You are Here : Home / വെളളിത്തിര

വിഷു തിരിച്ചുപിടിച്ച് ജയഭാരതിയും മകനും

Text Size  

Story Dated: Tuesday, April 15, 2014 08:59 hrs UTC

വിഷു മിസ് ചെയ്യുന്നത് ജയഭാരതിക്കിഷ്ടമല്ല. ഈ വിഷു പ്രത്യേകിച്ചും. മകന്‍ ക്രിഷ് മലയാളസിനിമയില്‍ ആദ്യമായി നായകനായിരിക്കുകയാണ്. ബാബുനാരായണന്‍ സംവിധാനം ചെയ്യുന്ന 'ടു നൂറാ വിത്ത് ലവ്' എന്ന സിനിമയില്‍ മംമ്തയുടെ ജോഡിയായി അഭിനയിക്കുന്നത് ക്രിഷാണ്. അതിന്റെ സന്തോഷവും വിഷുവും ഒന്നിച്ചാണ് ആഘോഷിക്കുന്നത്.
''ചെന്നൈയില്‍ ഞങ്ങളുടെ അയല്‍ക്കാരെല്ലാവരും തമിഴരാണ്. മലയാളികളെ ആ ഭാഗത്ത് കാണാനാവില്ല. മലയാളഭാഷ കേള്‍ക്കണമെങ്കില്‍ നാട്ടില്‍ നിന്ന് എന്റെ ബന്ധുക്കളാരെങ്കിലും വീട്ടിലെത്തണം. അങ്ങനെ എത്തുന്നത് ഏപ്രില്‍ മാസത്തിലാണ്. ഏപ്രിലില്‍ കേരളത്തില്‍ അവധിക്കാലമാണല്ലോ. വിഷുക്കാലമായാല്‍ അവര്‍ വീട്ടിലെത്തും. തിരിച്ചുപോകുന്നതാവട്ടെ വിഷു കഴിഞ്ഞിട്ടും. അതുകൊണ്ടുതന്നെ ആ പതിനഞ്ചുദിവസം ഉത്സവത്തിന്റെ മൂഡായിരിക്കും വീട്ടില്‍.''
ജയഭാരതി വിഷുവിനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മകന്‍ ക്രിഷിന് പറയാനുള്ളതും അമ്മയുടെ വിഷു ആഘോഷത്തെക്കുറിച്ചാണ്.
''വിഷുക്കണി വയ്ക്കണമെന്നത് അമ്മയുടെ നിര്‍ബന്ധമാണ്. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് കുളിച്ച് പൂജാമുറിയില്‍ കയറി തൊഴുതശേഷം ശ്രീകൃഷ്ണന്റെ ഫോട്ടോ പുറത്തേക്കെടുക്കും. കൃഷ്ണനു മുമ്പില്‍ ഓട്ടുരുളി വയ്ക്കും. അതില്‍ പഴവര്‍ഗങ്ങളും പച്ചക്കറിയും സ്വര്‍ണ്ണവുമൊക്കെയായി വിഭവസമൃദ്ധമായിരിക്കും. കണ്ണുനിറയെ കാണാനുണ്ടാവും. കൃത്യം അഞ്ചുമണിയായാല്‍ പതുക്കെ വാതില്‍ തുറന്ന് മുറിയിലേക്ക് വന്ന് കണ്ണുപൊത്തിക്കൊണ്ട് അമ്മ വിളിച്ചെഴുന്നേല്‍പ്പിക്കും. കണി കാണിപ്പിക്കും. ഞങ്ങള്‍ രണ്ടുപേരും കണി കണ്ടു കഴിയുമ്പോഴേക്കും അയല്‍ക്കാര്‍ ഓരോരുത്തരായി വരും, കണികാണാന്‍.

അവര്‍ക്കിതൊരു പുതുമയുള്ള ആഘോഷമാണ്. അതുകൊണ്ടുതന്നെ വിഷുവിന്റെ തലേദിവസം തന്നെ അമ്മ അവരെയെല്ലാവരെയും വിഷുക്കണിയുടെ കാര്യം ഓര്‍മ്മിപ്പിക്കും. കണി കണ്ടശേഷം ഓരോരുത്തര്‍ക്കും മധുരം നല്‍കും. അമ്മ എനിക്കും അമ്മയുടെ ബന്ധുക്കള്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും കൈനീട്ടം തരും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. അമ്മ തന്നെയാണ് അതിനും നേതൃത്വം നല്‍കുക.''
പതിനാലാമത്തെ വയസില്‍ ക്രിഷ് ഇംണ്ടിലേക്ക് പോയതോടെയാണ് വിഷു ഇരുവര്‍ക്കും മിസായത്. എന്നാല്‍ കഴിഞ്ഞവര്‍ഷമാണ് അഭിനയിക്കാനായി ക്രിഷ് നാട്ടിലെത്തിയത്.

സിദ്ധീഖിന്റെ ലേഡീസ് ആന്റ് ജന്റില്‍മാനില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. പിന്നീട് 22ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും നായകനായി. ഇതോടെയാണ് അഭിനയത്തില്‍ സജീവമായത്. ചെന്നൈയില്‍ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ക്രിഷ് കഴിഞ്ഞവര്‍ഷം മുതല്‍ ഓണവും വിഷുവും പോലുള്ള ആഘോഷങ്ങള്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. അത് അടിച്ചുപൊളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇരുവരും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.