ഷൂട്ടിംഗ് ലൊക്കേഷനില്‍ യഥാര്‍ത്ഥത്തില്‍ അടിപൊട്ടിയാല്‍ താരങ്ങള്‍ എന്തുചെയ്യും? പേടിച്ചോടും. അത്രതന്നെ. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. കോലഞ്ചേരിയിലെ കടമറ്റത്തു പള്ളിയിലായിരുന്നു മനോജ്.കെ.ജയന്‍ നായകനായ 'ശിബിര'ത്തിന്റെ ഷൂട്ടിംഗ്.
പള്ളിയിലായതിനാല്‍ നേരത്തേതന്നെ അനുമതി വാങ്ങിച്ചിരുന്നു. എന്നെക്കൂടാതെ ജോസ്പ്രകാശ്, സുകുമാരന്‍, നരേന്ദ്രപ്രസാദ്, മനോജ്.കെ.ജയന്‍, കലാഭവന്‍ മണി, ശിവജി, ബിന്ദുപണിക്കര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ലൊക്കേഷനിലെത്തിയിരുന്നു. ചെറുപ്പകാലത്ത് കൃഷിക്കാരനായി അലഞ്ഞുതിരിഞ്ഞ് പിന്നീട് കോടീശ്വരന്‍മാരായ കഥാപാത്രങ്ങളായാണ് ഞാനും ജോസ്പ്രകാശും അഭിനയിക്കുന്നത്. എന്റെ മകന്‍ സുകുമാരനും ജോസ്പ്രകാശിന്റെ മകന്‍ ശിവജിയും. ശിവജിയുടേയും നരേന്ദ്രപ്രസാദിന്റെയും മൃതദേഹങ്ങള്‍ പള്ളിയിലെ അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം സെമിത്തേരിയില്‍ സംസ്‌കരിക്കുന്ന സീനാണ് എടുക്കേണ്ടത്. ഇവര്‍ക്കായി രണ്ടു ശവപ്പെട്ടികള്‍ക്കായാണ് ഓര്‍ഡര്‍ ചെയ്തിരുന്നതെങ്കിലും പാകമായില്ലെങ്കിലോ എന്നു കരുതി വിവിധ വലിപ്പത്തിലുള്ള നാലെണ്ണം കൊണ്ടുവന്നിരുന്നു.
മുഖത്ത് പൗഡറിട്ട് വെള്ള മുണ്ടും ജുബ്ബയും ധരിച്ച് തലയില്‍ കിരീടവും മൂക്കില്‍ പഞ്ഞിയും വച്ച് ആദ്യം നരേന്ദ്രപ്രസാദിനെ പെട്ടിയില്‍ കിടത്തി.
അടുത്ത പെട്ടിയില്‍ ശിവജിയും കയറിക്കിടന്നപ്പോള്‍ പിന്നില്‍ നിന്നൊരു ചെറുപ്പക്കാരന്റെ ശബ്ദം.'മരിക്കാത്ത ഒരാള്‍ക്ക് പള്ളിയില്‍ അന്ത്യകര്‍മ്മം പാടില്ല. ഞങ്ങളതു സമ്മതിക്കില്ല.' ഒരു നിമിഷം. ലൊക്കേഷന്‍ നിശബ്ദമായി. സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു അയാളോടു കാര്യങ്ങള്‍ സംസാരിച്ചു. 'സുഹൃത്തേ ഇതു സിനിമയാണ്. മാത്രമല്ല, ഇതിനുവേണ്ടി ഞങ്ങള്‍ മുന്‍കൂട്ടി അനുവാദമൊക്കെ വാങ്ങിച്ചിട്ടുണ്ട്.'
