You are Here : Home / വെളളിത്തിര

ശിവരാത്രിയില്‍ കിട്ടിയ അടി

Text Size  

Story Dated: Saturday, March 22, 2014 11:42 hrs UTC

ഒരിക്കല്‍ ഒരു ശിവരാത്രി ദിവസം മിമിക്രി അവതരിപ്പിക്കാന്‍ പോയ കഥ നടന്‍ നെല്‍സണ്‍ പറയുന്നു

 

 

 

 



ആറുവര്‍ഷം മുമ്പത്തെ ഒരു ശിവരാത്രി ദിവസം. മിമിക്‌സ് മീഡിയ എന്ന ട്രൂപ്പിലായിരുന്നു ഞാന്‍. അന്ന് കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലുമായി രണ്ട് പ്രോഗ്രാമുകളുണ്ട്.  രാത്രി ഒന്‍പതു മണിക്കും ഒരു മണിക്കും. കൊട്ടാരക്കരയിലെ പ്രോഗ്രാമിന് വൈകിട്ട് ആറു മണിക്കുതന്നെ എത്തി. സ്‌റ്റേജ് സജ്ജീകരിച്ചശേഷം കാത്തിരുന്നു. അമ്പലത്തില്‍ ആനയെ എഴുന്നള്ളിച്ചു കഴിയുമ്പോഴേക്കും സമയം ഏറെ വൈകി. പതിനൊന്നു മണി കഴിഞ്ഞിട്ടും പരിപാടി തുടങ്ങുന്നില്ല. ഞങ്ങളുടെ ടെന്‍ഷന്‍ കൂടിക്കൂടി വന്നു. കമ്മിറ്റിക്കാരെക്കണ്ട് മാനേജര്‍ ഹരി കാര്യം പറഞ്ഞപ്പോള്‍, പെട്ടെന്നുതന്നെ തുടങ്ങാനാവും എന്നായിരുന്നു മറുപടി. പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിപാടി ആരംഭിക്കാനായില്ല.
സ്‌റ്റേജിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ സമയം അര്‍ധരാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. കൊട്ടാരക്കരയിലെ പരിപാടി ഒരുവിധം അവസാനിപ്പിച്ച് കരുനാഗപ്പള്ളിയിലെത്തുമ്പോഴേക്കും പുലര്‍ച്ചെ അഞ്ചുമണി. അമ്പല മൈതാനത്തേക്ക് പോകുമ്പോള്‍ റോഡിലൂടെ ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കാണാം. എല്ലാവരും തെറിപറയുന്നത് ഞങ്ങളെയാണ്. ഗ്രൗണ്ടില്‍ വണ്ടിനിര്‍ത്തി. നാലഞ്ചുപേര്‍ സ്‌റ്റേജിനടുത്ത് കിടന്നുറങ്ങുന്നുണ്ട്. സൈഡിലെ കച്ചവടക്കാര്‍ ലൈറ്റ് ഓഫ് ചെയ്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നു. മിമിക്രി ട്രൂപ്പിന്റെ ബോര്‍ഡ് വച്ച വണ്ടി കണ്ടപ്പോള്‍ ബാഡ്ജ് ധരിച്ച കുറച്ചുപേര്‍ ഞങ്ങള്‍ക്കടുത്തേക്കു വന്നു.
''പ്രോഗ്രാം അവതരിപ്പിക്കാന്‍ വന്നതാണ്...''
മാനേജര്‍ പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു.
''മിമിക്രി അവതരിപ്പിക്കണം. അല്ലേ...?''
കമ്മിറ്റിക്കാര്‍ ഞങ്ങളെ കളിയാക്കി. കൂട്ടത്തില്‍ ആജാനുബാഹുവായ മനുഷ്യന്‍ എന്റടുത്തേക്കുവന്നു.
''ഇയാളാണോ ഈ ട്രൂപ്പിന്റെ മാനേജര്‍?''
അല്ലെന്നു പറഞ്ഞു. ഇതുകണ്ടപ്പോള്‍ മാനേജര്‍ ഹരി പതുക്കെ എഴുന്നേറ്റു. കാര്യം പന്തിയല്ലെന്ന് ഹരിക്കും തോന്നിക്കാണണം. ഹരി അടുത്തുണ്ടായിരുന്ന ഗോപനെ കാണിച്ചുകൊടുത്തു.
''ആ നില്‍ക്കുന്ന ആളാണ് മാനേജര്‍.''
ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് കമ്മിറ്റിക്കാര്‍ ഗോപനെയും കൊണ്ട് വേദിക്കു പിന്നിലേക്ക് പോയി. അഞ്ചു മിനുട്ടു കഴിഞ്ഞില്ല. ഗോപന്‍ ഓടി വണ്ടിക്കരികിലെത്തി.
''സാധനങ്ങള്‍ ഇറക്കിക്കോളൂ. ഉടന്‍ പരിപാടി തുടങ്ങാം.''
ഗോപനിത് എന്തുപറ്റിയെന്ന് ഞങ്ങള്‍ സംശയിച്ചു. പെട്ടെന്നുതന്നെ സാധനങ്ങള്‍ ഇറക്കി. കമ്മിറ്റിക്കാര്‍ സ്‌റ്റേജില്‍ കയറി പരിപാടി ഉടന്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് അനൗണ്‍സ് ചെയ്തു. പത്തു മിനുട്ടിനകം അടുത്ത വീടുകളില്‍ താമസിക്കുന്ന കുറച്ചുപേര്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി. പരിപാടി ഒരു കുറവും വരുത്താതെ അവതരിപ്പിച്ചു. തീരുമ്പോഴേക്കും സമയം ഏഴുമണി. എല്ലാം കെട്ടിപ്പെറുക്കി വണ്ടിയിലേക്കിട്ടശേഷം ഗോപന്‍ ഡ്രൈവറെ വിളിച്ചു.
''എത്രയും വേഗം പുറപ്പെടാം.''
കാശു വാങ്ങിച്ചില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ ഗോപന്‍ കേട്ടഭാവം നടിച്ചില്ല. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഗോപന്‍ സംഭവം വിവരിച്ചത്.
''എന്നെ വേദിക്ക് പിറകില്‍ കൊണ്ടുപോയ ശേഷം ഒരാള്‍ ഒറ്റയടി. ഒരു നയാപ്പൈസ കമ്മിറ്റി തരില്ല. പരിപാടി അവതരിപ്പിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. അവതരിപ്പിക്കാമെന്ന് സമ്മതിച്ചു. അല്ലാതെ ഞാനെന്തുപറയാന്‍?''
ഞങ്ങളെല്ലാവരും ഗോപന്റെ മുഖത്തേക്കു നോക്കി. സങ്കടം സഹിക്കാനാവാതെ അയാള്‍ കരയുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.