്ന് അറിയാമായിരുന്നു. അത് മങ്കിപെന്‍ ചെയ്യുമ്പോള്‍ ഗുണം ചെയ്തിട്ടുണ്ട്.
പുണ്യാളന്‍ അഗര്‍ബത്തീസില്‍ തൃശൂര്‍ ഭാഷ നന്നായി സംസാരിക്കുന്നുണ്ടല്ലോ?
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഞാന്‍ ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. തൂവാനതൂമ്പികളില്‍ ലാലേട്ടനൊക്കെ തൃശൂര്‍ ഭാഷ മനോഹരമായി കൈകാര്യം ചെയ്തതാണ്. ഷൂട്ടിങ്ങ് തുടങ്ങിയതോടെ വീട്ടുകാരോടും കൂട്ടുകാരോടുമെല്ലാം തൃശൂര്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ തനി തൃശൂര്‍ക്കാരനായി മാറി.
സിനിമയ്ക്കു വേണ്ടി ആരോഗ്യകാര്യത്തിലും ഏറെ കരുതലുകള്‍ ഉണ്ടെന്നു തോന്നുന്നല്ലോ?
നടന് ഏറ്റവും ആവശ്യം വേണ്ടത് ആരോഗ്യമാണ്. ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചത് അതാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നല്ല ഊര്‍ജം വേണം. മനസിന്റെയും ശരീരത്തിന്റെയും ആ പ്രസരിപ്പാണ് കഥാപാത്രത്തിന്റെ വിജയത്തിന് ആവശ്യം.
ജയസൂര്യ എല്ലാകാര്യത്തിലും കൃത്യമായ പ്ലാനിംങ്ങ് ഉള്ള ആളാണെന്ന് പറയുന്നത് ശരിയാണോ?
എല്ലാം ഞാന്‍ വെറുതേ സ്വപ്നം കാണും. പിന്നെ ആ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പരിശ്രമിക്കും. സിനിമയും സ്വന്തമായി വീടും കുടുംബവുമൊക്കെ ഞാന്‍ അങ്ങനെ സ്വപനം കണ്ടിരുന്നു. പുഴയുടെ തീരത്ത് ഒരു വീട് എന്റെ സ്വപ്നമായിരുന്നു. അതും ദൈവാനുഗ്രഹത്താല്‍ സഫലമായി.
ജയസൂര്യ ഒരു ന്യൂജനറേഷന്‍ നടനല്ലേ?
ന്യൂജനറേഷന്‍ എന്ന വാക്കിനോട് ഞാന്‍ യോജിക്കുന്നില്ല. തീര്‍ച്ചയായും ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ പുതിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അത് ഏറ്റവും പതുമയായി അവതരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് സിനിമ എന്ന കണ്‍സെപ്റ്റ് മാറിയെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഓരോ സിനിമയും അത് ഇറങ്ങുന്ന കാലഘട്ടത്തില്‍ ന്യൂ ജനറേഷന്‍ സിനിമതന്നെയാണ്.
Comments