അയാള്‍ വിടുന്ന മട്ടില്ല. മൃതദേഹത്തിനരികില്‍ നില്‍ക്കുകയായിരുന്ന ഞങ്ങളും ഉപദേശിച്ചെങ്കിലും ഷൂട്ടിംഗ് നടത്താന്‍ സമ്മതിക്കില്ലെന്ന
വാശിയിലായിരുന്നു അയാള്‍. ഷൂട്ടിംഗ് നടത്തുമെന്ന് സംവിധായകനും പറഞ്ഞതോടെ തര്‍ക്കം മുറുകി. അപൂര്‍വം ചിലര്‍ അയാളുടെ പക്ഷത്തായി. ഇതോടെ രംഗം സംഘര്‍ഷാവസ്ഥയിലായി. സുരേഷ്ബാബുവുമായുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തിയതോടെ അനുജനും സംവിധായകനുമായ ടി.എസ്.സജിയും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ അയാള്‍ പള്ളിമണിയടിച്ചു.
കടമറ്റത്ത് പള്ളിയിലേക്ക് ആളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. വരുന്നവര്‍ക്കാര്‍ക്കും അവിടെഎന്താണു സംഭവിക്കുന്നതെന്ന്
അറിയില്ലായിരുന്നു. വിശ്വാസികളെ സിനിമാക്കാര്‍ അപമാനിച്ചു എന്ന രീതിയില്‍ വ്യാഖ്യാനം വന്നപ്പോള്‍ ഏതുനിമിഷവും അടി പൊട്ടുമെന്ന അവസ്ഥയിലായി. 'അടിയെടാ, എല്ലാറ്റിനേയും' അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതോടെ ഞങ്ങള്‍ സകലതും മറന്ന് പുറത്തേക്കോടി. എനിക്കു പിന്നാലെ സുകുമാരനും ബിന്ദുപണിക്കരും മനോജ്.കെ.ജയനും ജോസ്പ്രകാശും. ഞങ്ങള്‍ ഓടുന്നതു കണ്ടതോടെ മേക്കപ്പിട്ട് ശവപ്പെട്ടിയില്‍ കിടക്കുകയായിരുന്ന നരേന്ദ്രപ്രസാദും ശിവജിയും ചാടിയെഴുന്നേറ്റ് പിന്നാലെ വന്നു. അത്രനേരവും സ്വസ്ഥമായി പെട്ടിയില്‍ കിടന്ന് പ്രശ്‌നം കേള്‍ക്കുകയായിരുന്നു അവര്‍.
ഞങ്ങളെല്ലാവരും പള്ളിയുടെ പടികള്‍ സ്പീഡില്‍ ചവിട്ടി താഴേക്കിറങ്ങി. റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന ഒരുവനെ സുകുമാരന്‍ തടഞ്ഞിട്ട് താഴത്തിറക്കിയ ശേഷം ആ സൈക്കിളില്‍ നേരെ ഹോട്ടലിലേക്ക്. ഞങ്ങള്‍ എട്ടുപേര്‍ വഴിയില്‍ കണ്ട ഓട്ടോയെ തടഞ്ഞിട്ട് അതില്‍ കയറി. 'വിട്ടോടാ' സ്തബ്ധനായി നിന്ന ഓട്ടോഡ്രൈവറോട് ഞാന്‍ അലറുകയായിരുന്നു. ഓട്ടോ പള്ളിപ്പരിസരം വിട്ട ശേഷമാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. അടിയെങ്ങാനുമുണ്ടായാല്‍ സിനിമാതാരങ്ങളെ തല്ലുന്നത് ആളുകള്‍ക്കൊരു ഹരമാണ്. ദൂരെ നിന്നു കാണുന്നവരെ കൈയില്‍ കിട്ടിയാലുള്ള അവസ്ഥ ആലോചിക്കാന്‍ പോലും പറ്റില്ല. അതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ച് ഓടിയത്.
മുറിയിലെത്തിയ ശേഷമാണ് നരേന്ദ്രപ്രസാദും ശിവജിയും കിരീടവും പഞ്ഞിയുമൊക്കെ മാറ്റിയത്. ചില താരങ്ങള്‍ പള്ളിയുടെ അരികിലുള്ള മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരുവഴിയും കിട്ടാതെ വന്നപ്പോള്‍ മേക്കപ്പ്മാന്‍ എം.ഒ.ദേവസ്യ അഭയം തേടിയത് ശവപ്പെട്ടിക്കകത്തായിരുന്നു.
Comments