'കിന്നാരത്തുമ്പികളി'ല്‍ അഭിനയിച്ചിട്ടുണ്ടെന്നും അതു പറയാന്‍ തനിക്കു മടിയില്ലെന്നും നടന്‍ സലീംകുമാര്‍. അതൊരു നല്ല സിനിമയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ബിറ്റുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവന്നതാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലീംകുമാര്‍ വ്യക്തമാക്കി.
റോഷന്‍ എന്ന സുഹൃത്താണ് എന്നെ കിന്നാരത്തുമ്പികളിലേക്ക് വിളിച്ചത്.
''എടാ ഒരവാര്‍ഡ് പടമുണ്ട്. മൂന്നാറിലാണ് ഷൂട്ടിംഗ്.''
എന്നു പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. നല്ല സിനിമയായിരുന്നു സംവിധായകന്‍ ചിത്രീകരിച്ചത്. ഡബ്ബിംഗിന് പോയപ്പോഴാണ് സിനിമയുടെ സാമ്പത്തികപ്രശ്‌നം അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ചെറിയൊരു മാറ്റമുണ്ടായാലേ സിനിമ തിയറ്ററിലെത്തൂ എന്നവര്‍ പറഞ്ഞപ്പോള്‍ ഞാനൊരു നിര്‍ദ്ദേശം വച്ചു.
''ദയവുചെയ്ത് എന്റെ പടം പോസ്റ്ററില്‍ വയ്ക്കരുത്.''
അവര്‍ ആ മര്യാദ എന്നോടു കാണിച്ചു. സംവിധായകന്‍ പോലുമറിയാതെയാണ് അതിലെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഷക്കീലയ്‌ക്കൊപ്പം എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. റിലീസായപ്പോള്‍ ചിത്രം വന്‍ തരംഗമായി. മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
'തെങ്കാശിപ്പട്ടണ'ത്തിന്റെ ഷൂട്ടിംഗ് പഴനിയില്‍ നടക്കുന്ന സമയം. അതിരാവിലെ ഒരു ചായയ്ക്കുവേണ്ടി തട്ടുകട അന്വേഷിച്ചിറങ്ങിയതായിരുന്നു ഞാന്‍. തട്ടുകട കണ്ടെത്തി ചായ കുടിച്ചുകൊണ്ടിരിക്കെ രണ്ടുപേര്‍ എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്നു. അത് മൈന്‍ഡ് ചെയ്യാതെ മുറിയിലേക്കു വന്നു. പിന്നീടുള്ള രണ്ടു ദിവസവും ഇതുതന്നെ സംഭവിച്ചു. നാലാം ദിവസം ആളുകളുടെ എണ്ണം കൂടി. എനിക്ക് ചെറിയൊരു പേടി തോന്നി. കൂട്ടത്തിലൊരാള്‍ എന്റെ അടുത്തേക്കുവന്നു.
''നിങ്ങള്‍ നടനാണോ?''
അതെയെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്റെ ചുറ്റും കൂടി. കിന്നാരത്തുമ്പികളുടെ തമിഴ് പതിപ്പ് അവര്‍ കണ്ടിട്ടുണ്ടത്രേ. അന്നു മുതല്‍ ലൊക്കേഷനിലും എന്നെക്കാണാന്‍ ആരാധകര്‍ എത്തിത്തുടങ്ങി. മറ്റു താരങ്ങള്‍ക്കു കിട്ടാത്ത ബഹുമാനം കിന്നാരത്തുമ്പിയിലൂടെ എനിക്കു കിട്ടി. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതുവരെ ആരാധകവൃന്ദം ലൊക്കേഷനിലുണ്ടായിരുന്നു.
മൂന്നുവര്‍ഷം കൊണ്ട് അഭിനയം നിര്‍ത്തുമെന്ന് വെറുതെ പറഞ്ഞതല്ല. അത് സത്യമാണ്. രണ്ടു സിനിമയില്‍ അഭിയനയിക്കാന്‍ വന്നയാളാണ് ഞാന്‍. അഭിനയിച്ച് അഭിനയിച്ച് 260 സിനിമകളായി. അഭിനയം നിര്‍ത്തിയാലും ഞാന്‍ ഇവിടെത്തന്നെയുണ്ടാവും. ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. സിനിമ ഒരിക്കലും എന്നെ മടുപ്പിച്ചിട്ടില്ല. മോഹങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ല. ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടുമില്ല.
എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയത് പലരും ഇപ്പോഴൂം വിശ്വസിച്ചിട്ടില്ല. ചിലര്‍ക്കൊക്കെ അതില്‍ വിഷമമുണ്ട്. അവാര്‍ഡ് കിട്ടിയതോടെ ഒന്നും ചെയ്യാതെ എനിക്ക് ശത്രുക്കളുണ്ടായി. കഴിഞ്ഞ ഒന്നു രണ്ടുവര്‍ഷമായി സിനിമയില്‍ നിന്ന് പിറകോട്ടാണ്. അതിന് ഒരുപാടു കാരണങ്ങളുണ്ട്. മൂന്ന് തമിഴ്‌സിനിമകളിലും ഒരു ഒറിയ സിനിമയിലുമാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ അഭിനയിച്ചത്. അത് തീരാന്‍തന്നെ ഒന്നരവര്‍ഷമെടുത്തു. ന്യൂജനറേഷന്‍ സിനിമകളില്‍ എന്നെപ്പോലൊരു നടന് വേക്കന്‍സിയില്ലെന്നതാണ് മറ്റൊരു സത്യം. ചിലര്‍ വന്ന് കഥ പറയും. അതിലെ കഥാപാത്രങ്ങള്‍ പറയുന്ന കോമഡി കേട്ടാല്‍ കരഞ്ഞുപോകും. സീരിയസായി പറഞ്ഞാലോ ചിരിച്ചുപോകും. പ്രേക്ഷകരെ ദ്രോഹിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് അത്തരം വേഷങ്ങള്‍ക്ക് ഡേറ്റ് നല്‍കാത്തത്. അല്ലാതെ ദേശീയ അവാര്‍ഡ് എന്നെ മാറ്റിയതല്ല. മികച്ച ഹാസ്യനടന് അവാര്‍ഡ് നല്‍കുന്നതിനോട് ഇപ്പോഴും യോജിപ്പില്ല. എനിക്ക് ഹാസ്യനടന്റെ അവാര്‍ഡ് കിട്ടിയ അവസരത്തില്‍ത്തന്നെ ഇക്കാര്യം ഞാന്‍ മന്ത്രിയോട് പറഞ്ഞതാണ്.
വിക്രമും സല്‍മാന്‍ഖാനും തടി കുറച്ചാല്‍ അത് കഥാപാത്രത്തിന് വേണ്ടിയാണെന്ന് പറയും. ഞാന്‍ തടി കുറച്ചാലോ, അസുഖമാണെന്ന് പറഞ്ഞുനടക്കും. അതാണ് ചിലരുടെ രീതി. മനുഷ്യന്‍ അങ്ങനെയാണ്. പേടിത്തൊണ്ടനായ ജീവി. അടുത്തൊരു ജന്മമുണ്ടെങ്കില്‍ മനുഷ്യനായി ജനിപ്പിക്കരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥന.
Comments